വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മുസ്‌ലിം ലീഗ് ഓഫീസുകള്‍ സൗജന്യ സേവനകേന്ദ്രങ്ങളാവുന്നു; ജനസഹായി കേന്ദ്രം പദ്ധതി ഉദ്ഘാടനം നാളെ

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തിലുള്ള മുസ്‌ലിം ലീഗ് പാര്‍ട്ടി ഓഫീസുകളെ സൗജന്യ സേവന കേന്ദ്രങ്ങളാക്കി പൊതുജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ‘ജനസഹായി കേന്ദ്രം’ ജനകീയ പദ്ധതി ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 

കേരളം

തൊടുപുഴയില്‍ അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; അമ്മയെ മാപ്പുസാക്ഷിയാക്കി കോടതി

ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പൊലീസ് പ്രതി ചേ‍ര്‍ത്ത കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു.  അതേ സമയം, പ്രമാദമായ കേസില്‍ വാദം നാളെയും തുടരും. നാളെ പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. ഇതിനിടെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ  സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു. തുടര്‍ന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുണ്‍ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര സെന്ട്രല്‍ ജെയിലില്‍ കഴിയുന്ന അരുണ്‍ ഓണ്‍ലൈനായാണ് കേസ് കേട്ടത്. നാളെയും അരുണ്‍ ഓണ്‍ലൈനില്‍ ഹാജരാകാനാണ് സാധ്യത.  പ്രതിഭാഗം കേട്ട ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.  2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ്  എട്ടുവയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്.  കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി  മരണത്തിന് കീഴടങ്ങിയത്. കേസില്‍  2019 മാർച്ച് 30ന് അരുണ്‍ ആനന്ദ് പിടിയിലായി.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുമ്പും കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. 

കേരളം

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയും; വിവിധ സമിതികൾ‍ രൂപീകരിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിലടക്കം ഉള്ള ലഹരി വസ്തുക്കളുടെ ഉപയോ​ഗം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും വിവിധ സമിതികൾ രൂപീകരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സെപ്തംബർ 22ന് സംസ്ഥാനസമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.  മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവർഗ്ഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. ഒക്ടോബർ 2 നാണ് ക്യാമ്പയിൻ ആരംഭിക്കുക. നവംബർ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും. ആൾക്കൂട്ടം ഉണ്ടാകുന്ന ബസ്സ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ കളക്ടർ കൺവീനറുമായി ജില്ലാതലസമിതി രൂപീകരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സെപ്തംബർ 21ന് സമിതി യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി രൂപീകരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനമേധാവികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയിൽ ഉണ്ടാകും. വാർഡുതല സമിതിയിൽ വാർഡ് അംഗം അദ്ധ്യക്ഷനാകും. കൺവീനറായി സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അദ്ധ്യാപകനോ വേണം. സ്‌കൂൾതലത്തിൽ അദ്ധ്യാപക – രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ സെപ്തംബർ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേരളം

ക്യാൻസർ ഉള്‍പ്പെടെയുള്ള ആവശ്യമരുന്നുകളുടെ വില കുറയും; പട്ടിക പുതുക്കി

തിരുവനന്തപുരം: അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാന്‍സറിനെതിരായ മരുന്നുകള്‍ ഉള്‍പ്പടെ 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയപ്പോള്‍ 26 മരുന്നുകളെ ഒഴിവാക്കി. ഇതോടെ അവശ്യമരുന്നുകളുടെ വിലകുറയും. പ്രോസ്റ്റേറ്റ് കാന്‍സര്‍, രക്താര്‍ബുദം, പാന്‍ക്രിയാസ് കാന്‍സര്‍, എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാല് മരുന്നുകളാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയുടെ വില കുറയും. പുതുക്കിയ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു. പരിഷ്‌ക്കരിച്ച അവശ്യ മരുന്നുകളുടെ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയത്. പുതിയതായി 34 മരുന്നുകള്‍ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ 26 എണ്ണം പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ക്ഷയ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടി പേറ്റന്റ് ലഭിച്ച മരുന്നുകളും പ്രമേഹത്തിനുള്ള മരുന്നുകളും പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില നിയന്ത്രിക്കപ്പെടുന്നതിനൊപ്പം ഗുണനിലവാരവും ഉറപ്പാക്കപ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. 2015 ലാണ് അവസാനമായി അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഐസിഎംആറും അവശ്യ മരുന്നുകളുടെ കമ്മിറ്റിയും ചേര്‍ന്നാണ് പുതിയ പട്ടിക പരിഷ്‌കരിച്ച് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.

