വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കനത്തമഴ തുടരുന്നു; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ആണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.നാളെ എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം

ജയിൽചാടിയ ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ∙ ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി മണിക്കൂറുകൾക്കകം പിടിയിലെന്ന് സൂചന. കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്തുനിന്നാണ് പിടിയിലായതെന്നാണ് വിവരം. ഒറ്റക്കൈ കൊണ്ട് മതിൽചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ ടൗൺ‌ പൊലീസ് സ്റ്റേഷനിൽ ഉടനെ ഗോവിന്ദച്ചാമിയെ എത്തിക്കുംകണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ഇയാളുടെ വധശിക്ഷ നേരത്തെ  സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.  

കേരളം

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ

കണ്ണൂർ : കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്.പുലർച്ചെ 1.15 ന്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. ഈ സമയത്ത് പുറത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരുന്നു. ഇതിൻ്റെയെല്ലാം ദൃശ്യങ്ങൾ സിസിടിവിൽ ഉണ്ട്. എന്നാൽ ജയിലുദ്യോഗസ്ഥർ വിവരമറിഞ്ഞത് രാവിലെ അഞ്ച് മണിയോടെയാണ്. സെല്ലിനകത്ത് ഇയാളില്ലെന്ന് കണ്ട് ജയിൽ പരിസരത്ത് ഇയാളെ ഉദ്യോഗസ്ഥർ തിരഞ്ഞുനടന്നു. അപ്പോഴേക്കും കൊടുംകുറ്റവാളി ജയിലിന് പുറത്ത് കടന്ന് മണിക്കൂറുകൾ പിന്നിട്ടിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശേഷം ഏഴ് മണിയോടെയാണ് പ്രതി ജയിൽ ചാടിയെന്ന വിവരം ജയിലധികൃതർ പൊലീസിനെ അറിയിക്കുന്നത്. ഇതോടെയാണ് ജയിലിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്  

കേരളം

റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽ: ആറ് മാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്യും

ആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. സംസ്ഥാന സർക്കാരുകളാണ് ഈ കാർഡുകൾ മരവിപ്പിക്കേണ്ടത്.കാർഡ് മരവിപ്പിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ നേരിട്ടുള്ള പരിശോധന നടത്തി ഉടമകളുടെ ഇലക്ട്രോണിക്-കെവൈസി (തിരിച്ചറിയൽ) നടപടിക്രമങ്ങൾ പൂർത്തിയാക്കണം. തുടർന്ന് അർഹത ബോധ്യപ്പെട്ടാൽ റേഷൻ അനുവദിക്കും. ഈ പുതിയ നീക്കം കേരളത്തിലെ ഒട്ടേറെ റേഷൻ കാർഡ് ഉടമകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേരാണ് റേഷൻ വാങ്ങാത്തത്. കഴിഞ്ഞ മാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണ് റേഷൻ വാങ്ങിയത്. മൂന്ന് മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും, കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല. റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ-കെവൈസി) ഇനി അഞ്ച് വർഷത്തിലൊരിക്കൽ നടത്തണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമാണെങ്കിൽ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇവരുടെ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്ക് ഇനി മുതൽ പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല.  കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കിയിട്ടുണ്ട്. ഒരാൾ ഒന്നിലധികം സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കും. തുടർന്ന് അർഹത തെളിയിക്കാൻ മൂന്ന് മാസത്തിനുള്ളിൽ മസ്റ്ററിങ് നടത്തണം. പുതിയ അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സാഹചര്യം പരിഗണിച്ച് മുൻഗണന നൽകാം. വെയ്റ്റ് ലിസ്റ്റ് സംസ്ഥാന പോർട്ടലിൽ പ്രസിദ്ധീകരിക്കണം. അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാക്കണം.

കേരളം

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.ഗതാഗത വകുപ്പ് മന്ത്രിയുമായി സംയുക്ത സമിതി ഭാരവാഹികൾ നടത്തിയചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.ചർച്ചയിൽ വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവ് സംബന്ധിച്ച് ഈ മാസം 29ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്നും തീരുമാനമായി. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കേരളം

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം നാളെ അവധിയായിരിക്കും.

കേരളം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം.  വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു. ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

കേരളം

സംസ്ഥാന കര്‍ഷക അവാര്‍ഡ്: 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം ; കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന കര്‍ഷക അവാര്‍ഡിന് ജൂലൈ 23 വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ക്ക് പുറമെ പുതുതായി ആറ് വിഭാഗങ്ങളില്‍ കൂടി ഇത്തവണ പുരസ്‌കാരം നല്‍കും. ഭിന്നശേഷിക്കാരായ കര്‍ഷകര്‍, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കുന്ന കൃഷിഭവന്‍, മികച്ച പ്രവര്‍ത്തനം നടത്തിയ കൃഷി ജോയിന്റ് ഡയറക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി എഞ്ചിനീയര്‍ എന്നിങ്ങനെയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍. കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡിന് കര്‍ഷകര്‍ക്ക് അതത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം കൃഷിഭൂമിയുടെ രേഖകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും  www.keralaagriculture.gov.in ല്‍ ലഭിക്കും. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.