വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൊതു സമൂഹം സ്ത്രീകളോടുള്ള ബാദ്ധ്യതകൾ വിസ്മരിക്കുന്നു -വിസ്ഡം ഫാമിലി കോൺഫറൻസ്

  ഈരാറ്റുപേട്ട: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യ മായും നിർവ്വഹിക്കേണ്ട ബാദ്ധ്യതകൾ പൊതു സമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ ഫാമിലി കോൺഫറൻസ്  അഭിപ്രായപ്പെട്ടു.സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാർക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ പുരോഗമന കാഴ്ചപ്പാടിൻ്റെ ദുരന്തഫലമാണ് സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക്  വഴിവെച്ചതെന്ന് ഫാമിലി കോൺഫറൻസ് കുറ്റപ്പെടുത്തി. സ്ത്രീ സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ  നടപടി സ്വീകരിക്കുകയും, നിയമ പരിരക്ഷ ഉറപ്പാക്കുവാനും സർക്കാർ കർശന സമീപനം സ്വീകരിക്കണം.സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി മാത്രം നിലകൊള്ളുന്ന ഗ്രൂപ്പുകളിലേക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങൾക്കെതിരെ പൊതു സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടുസ്ത്രീ സമൂഹത്തോട് ആദരവും, സുരക്ഷിതത്വവും നൽകാനാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന സന്ദേശം.വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്.ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധനക്ക് തുല്യമായ വിശ്വാസ ചിന്തകൾ പ്രചരിപ്പിക്കുന്ന പുരോഹിതന്മാരുടെ നീക്കം അപലപനീയമാണ്.   ഈരാറ്റുപേട്ട അൽമനാർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കോൺഫറൻസ് വിസ്‌ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹുസുൽ ഇസ്ലാമിയ്യ സംസ്ഥാന സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സക്കീർ ഹുസൈൻ മൗലവി അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്,  വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി, മുജാഹിദ് ബാലുശ്ശേരി  അനസ് സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി.വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ.എം, അൽ മനാർ ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ എന്നിവർ സംസാരിച്ചു. ഫിറോസ് സ്വലാഹി സ്വാഗതവും സഈദ് അൽഹികമി നന്ദിയും പറഞ്ഞു.  

കോട്ടയം

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം -മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 76-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള തെറ്റായ രീതികൾ നടക്കുന്നുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറേപ്പോലും അപമാനിക്കുന്നത് വേദനാജനകമാണ്. എല്ലാവർക്കും പാർപ്പിടവും ജോലിയും ദാഹജലവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കിയുള്ള രാജ്യമാണ് ഭരണഘടനാ ശിൽപികൾ സ്വപ്നം കണ്ടത്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന വികാരം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. ദേശീയ ഐക്യം സംരക്ഷിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നോട്ടു പോകാനാകൂ. മതനിരപേക്ഷ ജനാധിപത്യ രാജ്യമെന്ന സങ്കൽപ്പം അർത്ഥപൂർണമാക്കാൻ നമുക്ക് കഴിയണം. സാമ്പത്തികമായ അസമത്വം ഇല്ലാതാക്കാനും കാർഷിക, വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനും കഴിയണം.  പല പരിമിതികളും രാജ്യത്ത് നിലനിൽക്കുമ്പോഴും കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ്. കേരളം വിവിധ മേഖലകളിൽ കൈവരിച്ചത് മഹത്തായ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്, നഗരസഭാംഗങ്ങളായ മോളിക്കുട്ടി സെബാസ്റ്റ്യൻ, റീബാ വർക്കി, അഡീഷണൽ എസ്പി. വിനോദ് പിള്ള എന്നിവർ പങ്കെടുത്തു.  പരേഡിൽ 28 പ്ലാറ്റൂണുകൾ പങ്കെടുത്തു. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ഏഴു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഞ്ചു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്‌ക്കൊപ്പം മൂന്നു ബാൻഡ് പ്ലാറ്റൂണുകളും അണിനിരന്നു.  യൂണിഫോം സേനകളുടെ പരോഡിൽ കോട്ടയം എക്സൈസ് ഡിവിഷൻ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. ഷാഫി അരവിന്ദാക്ഷൻ നയിച്ച എക്സൈസ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. കെ.എസ്. ഷാഫി അരവിന്ദാക്ഷൻ ആണ് പരേഡിലെ മികച്ച കമാൻഡറും. ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ) റിസർവ് സബ് ഇൻസ്പെക്ടർ എസ്. എം. സുനിൽ നയിച്ച ഡി.എച്ച്.ക്യൂ പ്ലാറ്റൂണാണ് രണ്ടാം സ്ഥാനം. എൻ.സി.സി. സീനിയർ ആർമി വിഭാഗത്തിൽ കോട്ടയം,എം.ഡി. എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ്. കോളജ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി. ജൂനിയർ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ പെൺകുട്ടികൾ ഒന്നാം സ്ഥാനവും വടവാതൂർ ജവഹർ നവോദയ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. ഒന്നാം സ്ഥാനവും കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്. രണ്ടാം സ്ഥാനവും നേടി.    സ്‌കൗട്ട്സ് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി. സ്‌കൂൾ ഒന്നും പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂൾ രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ് ഒന്നും കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് ഒന്നും കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ബാൻഡ് പ്ലാറ്റൂൺ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവർ രണ്ടും സ്ഥാനങ്ങൾ നേടി. ജേതാക്കൾക്കു മന്ത്രി വി.എൻ. വാസവൻ ട്രോഫികൾ വിതരണം ചെയ്തു. സ്തുത്യർഹ സേവനത്തിന് ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്‌പെക്ടർ കെ. അനീഷ്‌കുമാർ, വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ. അനിൽകുമാർ എന്നിവർക്കുള്ള ആദരവും ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.       

