വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പൂഞ്ഞാറിൽ വൈദീകനെ വാഹനമിടിപ്പിച്ച സംഭവം :ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയാണ് വിമർശനം. ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാഗത്തിനെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിൽ നടന്നത് തെമ്മാടിത്തം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷെ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ പോലെയുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയും എടുക്കാം’- മുഖ്യമന്ത്രി പറഞ്ഞു. പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംഭവത്തിൽ 27 വിദ്യാര്‍ത്ഥികളെയാണ് പ്രതി ചേര്‍ത്തിരുന്നത്. ഇവരിൽ പത്ത് പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നില്ല. എല്ലാവര്‍ക്കും ജാമ്യവും ലഭിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈൻ മടവൂര്‍ മുഖാമുഖം പരിപാടിയിൽ ഉന്നയിച്ചത്. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേരളം

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാനാണ് സാധ്യത. അതുകൊണ്ട് പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ നിർദ്ദേശം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ അത്തരം ജോലികളിൽ നിന്ന് മാറി നിൽക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ് Posted on

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കേരളം

ജനങ്ങളുടെ ആ പ്രതീക്ഷയും മാഞ്ഞു സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടും; 13 സാധനങ്ങൾക്ക് വിലകൂട്ടാൻ മന്ത്രിസഭാ തീരുമാനം

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രിസഭാ തീരുമാനം. നിലവിൽ സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില കൂടും. വിപണി വിലയിൽ 35% സബ്‌സിഡി നൽകി വില പുതുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വില വർധനയ്ക്ക് അംഗീകാരം നൽകിയത്. വിപണിയിൽ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയിൽ വൻ വിലവർദ്ധനവാണ് ഉണ്ടാവുക. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവിൽ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയിൽ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.

കേരളം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്.കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

കേരളം

വാഹന രജിസ്ട്രേഷന് കേരളത്തിൽ നികുതി കൂടുതൽ, പുനഃപരിശോധിക്കും -മന്ത്രി .

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കോൺട്രാക്ട് കാര്യേജ് ബസുകൾക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ.50ൽ താഴെ ബസുകളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാഗാലാൻഡിൽ രജിസ്റ്റർ ചെയ്താൽ കുറഞ്ഞ നികുതിയേ ഉള്ളൂ. വലിയ നികുതി വരുമാനമാണ് കേരളത്തിന് ഇതുവഴി നഷ്ടപ്പെടുന്നത്. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം കുറവാണ്. ഇത്തരം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി വ്യാപിപ്പിക്കും. കെ.എസ്.ആർ.ടി.സിക്കുവേണ്ടി മാറ്റിവെച്ച റൂട്ടുകളിൽ ജനങ്ങളെ അനാഥരാക്കി വിടാനാകില്ല. - ഗണേഷ് കുമാർ പറഞ്ഞു.  

കേരളം

കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ; തുനിഞ്ഞിറങ്ങി മന്ത്രി ഗണേഷ്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടിക്ക്  മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശം. സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. നിയമനം ഇനി കൂടുതലും ഡ്രൈവർ കണ്ടക്ടർ തസ്തികകളിലായിരിക്കും. മിനിസ്റ്റീരിയൽ സ്റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നത്. ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നല്കാൻ ഉദ്യോഗസ്ഥർക്ക്  മന്ത്രി നിർദേശം നൽകി  ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വീട്ടിലും യോഗം ചേർന്നിരുന്നു.  കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെ ബി ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു.  തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.

കേരളം

നാടെങ്ങും പുതുവത്സരാഘോഷം., 2024നെ വരവേറ്റ് ലോകവും;കേരളവും

തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയായി ജനങ്ങള്‍ ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളായ ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.