വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മമ്മൂട്ടി തിരുനക്കര എത്തി, ഉമ്മന്‍ ചാണ്ടിക്കായി കാത്തിരിപ്പ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയും തിരുനക്കര എത്തിയിട്ടുണ്ട്. കൂടാതെ പ്രമുഖ നേതാക്കളും ഇവിടെയുണ്ട്.  തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കോട്ടയത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോ​ഗവും ചേരും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോ​ഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം. ചൊവ്വാഴ്ച പുലർച്ചെ 4.25നു ബം​ഗളൂരുവിലാണ് ഉമ്മൻ ചാണ്ടിയുടെ മരണം.

കേരളം

ഐ ലവ് യു ചാണ്ടി അപ്പച്ചാ’; സ്നേഹക്കുറിപ്പുമായി പെൺകുട്ടി

പുതുപ്പള്ളി: പ്രായഭേദമന്യേ ആൾക്കൂട്ടത്തെ നെഞ്ചിലേറ്റിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. അതിന്റെ നിരവധി ഉദാഹരണങ്ങളാണ് തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളി വരെയുള്ള ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് മുകളിൽ ചേർത്തുവച്ച ഒരു പോസ്റ്റർ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ‘ഐ ലവ് യു ചാണ്ടി അപ്പച്ചാ’ എന്നെഴുതിയ പോസ്റ്റർ ജൊഹാന ജസ്റ്റിൻ എന്ന വിദ്യാർത്ഥിനിയുടേതാണ്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവുമായുള്ള വാഹനം കടന്നുപോയപ്പോൾ വഴിയരികിൽ പോസ്റ്ററുമേന്തി നിൽക്കുകയായിരുന്നു പെൺകുട്ടി. മണിക്കൂറുകളോളമാണ് സ്വന്തം കൈപ്പടയിലെഴുതിയ പോസ്റ്റർ ഹൃദയത്തോട് ചേർത്ത്‌ അവൾ കാത്തുനിന്നത്. മകൻ ചാണ്ടി ഉമ്മൻ ആ പോസ്റ്റർ വാങ്ങി ശവമഞ്ചത്തിന് മുകളിൽ വയ്ക്കുകയായിരുന്നു. വിലാപയാത്ര അടൂരിലെത്തിയപ്പോഴായിരുന്നു ഈ കാഴ്ച.

കേരളം

മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥകൾ സുപ്രീം കോടതി ഇളവ് ചെയ്തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹർജിയിലെ വാദങ്ങൾ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദിച്ചു. കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ മഅദനിക്ക് അവശത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങിയത്. ജാമ്യവ്യവസ്ഥ കൃത്യമായി പാലിച്ചത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകിയത്.

കേരളം

പനി കേസുകള്‍ പതിമൂവായിരം കടന്നു; ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഡെങ്കിപ്പനി പ്രത്യേകം ശ്രദ്ധിക്കണം  മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ  സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേരളം

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തോട്ടയിലാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍ മരിച്ചു. 24 യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി ഇടിച്ചു ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്കുള്ള കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.

കേരളം

എ.​ഐ ക്യാമറ വന്നു; വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കുറഞ്ഞതായി റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ്‌ എ.​ഐ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പറഞ്ഞു. 2022 ജൂ​ണി​ൽ 3714 അ​പ​ക​ട​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​തെ​ങ്കി​ൽ എ.​ഐ കാ​മ​റ പ്ര​വ​ർ​ത്തി​ച്ചു​ തു​ട​ങ്ങി​യ 2023 ജൂ​ണി​ൽ 1278 ആ​യി കു​റ​ഞ്ഞു. അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ലും കു​റ​വു​ണ്ട്. 2022 ജൂ​ണി​ൽ 344 ആ​യി​രു​ന്ന​ത്​ ഈ ​ജൂ​ണി​ൽ 140 ആ​ണ്. പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ജൂ​ണി​ലെ 4172 നെ ​അ​പേ​ക്ഷി​ച്ച്​ ഈ ​ജൂ​ണി​ൽ 1468 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.വി​വി​ധ​യി​ട​ങ്ങ​ളി​ൽ റോ​ഡ്​ വീ​തി കൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ 16 സ്ഥ​ല​ങ്ങ​ളി​ലെ എ.​ഐ കാ​മ​റ മാ​റ്റേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​വ ജൂ​ലൈ 31നു​ള്ളി​ൽ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി സ്ഥാ​പി​ക്കും. എ.​ഐ കാ​മ​റ​ക​ൾ സം​ബ​ന്ധി​ച്ച സ​മ​ഗ്ര ക​രാ​റി​ന്‍റെ ജോ​ലി ജൂ​​ലൈ​യി​ൽ പൂ​ർ​ത്തി​യാ​കും. ജൂ​ലൈ 12ന്​ ​കെ​ൽ​ട്രോ​ൺ ക​ര​ട്​ ക​രാ​ർ ഗ​താ​ഗ​ത വ​കു​പ്പി​ന്​ കൈ​മാ​റും.

കേരളം

സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല. നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും. കേരള, കർണ്ണാടക , ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്കൻ തീരത്തിന്റെ തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ,  മധ്യ അതിനോട് ചേർന്ന തെക്കൻ അറബിക്കടൽ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കൂടാതെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്ക് പടിഞ്ഞാറ് അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾകടൽ, മാലദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45  – 55  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65  കിലോമീറ്റർ വേഗതയിൽ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ആൻഡമാൻ കടലിൽ മണിക്കൂറിൽ  40  മുതൽ 45  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

കേരളം

മഅദനിയുടെ ആരോഗ്യ നില: ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്‌ധ സംഘം

കൊച്ചി: പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.   പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടർച്ചയായി ഛർദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.