വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പതിനാറുകാരിക്ക് ക്രൂരപീഡനം; നാല് യുപി സ്വദേശികൾ പിടിയിൽ, വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേര്‍ പിടിയിലായി. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടി വാരണാസിയിൽ നിന്നാണ് ട്രെയിനില്‍ കയറിയത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു.

കേരളം

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതി​രെ ​പൊലീസ് ​കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സ​ന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ 6.30 ഓടെ സംഘടിക്കണം എന്നായിരുന്നു ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്. പാനൂരിലും പരിസരത്തുമുള്ള ദേശീയതയെ പുൽകുന്ന എല്ലാവരും ടൗണിൽ എത്തണമെന്നും ഇത് അഭിമാനപ്രശ്നമാണ് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

കേരളം

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം; നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ്  എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം, പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദേഹത്തിൻ്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെൻ്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻ രക്ഷാ സംവിധാനം  തുടർന്നും ആവശ്യമാണെന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ  സർട്ടിഫിക്കറ്റിൻമേൽ ഇളവ് തുടരാവുന്നതാണ്.

കേരളം

ശിശുമരണനിരക്ക്‌ കുറവ് കേരളത്തിൽ ; നവജാത ശിശുമരണനിരക്ക്‌ ആയിരത്തിന്‌ 
 നാല്‌ മാത്രം

ന്യൂഡൽഹി നവജാത ശിശുക്കളുടെയും അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെയും മരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ കുതിപ്പുമായി കേരളം. രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ പുറത്തിറക്കിയ 2020ലെ റിപ്പോർട്ടുപ്രകാരം നവജാതശിശുക്കളിലെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ നാല്‌ മാത്രമായി കുറഞ്ഞു. 2019ലെ റിപ്പോർട്ടിൽ ഇത്‌ ആയിരത്തിന്‌ ആറ്‌ ആയിരുന്നു. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ എട്ടാണ്‌. 2019ൽ ഇത്‌  ആയിരത്തിന്‌ ഒമ്പത്‌ ആയിരുന്നു. രണ്ട് വിഭാ​ഗത്തിലും മരണനിരക്ക് നിയന്ത്രിക്കുന്നതില്‍ കേരളമാണ് രാജ്യത്ത് ഇപ്പോള്‍ മുന്നില്‍. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030നകം നവജാത ശിശുമരണനിരക്ക്‌ ആയിരത്തിന്‌ പന്ത്രണ്ടിൽ താഴെയായി കുറയ്‌ക്കണമെന്ന്‌ വിഭാവനം ചെയ്‌തിരുന്നു. കേരളത്തിനു പുറമെ ഡൽഹി (ഒമ്പത്‌), തമിഴ്‌നാട്‌ (ഒമ്പത്‌), മഹാരാഷ്‌ട്ര (11), ജമ്മു- കശ്‌മീർ (12), പഞ്ചാബ്‌ (12) എന്നിവയാണ്‌ ഈ ലക്ഷ്യം കൈവരിച്ചത്‌. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ ആയിരത്തിന്‌ 25 ആയി കുറയ്‌ക്കണമെന്നാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കേരളത്തിനു പിന്നാലെ തമിഴ്‌നാട്‌ (13), ഡൽഹി (14), ജമ്മു -കശ്‌മീർ (17), മഹാരാഷ്‌ട്ര (18), കർണാടകം (21), പഞ്ചാബ്‌ (22), ബംഗാൾ (22), തെലങ്കാന (23), ഗുജറാത്ത്‌ (24), ഹിമാചൽപ്രദേശ്‌ (24) എന്നിവ ഈ ലക്ഷ്യത്തിലെത്തി.  ഇവയുടെ അഖിലേന്ത്യ ശരാശരി 20ഉം 32ഉം ആണ്.

കേരളം

ഇന്നലെ നടത്തിയ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾ വ്യക്തം; വൈറൽ കുറിപ്പുമായി നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എൻ.ഐ.എയും ഇ.ഡിയും സംയുക്തമായി നടത്തിയ വ്യാപക റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ ഹർത്താലിൽ പരക്കെ അക്രമം ആയിരുന്നു. ആംബുലൻസിന് നേരെ വരെ ഉണ്ടായ അക്രമത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെയാണ് ജനവികാരം. ഇന്നലത്തെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾ വ്യക്തമാവുകയാണെന്ന് നടൻ കൃഷ്ണ കുമാർ. കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: PFIക്ക് നന്ദി അറിയിക്കുന്നു. ഇന്നത്തെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ സിപിഎം/എൽഡിഎഫ് സർക്കാരുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾ തന്നെ പരസ്യപെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്‌മയും തയ്യാറെടുപ്പില്ലായ്മയും നിങ്ങൾ തുറന്നുകാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായിലുള്ള ഞങ്ങളുടെ വിശ്വാസം നിങ്ങൾ ഒന്നുകൂടി ദൃഢമാക്കി. ഇനി അറിയാനുള്ളതു… ഉത്തർപ്രദേശിൽ യോഗി സർക്കാർ ചെയ്യുന്നതുപോലെ ആക്രമികളെ പിടികൂടി, അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി, പൊതുമുതലിനുണ്ടായ നഷ്ടം നികത്തുവാനുള്ള ധൈര്യം, മുഖ്യമന്ത്രിക്കുണ്ടോ.? https://www.facebook.com/actorkkofficial/posts/645172796957412

കേരളം

ഇടുക്കിയിൽ പൊലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ : ഇടുക്കി അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജീവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 

കേരളം

പോപുലർ ഫ്രണ്ട് ഓഫിസുകളിലും വീടുകളിലും എൻ.ഐ.എ, യുടെ റെയ്ഡ്: നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇഡിയും സംയുക്തമായി റെയ്ഡ് നടത്തുന്നു. ഇന്ന് പുലർച്ചെ നാലുമണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരത്തെയും തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുനന്തപുരം, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി. അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

കേരളം

ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെക്കൽ: പരിശോധന കർശനമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.  ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ നിരവധി പേർ റേഷൻ കാർഡുകൾ തിരികെ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേർ അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തൽ.  ഇവരെ കണ്ടെത്തുന്നതിനാണ് നേരിട്ട് വീടുകളിൽ പരിശോധന നടത്താൻ തീരുമാനം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് പരിശോധന. വീടിന്റെ വിസ്തീർണ്ണം, നാല് ചക്ര വാഹനമുണ്ടോ, വീട് വാടകയ്ക്ക് നൽകിയിട്ടുള്ളവരാണോ തുടങ്ങഇയവയാണ് പരിശോധിക്കുന്നത്. സാമ്പത്തിക സ്ഥിതിയിൽ മുന്നിട്ട് നിൽക്കുന്നവരാണെന്ന് കണ്ടെത്തിയാൽ കാർഡുകൾ പിടിച്ചെടുക്കും. പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോലി സംവരണം ഉൾപ്പെടെയുള്ളവയ്ക്കായി ബി.പി.എൽ കാർഡുകൾ അനർഹർ ഉപയോഗിക്കുന്നുവെന്നും സർക്കാർ കണ്ടെത്തി. കാർഡുകൾ പിടിച്ചെടുത്തശേഷം പൊതുവിഭാഗത്തിലേക്ക് മാറ്റാനാണ് തീരുമാനം. പിടിച്ചെടുത്ത കാർഡുകൾ അർഹരായവർക്ക് വിതരണം ചെയ്യും. ബി.പി.എൽ കാർഡുകൾക്കായി ഓൺലൈനായി പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.