വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഇ​രി​ട്ടിയിൽ പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു

ഇ​രി​ട്ടി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. അ​ങ്ങാ​ടി​ക്ക​ട​വി​ലെ ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ തോ​മ​സ് -ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ (15) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ണ്ടൂ​ർ പു​ഴ​യി​ലെ ക​ഞ്ഞി​പ്പാ​റ ക​ട​വി​ൽ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​ത്തി​നു താ​ഴെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജ​സ്റ്റി​ൻ. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ത്ത് പാ​റ​യി​ൽ പാ​യ​ൽ നി​റ​ഞ്ഞു​ണ്ടാ​യ വ​ഴു​ക്ക​ലി​ൽ കാ​ൽ തെ​ന്നി ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് നി​ഗമനം. ജ​സ്റ്റി​നും മ​റ്റൊ​രു വി​ദ്യാ​ർ​ത്ഥി​യു​മാ​ണ് പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ശേ​ഷം ജ​സ്റ്റി​നെ കാ​ണാ​താ​യ​തോ​ടെ ഒ​പ്പ​മു​ള്ള​വ​ർ ഇ​തി​ന് സ​മീ​പ​ത്തു​ള്ള ഡോ​ൺ​ബോ​സ്കോ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണ സൈ​റ്റി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ൻ​ജി​നി​യ​ർ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി വി. ​മ​നോ​ജും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​നോ​ജ് ജ​സ്റ്റി​നെ ക​ര​യ്ക്കെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ്. ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ജെ​സി​ലി​ൻ, ആ​ൽ​ഫി​ൻ, അ​ബി​ൻ, എ​ഡ്വി​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.  

കേരളം

കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന നടത്തിയ സംഭവം; സ്ഥാപനത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ. സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനാഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഗി രീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  

കേരളം

ഓണനാളുകളിലെ പൂജ; ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. ഓണനാളുകളിലെ പൂജകൾക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു ദീപങ്ങൾ തെളിച്ചു. പുതിയ ക്ഷേത്ര കീഴ്ശാന്തി വി.എൻ.ശ്രീകാന്ത് നമ്പൂതിരിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കുകയും തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യുകയും ചെയ്തു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ പ്രാസാദ ശുദ്ധിയും പുണ്യാഹവും നടന്നു. ക്ഷേത്ര ശ്രീകോവിലിൽ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപണി നടന്നതിനെ തുടർന്നായിരുന്നു ശുദ്ധിപൂജ. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു. ഉത്രാടദിനമായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് അഭിഷേകം നടക്കും. നാളെ മുതൽ തിങ്കളാഴ്ച വരെ വരെ ക്ഷേത്രനട തുറന്നിരിക്കും.ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.ഉത്രാടദിന സദ്യയുടെ ഭാഗമായുള്ള കറിക്ക് വെട്ടൽ ചടങ്ങും നടന്നു. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.

കേരളം

മയക്കുമരുന്ന് ഉപയോഗം ; നിലമ്പൂരിൽ ആറുപേർ പിടിയിൽ

നിലമ്പൂർ: വിദ‍്യാർഥികൾ ഉൾപ്പെടെയുള്ളവരിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ച സഹചര‍്യത്തിൽ കർശന അന്വേഷണവും പരിശോധനയുമായി നിലമ്പൂർ പൊലീസ്. വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേരെ തിങ്കളാഴ്ച പിടികൂടി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ സഫ്വാൻ (21), നടുവത്ത് സ്വദേശി ചേലക്കാട് നന്ദു കൃഷ്ണ (20), ചന്തക്കുന്ന് സ്വദേശി കോഴിപ്പിള്ളി അർജുനൻ (60), പുള്ളിപ്പാടം സ്വദേശി മോയിക്കൽ ബുനിയാസ് ബാബു (46) എന്നിവരെയാണ് പിടികൂടിയത്.  

കേരളം

സംസ്ഥാനത്ത് നാളെ മഴ കനക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ്, 14 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലെയും ഐ ആർ എസ്  ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം

പേവിഷബാധയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവം; ധാർമിക ഉത്തരവാദിത്തം മന്ത്രി വീണ ജോർജിനെന്ന് ചെന്നിത്തല

തിരുവനന്തപുരം: പട്ടികടിയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പുമന്ത്രിക്കാണ് ധാർമിക ഉത്തരവാദിത്തമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷ വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി എടുക്കണം. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാത്തത് വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണ്. സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.

കേരളം

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി; വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റിൽ. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുൾ ഷുക്കൂർ (32)നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ ഷുക്കൂറിൽ നിന്ന് വ്യാജ പാസ്പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച 4 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവർ പോകാൻ ശ്രമിച്ചത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാന ഏജന്‍റായ അബ്ദുൾ ഷുക്കൂർ മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്പോർട്ട് ഉൾപടെയുള്ള രേഖകൾ തയാറാക്കി നൽകി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാൾ ചെയ്യുന്നത്. ഡിവൈഎസ്പി വി.രാജീവ്, എസ്ഐ ടി.എം.സൂഫി, എഎസ്ഐ സി.ഡി.സാബു, എസ്‌സിപിഒ ലിജോ ജേക്കബ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേരളം

സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.