വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 6 മരണം, സ്ഥിരീകരിച്ച് മന്ത്രി

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍.  താനൂർ തൂവൽത്തീരത്താണ് അപകടം നടന്നത്. 7 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

കേരളം

അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമലയിൽ

അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ എത്തി. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ റേഡിയോ സിഗ്നലിൻ്റെ അടിസ്ഥാനത്തിൽ കേരള വനം വകുപ്പ് നൽകിയ നിർദ്ദേശ പ്രകാരം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ റെയിഞ്ചറുടെ നേതൃത്വത്തിൽ 20 അംഗ സംഘം മേഘമലയിൽ എത്തിയിട്ടുണ്ട്. എന്നാൽ മണലാർ റിസർവോയറിന് സമീപത്ത് എത്തിയിരുന്ന അരിക്കൊമ്പൻ സമീപത്തെ തോട്ട തൊഴിലാളികളുടെ വീട്ടിൽ നിന്ന് അരി എടുത്ത് കൊണ്ടുപോയിരുന്നു. കൊമ്പൻ ഇപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി എത്തി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ജനവാസമേഖലയിലേക്കിറങ്ങിയ അരികൊമ്പൻ വീട് തകർത്തുവെന്ന വാർത്ത വ്യാജമെന്ന് തെളിഞ്ഞു. വീട് തകർത്തതുമായി ബന്ധപ്പെട്ട വാർത്തകൾ ന്യൂസ് പേപ്പറുകളിലും മറ്റും വന്നെങ്കിലും അത് അരികൊമ്പൻ തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിതികരണം വന്നിട്ടില്ല അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

കേരളം

മേയ് 19 വരെ റോഡ് ക്യാമറ പകർത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴയില്ലെങ്കിലും ചലാൻ; സർക്കാർ ഉത്തരവിറക്കും

തിരുവനന്തപുരം_ : റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കും. ഏപ്രിൽ 20ന് 726 റോഡ് ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ വ്യക്തമാക്കുന്ന ചലാൻ മാത്രം അയയ്ക്കാനായിരുന്നു തീരുമാനം. പിഴ ഈടാക്കാതെ ചലാൻ മാത്രമായി അയയ്ക്കുന്നത് നിയമ പ്രശ്നത്തിന് ഇടയാക്കുമെന്നതിനാലാണ് സർക്കാർ ഉത്തരവിറക്കുന്നത് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കും. ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതു മാതൃകയിലാണു ചലാൻ അയയ്ക്കേണ്ടതെന്നു ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ നടപടികൾ ആരംഭിക്കുമെന്നും കെൽട്രോൺ അധികൃതർ  പറഞ്ഞു. ഒരു മാസം 25 ലക്ഷം ചലാനുകൾ അയയ്ക്കാൻ കഴിയും. ചലാൻ അയയ്ക്കുന്ന പ്രവർത്തനത്തിനായി കൺട്രോൾ റൂമുകളില്‍ 140 ജീവനക്കാരെ നിയോഗിക്കും. ഇതിനോടകം 70 ജീവനക്കാരെ നിയമിച്ചു_.  ക്യാമറകൾ നിയമലംഘനങ്ങളുടെ ഫോട്ടോ മാത്രം കേന്ദ്ര കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സെർവറിലേക്ക് അപ്‌ലോഡ് ചെയ്യും. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്ന് കെൽട്രോൺ അധികൃതർ പറ‍ഞ്ഞു_. നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ ചലാൻ അയയ്ക്കാനായി ഐടിഎംഎസ് സെർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിൽനിന്നു ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്കും ചലാൻ കോപ്പി എത്തും. പരമാവധി ആറു മണിക്കൂറിനകം ചലാൻ ജനറേറ്റ് ആകും. നിയമപ്രകാരം തപാൽ വഴിയാണ് ചലാൻ വാഹന ഉടമയ്ക്ക് അയക്കേണ്ടത്. ചലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്

കേരളം

സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക.  ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. കർണാടക തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റന്നാളോടെ മഴ കുറഞ്ഞേക്കും.

കേരളം

അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിൽ; പൂർണ ആരോഗ്യവാനെന്നും വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തി വനമേഖലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പന്‍ തിരികെ നടക്കുന്നതായാണ് സൂചന. പെരിയാര്‍ വന്യജീവി സങ്കേതത്തിന് അകത്തുതന്നെയാണ് അരിക്കൊമ്പനുള്ളതെന്ന് ഒടുവില്‍ ലഭിച്ച സിഗ്നലുകള്‍ സൂചിപ്പിക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും, മയക്കം വിട്ടുണര്‍ന്ന ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്നാല്‍ ജനവാസ മേഖലയാണ്. റേഡിയോ കോളര്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ ട്രാക്കിങ്ങ് നടത്തുന്നുണ്ട്. ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് തമിഴ്‌നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്‌നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തുരത്താന്‍ സാധ്യതയുണ്ട്.

കേരളം

മാമുക്കോയക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം നൽകിയില്ല’: സംവിധായകൻ വി.എം വിനു

മാമുക്കോയക്ക് മലയാള സിനിമ അർഹിക്കുന്ന അംഗീകാരം നൽകിയില്ലെന്ന വിമർശനവുമായി സംവിധായകൻ വി.എം വിനു. അദ്ദേഹത്തിന് അർഹിക്കുന്ന ആദരം മലയാള സിനിമ നൽകിയില്ലെന്നും വിനു കൂട്ടിച്ചേർത്തു. മാമുക്കോയ ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കേണ്ടതായിരുന്നു. പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നുവെന്നും വി.എം വിനു കൂട്ടിച്ചേർത്തു. ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആരാധകരും നാട്ടുകാരുമെല്ലാം ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെ ടൗണ്‍ഹാളില്‍  മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.

കേരളം

നടന്‍ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 24ന് രാത്രി ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കേരളം

പ്രധാനമന്ത്രി തലസ്ഥാനത്ത്; ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത്. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്.