വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് – എ. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 591 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. തിങ്കളാഴ്ച മാത്രം 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . 70 പേര്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ആറുമാസത്തിനിടെ 1977 പേര്‍ക്ക് രോഗം കണ്ടെത്തി. 5536 പേര്‍ രോഗം സംശയിച്ച് ചികില്‍സ തേടി. 12 മരണം മഞ്ഞപ്പിത്തം കാരണമെന്ന് സ്ഥിരീകരിച്ചപ്പോള്‍ മറ്റ് 15 പേരുടെ മരണവും ഇതേ രോഗം കാരണമെന്നാണ് സംശയം.  രോഗബാധിതര്‍ കൂടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. മലിനമായ വെളളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് കരളിനെ ബാധിക്കുന്ന രോഗാണു പകരുന്നത്. കണ്ണിലെ മഞ്ഞ നിറം, ക്ഷീണം , പനി, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവ ലക്ഷണങ്ങളാണ്. തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക, തുറസായ സ്ഥലങ്ങളില്‍ വിസര്‍ജനം ഒഴിവാക്കുക, കിണര്‍വെളളം ക്ളോറിനേറ്റ് ചെയ്യുക,  കൈകളുടെ ശുചിത്വം ഉറപ്പാക്കുക, തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. 6 മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്താലും രോഗത്തെ പ്രതിരോധിക്കാം. അനുബന്ധ രോഗങ്ങള്‍ ഉളളവര്‍ക്ക് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും സ്വയം ചികില്‍സ പാടില്ലെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.   

കേരളം

കേരളത്തിൽ അടുത്ത 4 ദിനം മഴ ഉറപ്പ്! ഇന്ന് തലസ്ഥാനമടക്കം 3 ജില്ലയിൽ യെല്ലോ ജാഗ്രത; വിവിധ ജില്ലകളിൽ 18 വരെ യെല്ലോ

തിരുവനന്തപുരം : കൊടും ചൂടിൽ ആശ്വാസമായെത്തിയ വേനൽ മഴ സംസ്ഥാനത്ത് ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. ഇതിൽ തന്നെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഈ മാസം 18 -ാം തിയതി വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്ക് പിന്നാലെ കേരള തീരത്ത് 'കള്ളക്കടൽ' ഭീഷണിയും, 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരളം

ആശ്വാസമായി വേനൽ മഴ; വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി

സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചതോടെ ഈ മാസം ആദ്യമായി വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റാണ്. വൈദ്യുതി ആവശ്യകതയും 5000 MW ന് താഴെ എത്തി. ഇന്നലെ പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആണ് വേണ്ടി വന്നത്. കഴിഞ്ഞ മാസം ആദ്യയാഴ്ച തന്നെ വൈദ്യുതി ഉപയോഗം പത്തു കോടി യൂണിറ്റിലെത്തിയിരുന്നു. 11 കോടി യൂണിറ്റിന് മുകളിൽരേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു.

കേരളം

ഇനിയും കുറേ വിയര്‍ക്കും; ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂടു കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും. ചൂടേറിയ അന്തരീക്ഷ സ്ഥിതി അടുത്ത മൂന്ന് ദിവസവും തുടരും. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രി താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ബുധനാഴ്ചക്ക് ശേഷം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 10നു ഇടുക്കി ജില്ലയില്‍ മഴ മുന്നറിയിപ്പുണ്ട്.  മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, തൃശ്ശൂര്‍, കോട്ടയം ആലപ്പുഴ എന്നിവിടങ്ങളില്‍ ഉച്ചക്കു ശേഷം ചൂട് അത്യധികം കൂടുതലായിരുക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. * പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക * നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. * ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. * വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. * അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. * കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. * ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് ചൂടേല്‍ക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. * പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. * യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക. * നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. * ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക. * കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല. * ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. * അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കേരളം

വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു

അടൂർ: വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവർ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടിൽച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല.സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും മാറാതെ വന്നപ്പോൾ കുത്തിവയ്പും എടുത്തു. രണ്ടു ദിവസം മുൻപ് സബ്സെന്ററിൽ നിന്ന് കുത്തിവയ്പിന് ഇവരുടെ വീട്ടിലെത്തിയ ലൈവസ്റ്റോക്ക് ഇൻസ്പെക്ടറും സംഘം വീടിന് സമീപം അരളി കണ്ടിരുന്നു. വേറെ ഏതോ വീട്ടിൽ വെട്ടിക്കളഞ്ഞിരുന്ന അരളിച്ചെടിയുടെ ഇല ഇവർ പശുവിന് കൊടുത്തിരുന്നു. പങ്കജവല്ലിക്ക് മറ്റു രണ്ടു പശുക്കൾ കൂടിയുണ്ട്. ഇതിന് ഇല കൊടുക്കാതിരുന്നതിനാൽ കുഴപ്പമില്ല. വലിയ തോതിൽ അരളിച്ചെടി പശുവിൻ്റെ ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പശുക്കൾ ചാകാൻ കാരണം അരളി ഇലയിൽ നിന്നുള്ള വിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാല വെളിച്ചങ്ങളും പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുതെന്നും കെഎസ്ഇബി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറഞ്ഞു.പൊതുജനങ്ങളുടെ സഹായത്തോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. വീടുകളിലെ എസി 26 ഡിഗ്രിയായി ക്രമീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ പത്ത് മണിക്ക് ശേഷം വന്‍കിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാത്ത രീതിയില്‍ പമ്പിങ് ക്രമീകരിക്കാന്‍ വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബി നിര്‍ദേശം നല്‍കി. മാത്രമല്ല, ഫീല്‍ഡുകളിലെ സ്ഥിതിഗതികള്‍ അതാത് ചീഫ് എന്‍ജിനീയറുമാര്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുവഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയുമോ എന്ന് രണ്ട് ദിവസം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

കേരളം

കേരളം കൊടും വരൾച്ചയിലേക്കോ?; ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം

കേരളം പോകുന്നത് കൊടും വരൾച്ചയിലേക്ക് ആണെന്ന് സൂചനനൽകി ഇടുക്കി ഡാം വറ്റുന്നു. ഡാമില്‍ ശേഷിക്കുന്നത് 35 ശതമാനം വെള്ളം മാത്രം ആണ്. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത്തവണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വൈദ്യുതോത്പാദനം കുറച്ചിരുന്നു. എന്നിട്ടും ജലനിരപ്പ് 2337 അടിയായി കുറഞ്ഞു. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പു വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാതെ വരും. ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. നിലവില്‍ മൂലമറ്റത്തെ ആറു ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദനശേഷം 45.349 ഘനമീറ്റര്‍ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കേരളം

ചൂടിന് ആശ്വാസമായി മഴയെത്തും; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ സാധ്യത

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിളാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയ്യതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേസങ്ങളിൽ സാധ്യത നിൽനിൽക്കുന്നുണ്ട്. ഇടമിന്നൽ കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കുകയും വേണം. അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ മഞ്ഞ അലെർട്ട് നൽകിയിരിക്കുകയാണ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സമയങ്ങളിൽ ജനങ്ങൾക്ക് സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.