വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകുന്നേരം 6 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്.  സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈസാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഗവർണർക്കെതിരെ നേരത്തെയും രൂക്ഷഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.

കേരളം

നിർമ്മാണസാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചു

കോഴിക്കോട്‌: ഒരു കാരണവുമില്ലാതെ സിമന്റിന് വില വർദ്ധിപ്പിച്ച കമ്പനികളുടെ തേപ്പിൽ വീടുപണിയടക്കം പാതിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതൽ 90 രൂപ വരെയാണ്  വർദ്ധിച്ചത്. മുൻനിര ബ്രാൻഡുകളുടെ വിലയിലാണ് കാര്യമായ മാറ്റം. എ ഗ്രേഡ് സിമന്റിന് ചാക്കിന് 480 മുതൽ 510 രൂപ വരെയാണ് വില. രണ്ടാഴ്ച മുമ്പ് വരെ 370 - 400 രൂപയ്ക്കുള്ളിൽ ലഭിച്ച സിമന്റിനാണ് ഇങ്ങനെ വില കൂടിയത്. ബി ഗ്രേഡ് സിമന്റുകൾക്കും വൈകാതെ വില ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് ലോക്ക്ഡൗണിന് ശേഷം നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നിരുന്നെങ്കിലും പിന്നീട് പടിപടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ വിവിധ നിർമ്മാണ സാമഗ്രികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. മഴ വിട്ടുനിന്നതോടെ നിർമ്മാണ പ്രവൃത്തികൾ കൂടുതലായി തുടങ്ങുന്ന സമയത്തെ വില വർദ്ധനവ് നിർമ്മാണ മേഖലയ്ക്ക് ഇടിത്തീയായിട്ടുണ്ട്. ഒരുമാസത്തിനിടെ നിർമ്മാണ സാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിച്ചു. ഒരു ചതുരശ്ര അടിക്ക് 30 മുതൽ 50 രൂപ വരെ കൂടിയതിനാൽ അധികച്ചെലവ് ഉടമകൾ വഹിക്കണമെന്ന നിലപാടിലാണ് കരാറുകാർ. ടി.എം.ടി കമ്പികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. നേരത്തെ കിലോയ്ക്ക് 65 - 70 രൂപ നിരക്കായിരുന്നെങ്കിൽ ഇപ്പോൾ 72 മുതൽ 80 രൂപ വരെയായി. മുൻനിര ബ്രാൻഡഡ് കമ്പികൾക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. ഇൻഡസ്ട്രിയൽ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന കമ്പികളുടെ വില വീണ്ടും വർദ്ധിക്കുന്നുണ്ട്. 115 രൂപ വരെ എത്തിയിരുന്ന വില താഴ്ന്ന് 95ൽ എത്തിയിരുന്നു. ഇതാണ് വീണ്ടും ഉയരുന്നത്. ചെങ്കല്ലിന് 48 മുതൽ 55 രൂപ വരെ നൽകണം. 45 രൂപയ്ക്ക് ഫസ്റ്റ് ക്വാളിറ്റി ചെങ്കല്ല് കിട്ടിയിരുന്ന സ്ഥാനത്താണിത്.

കേരളം

പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

അടൂര്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫുള്‍ ലോഡ് പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഒമിനി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

കേരളം

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് നിലവിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബർ 22 (ശനിയാഴ്ച) വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.  തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

കേരളം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിലും വ്യാഴം 8 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും.വ്യാഴാഴ്ച്ചയോടെ വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നു. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

കേരളം

ലൈഫ് 2020: വീട് നിര്‍മ്മാണത്തിന് തുടക്കമാകുന്നു

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുൻഗണന നല്‍കിയാകും പ്രക്രീയ ആരംഭിക്കുക. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക ർഗസങ്കേതങ്ങളിൽ വീടുവെക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക്‌‌ ആറ് ലക്ഷം രൂപയാണ്‌ ധനസഹായം. മറ്റുള്ളവർക്ക്‌ നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കാൻ സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ എന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിര്‍ണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്‍റെ ഒന്നാംഘട്ടത്തില്‍ പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360ആണ്. സി ആര്‍ ഇ‍സെഡ്, വെറ്റ്ലാൻഡ് പ്രശ്നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെ നിലവില്‍ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ ഭൂമി സംഭാവന ചെയ്യാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ലൈഫ് സിഇഒ പി ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളം

കനത്ത മഴയക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കി. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ- കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ഒക്ടോബർ ഇരുപതോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ എത്തിചേർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കേരളം

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