വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.  

കേരളം

ലുലുവിന്‍റെ ക്രിസ്തുമസ് സമ്മാനം 6000 രൂപ; ലിങ്കിൽ കണ്ണുമടച്ച് ക്ലിക്ക് ചെയ്യുന്നവർ ശ്രദ്ധിക്കൂ, വൻ തട്ടിപ്പ്

കൊച്ചി : ലുലു ഗ്രൂപ്പ് ക്രിസ്തുമസ് സമ്മാനമായി ആറായിരം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്‍റെയും പിന്നാലെ പോകുന്നവര്‍ ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കേരള പൊലീസ് മുന്നറിപ്പ് നൽകി. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്​സ് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നും കൊച്ചി പൊലീസ് അറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. http://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.  

കേരളം

പാതയോരങ്ങളിലെ പരസ്യബോർഡ്‌ നീക്കാനുള്ള ; സമയപരിധി ഇന്ന്‌ അവസാനിക്കും

തിരുവനന്തപുരം:-സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്‌ നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കണമെന്ന്‌ തദ്ദേശ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും കൈവരികളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതു പ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റു സ്ഥാപനങ്ങളുടെയോ ബോർഡുകളും അരുത്‌. നിലവിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ സർക്കുലറിൽ നിർദേശിച്ചിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം സെക്രട്ടറിമാരിൽ നിന്നും ഒന്നിന് 5000- രൂപ നിരക്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ ഉണ്ട്‌.  

കേരളം

സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.  കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നത്.  പനയം പാടത്ത് വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

കേരളം

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ട്.   സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു.

കേരളം

എംവിഡിയും പൊലീസും ഒരുമിച്ചിറങ്ങുന്നു, നാല് കാര്യങ്ങള്‍ തെറ്റിച്ചാല്‍ പിഴയും കര്‍ശന നടപടിയും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും. അപകട സ്‌പോട്ടുകളില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. പല സ്ഥലത്തും റോഡുകള്‍ക്ക് വീതി കുറവുണ്ട്. റോഡുകളിലെ നിരീക്ഷണ ക്യാമറകള്‍ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തില്‍ ശരിയാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകട മേഖലയില്‍ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കും. ബോധവല്‍ക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകള്‍ സ്ഥാപിക്കാത്ത റോഡുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നത്. വാഹനാപകടങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച്‌ ഇന്ന് ചേരുന്ന ട്രാഫിക്ക്, പൊലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അതിവേഗത്തില്‍ പഠിച്ച്‌ നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളില്‍ പൊലീസ് സഹായത്തോടെ പരിശോധന നടത്തും.  

കേരളം

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല.  

കേരളം

പത്തനംതിട്ട കോന്നിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ അടക്കം നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോന്നി മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോന്നി മുറിഞ്ഞകല്‍ പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. അടുത്തിടെ വിവാഹിതരായ നിഖിലും അനുവും മലേഷ്യയില്‍ ടൂര്‍ പോയിരുന്നു. തിരികെയെത്തിയ ഇവരെ സ്വീകരിക്കാനാണ് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജുവും പോയത്. തുടര്‍ന്ന് നാലുപേരും കൂടി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. പൊളിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ ബസിലുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. ഇരുവരുടെയും വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നതായും അപകടം വേദനാജനകമാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ആശുപത്രിയിലുമാണ് ഉള്ളത്. മരിച്ച നിഖില്‍ കാനഡയിലാണ് ജോലി ചെയ്തിരുന്നത്.