കേരളം

മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് വീണാ ജോർജ് കൈത്താങ്ങായത്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിയ്ക്കും പ്രതിമാസം 2000 രൂപ വീതം നൽകാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അമ്മയുടെ മാതാപിതാക്കൾ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. തുടർന്നാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് അനാഥരായത്. 14 വർഷം മുമ്പാണ് മാതാപിതാക്കളായ ഇവർ തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് കുട്ടികൾ അനാഥമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്. മന്ത്രി വീണാ ജോർജ് കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.

കേരളം

ആത്മഹത്യ തുരുത്തായി കേരളം,സംസ്ഥാനം ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത്

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 21.3 ശതമാനമാണ് വര്‍ധനവ്.രാജ്യത്ത് ആത്മഹത്യ നിരക്കില്‍ മൂന്നാം സ്ഥാനത്താണ് കേരളം.ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരാണ് . കേരളത്തിലെ 5 വര്‍ഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച്‌ ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017 - 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കില്‍ 2018ല്‍ അത് 8237 ,2019 ല്‍ ഇത് 8556 ,2020 - 8500 ,2021 ല്‍ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്.

കേരളം

പൗരത്വ സമരം:സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ്

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി വിവിധ കേസുകളില്‍ നിയമനടപടി തുടര്‍ന്ന് പോലിസ്. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിയും സമസ്ത നേതാവുമായ നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ളവര്‍ക്കാണ് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമണ്‍സ് നല്‍കിയിരിക്കുന്നത്. തനിക്ക് ഒരു പങ്കുമില്ലാത്ത കേസിലാണ് ഇപ്പോള്‍ സമന്‍സ് ലഭിച്ചതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സമന്‍സിന്റെ ചിത്രം പങ്കുവച്ച് നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിന്‍വലിച്ചു എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു.എന്നാല്‍ സമരയുമായി ബന്ധമുള്ളവര്‍ക്കും ബന്ധമില്ലാത്തവര്‍ക്കു പോലും ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും പിന്നെ ഏത് കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പൗരത്വ സമരം:കേസുകള്‍ ഇനിയും പിന്‍വലിക്കാതെ ! പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരളത്തില്‍ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിന്‍വലിച്ചു എന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നു.എന്നാല്‍ സമരയുമായി ബന്ധമുള്ളവര്‍ക്കും ബന്ധമില്ലാത്തവര്‍ക്കു പോലും ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ട് . എനിക്ക് ഒരു പങ്കുമില്ലാത്ത ഒരു സമരത്തിന്റെ പേരിലാണ് നടക്കാവ് പോലീസ് എടുത്ത കേസില്‍ നാളെ (സെപ്തം: 12 ന്) കോഴിക്കോട് നാലാം കോടതിയില്‍ ഹാജറാകണമെന്ന് ആവശ്യപ്പെട്ട് കോടതി എനിക്ക് സമന്‍സ് അയച്ചത്. ഇതേ കേസ് മറ്റു നാല്പതോളം ആളുകള്‍ക്കും ഉണ്ടത്രെ.

കേരളം

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ തലശ്ശേരിമണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എ.യായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് എല്‍എല്‍.ബി.യും എല്‍എല്‍.എമ്മും പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടര്‍ന്ന് 94 ദിവസം റിമാന്‍ഡിലായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ക്കിങ് ചെയര്‍മാനാണ്. കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.