പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തിൽ ഇടിവ്, നെഞ്ചിടിപ്പിലും വിജയപ്രതീക്ഷ കൈവിടാതെ മുന്നണികൾ
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇക്കുറി ആൻ്റോ ആൻ്റണിയോ തോമസ് ഐസക്കോ അനിൽ ആൻ്റണിയോ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പോളിങ് ശതമാനത്തിൽ 2019 നെ അപേക്ഷിച്ച് വൻ ഇടിവ് സംഭവിച്ചെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുന്നണികൾ. പത്തനംതിട്ടയിൽ പോളിങ് ശതമാനം 2019 ലെ 74.24 ൽ നിന്ന് 61.49 ലേക്കാണ് കൂപ്പ് കുത്തിയത്. ഇതോടെ മുന്നണികൾക്ക് നെഞ്ചിടിപ്പായി 2019 ൽ ശബരിമല വിഷയം കത്തി നിന്നപ്പോഴാണ് ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇക്കുറി ആ സാഹചര്യമല്ല മണ്ഡലത്തിൽ ഉണ്ടായിരുന്നത്. കിഫ്ബി , ക്ഷേമ പെൻഷൻ, കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വിലക്കയറ്റം, റബ്ബർ വിലയിടിവ് തുടങ്ങയവയെല്ലാം ചർച്ചയായി. പോളിങ് ശതമാനം 70 ന് മുകളിൽ എത്തുമെന്ന് തന്നെയായിരുന്നു മുന്നണികളുടെ പ്രതീക്ഷ. 65 ൽ താഴെ പോകുമെന്ന് മുന്നണികൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളിങ് ശതമാനം കുറഞ്ഞത് ദോഷകരമായി ബാധിക്കില്ല എന്ന വിലയിരുത്തലിലാണ് മുന്നണികൾ.