പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം : പി സി ജോർജ്
കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചിലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചിലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സ്വർണ്ണ കള്ളക്കടത്ത് കേസിലും,വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിലും എൻഫോഴ്സ് ഡയറക്ടറേറ്റ്(ഇ.ഡി) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണ്ണകള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴ കേസിലും ശിവശങ്കർ ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തം വെളിവായിട്ടുള്ളത്. ആ മൊഴിയിൽ യു.എ.ഇ-യിൽ നിന്നുള്ള സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽ നയതന്ത്ര പാഴ്സൽ എന്ന നിലയിൽ എത്തിയ 30 കിലോഗ്രാം സ്വർണം ശിവശങ്കർ തന്നെ നേരിട്ട് ഇടപെട്ടാണ് കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 29 തവണ സ്വർണ്ണകള്ളക്കടത്ത് ഇടപാട് നടത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളത്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കാളിത്തം സ്വപ്ന ഉറപ്പിച്ചു പറയുന്നുണ്ട്. ശിവശങ്കർ അറസ്റ്റിലായതോടു കൂടി മുഖ്യമന്ത്രിയും ഇ.ഡി-യുടെ കസ്റ്റഡിയിൽ ആകാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. ഈ അപമാന ഭാരം കൂടി കേരള ജനതയ്ക്ക് നൽകാതെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.