വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കളമശ്ശേരി ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം .

കൊച്ചി: കളമശ്ശേരി ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ആണ് തീരുമാനം എടുത്തത്. സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെയുള്ളവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കാനാണ് തീരുമാനം. ഒക്ടോബർ 29-ന് രാവിലെ ആയിരുന്നു കളമശേരിയെ ഞെട്ടിച്ച് സ്ഫോടനം. ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി. ഈ മാസം 29 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് മാർട്ടിൻ. താൻ സ്വന്തമായി കേസ് നടത്താമെന്നാണ് ഇയാൾ പറയുന്നത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ പ്രതി പ്രശംസിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ പത്ത് ദിവസമെടുത്താണ് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയത്. ഡൊമിനിക് മാര്‍ട്ടിന് എതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ഐഎ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേരളം

കളമശ്ശേരി ഭീകരാക്രമണം ഒരാൾകൂടി മരിച്ചു; മരിച്ചവരുടെ എണ്ണം ആറായി

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ മകൻ പ്രവീൺ പ്രദീപാണ്‌ (24) വ്യാഴാഴ്ച രാത്രി 10.40ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതര പൊള്ളലേറ്റ പ്രവീൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്‍റെ മാതാവ് റീന ജോസ്‌ (സാലി -45), സഹോദരി ലിബിന (12) എന്നിവർ മരിച്ചിരുന്നു. ലിബിന സംഭവദിവസവും റീന കഴിഞ്ഞ ശനിയാഴ്‌ചയുമാണ്‌ മരിച്ചത്‌. പ്രദീപിന്‍റെ മറ്റൊരു മകൻ രാഹുലിനും സ്‌ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. ഇയാൾ അപകടനില തരണം ചെയ്‌തിട്ടുണ്ട്​. 11 പേരാണ്​ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ആറുപേർ ഐ.സി.യുവിലും ബാക്കിയുള്ളവർ വാർഡുകളിലുമാണ്.

കേരളം

കളമശ്ശേരിയിൽ സ്‌ഫോടനം: പൊട്ടിത്തെറി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ; ഒരാൾ മരിച്ചു

കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മളനത്തിലാണ് സ്‌ഫോടനം നടന്നത്. 23 പേർക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.  പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ 9.45 ഓടെയായിരുന്നു കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. നിലവിൽ ഫയർ ഫോഴ്‌സും പോലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.  

കേരളം

നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് നേരെ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്

കോഴിക്കോട്: നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് നേരെ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന് തുടക്കമായി. ഇന്നലെ അപകടമുണ്ടായ ബസ്സിലെ ഡ്രൈവറെയും ബസ്സ് ഉടമയെയും പൊലിസ് അറസ്റ്റ് ചെയ്തു. ഡ്രൈവറിന്റെ അശ്രദ്ധ മൂലം ബസിടിച്ച് രണ്ട് പേർ മരിച്ച പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കിയത്. എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാർക്ക് ബോധവത്കരണവും നൽകുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന ബസുകൾക്കെതിരെ നടപടി ഉണ്ടാകും. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ കോഴിക്കോട് 4 പേരാണ് ബസിടിച്ച് മരിച്ചത്. ഇന്നലെ അപകടം നടന്ന വേങ്ങേരിയിൽ എൻഫോഴ്സ്മെന്റ് ആർഡിഒ പരിശോധന നടത്തി.

കേരളം

ജീവനെടുത്ത് എലിപ്പനിയും ഡെങ്കിപ്പനിയും; സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേർ

സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേർ. മരിച്ചവരിൽ 20 പേർക്ക് എലിപ്പനിയും 10 പേർക്ക് ഡെങ്കിപ്പനിയും ആയിരുന്നു. എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം രണ്ടുപേർ മരിച്ചു._ _8659 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ രോഗികൾ ഇന്നലെ മാത്രം 44 പേർക്ക് ഡെങ്കിപ്പനിയും 6 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കിപ്പനി ബാധിച്ചത് 708 പേർക്കാണ്. 150 പേർക്ക് എലിപ്പനിയും ബാധിച്ചു. എലിപ്പനിക്കെതിരെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിരുന്നു. പനി കേസുകള്‍ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവര്‍ത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണം. ഡെങ്കിപ്പനിയെക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ക്യാമ്പുകളില്‍ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്പറഞ്ഞു 

കേരളം

തുലാവർഷമെത്തി;‌ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്.  തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷം ആരംഭിക്കുന്നതോടെ പകൽ ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. താപനില 35 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നേക്കും. ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണതോതില്‍ സംസ്ഥാനത്ത് എത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ഇത്തവണ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കേരളം

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിച്ചുകൊണ്ട് പോലീസ് നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി തടയാനുള്ള കേരളാ പോലീസ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി അനുവദിക്കില്ലെന്ന് കാണിച്ച് കേരളത്തില്‍ വ്യാപകമായി പോലീസ് ആരാധനാലങ്ങള്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുന്നു. കേവലം മൂന്നു മിനിട്ടു മാത്രം ദൈര്‍ഘ്യമുള്ള ബാങ്ക് വിളിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പോലീസിന്റെ നിലപാട് അംഗീകരിക്കാവുന്നതല്ല. വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസവുമായി പുലര്‍ത്തിപ്പോരുന്ന ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എല്ലാ മതവിഭാഗങ്ങളുടെയും ഇത്തരം സ്വാതന്ത്ര്യങ്ങളെ പൊതുസമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാകാത്ത വിധത്തില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഉണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ സമീപനം സ്വീകരിക്കണം. ഇത്തരം പ്രകോപനപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അവസാനിപ്പിക്കണം. ഇത്തരത്തില്‍ പോലീസിന് അധികാരം നല്‍കുന്ന എന്തെങ്കിലും വകുപ്പുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പുനപ്പരിശോധിക്കണം. വിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത അസ്വസ്ഥതയും നിരാശയും പ്രതിഷേധവുമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി

കേരളം

ന്യൂനമർദ്ദം തീവ്രമായേക്കും; സംസ്ഥാനത്ത് മഴ കനക്കുന്നു, 13 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പ് 13 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങൾ 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമർദമായി മാറിയേക്കും. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.