കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി: നാല് വിദേശികൾ ഗുജറാത്തിൽ പിടിയിൽ
കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു വിദേശികള്‍ പിടിയില്‍. ഇറ്റാലിയന്‍ പൗരന്മാരായ നാലു പേരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.റെയില്‍വേ ഗൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി കണ്ടത്. ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മെട്രോ സ്റ്റേഷനിലും മെട്രോ കോച്ചിലും ചിത്രം വരച്ച് വികൃതമാക്കിയതിനാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡും പൊലീസും ചേര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടു മുൻപാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. സ്റ്റേഷനില്‍ അതിക്രമിച്ചു കടന്നു മെട്രോ റെയില്‍ കോച്ചില്‍ ‘ടാസ്’ എന്നു സ്പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലും മുംബൈയിലും ജയ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പൊലീസ് സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. കൊച്ചി മെട്രോയിലെ 4 കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നീ വാക്കുകളാണ് പെയിന്റ് ചെയ്തത്. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫിറ്റി ചെയ്തത്.