എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്: എ.എൻ. ഷംസീർ സ്പീക്കറാകും
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി. സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ്, അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എം.എൽ.എയായ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. തദ്ദേശം, എക്സൈസ് എന്നീ വകുപ്പുകളാണ് എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്. അതേസമയം, എം.ബി. രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എം.വി. ഗോവിന്ദന് പകരമെത്തുന്നയാൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകണമെന്നും എം.ബി.രാജേഷിന് അതിനു കഴിയുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പകരമാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.