കോട്ടയം

ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്.

കോട്ടയം ; കേന്ദ്ര കാലാവസാ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്‌ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 24ന് കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്‌ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് ചൂട് ഉയർന്നിരുന്നു

കോട്ടയം

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി .ഈ മാസം 30 ന് കേസ് വീണ്ടും പരിഗണിക്കും. ഇത് മൂന്നാം തവണ ആണ് കേസ് മാറ്റി വെക്കുന്നത്.

കോട്ടയം

പാതയോരങ്ങൾ സുന്ദരമാക്കാൻ പദ്ധതിയുമായി ജില്ലാഭരണകേന്ദ്രം

കോട്ടയം : ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ട​ത്തിൽ മനോഹരമാക്കും. മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. വിവിധ മത, സാമുദായിക സംഘടന പ്രതിനിധികളുമായും മാധ്യമപ്രവർത്തകരുമായും ചർച്ച നടത്തും. മാർച്ചിൽ ജില്ലയിലെല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കി നൽകാൻ കളക്ടർ നഗരസഭാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചു. പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, വ്യാപാരിസംഘടനകളുടെ പ്രതിനിധികളായ ജോർജ് തോമസ്, ജോസ് പോൾ, എം.കെ. സുഗതൻ, ബിപിൻ തോമസ്, എ.കെ.എൻ. പണിക്കർ, പി.എ. അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.

കോട്ടയം

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 കോടി അനുവദിച്ചു

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഒന്നാംമൈല്‍ - പാലമ്പ്ര - കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് - കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര - വെളിച്ചിയാനി റോഡ് - 25 ലക്ഷം രൂപ, ആലുംതറ - ഈന്തുംപള്ളി - കൂട്ടിക്കല്‍ റോഡ്- 40 ലക്ഷം രൂപ,കൊണ്ടൂര്‍ - തളികത്തോട് - അമ്പലം റോഡ് - 20 ലക്ഷം രൂപ, ചിറ്റാറ്റിന്‍കര – മൂന്നാംതോട് (നസ്രത്ത് മഠം) റോഡ്- 25 ലക്ഷം രൂപ , കണ്ണാനി - വെയിലുകാണാംപാറ റോഡ് -35 ലക്ഷം രൂപ, ചെമ്മലമറ്റം - കല്ലറങ്ങാട് - പൂവത്തോട് റോഡ്- 20 ലക്ഷം രൂപ, നടയ്ക്കൽ-നെല്ലിക്കച്ചാല്‍ - വെള്ളിയേപ്പള്ളിക്കണ്ടം റോഡ്- 25 ലക്ഷം രൂപ, മന്നം - പെരുംകൂവ – പാതമ്പുഴ റോഡ് -20 ലക്ഷം രൂപ, മൂലക്കയം - എയ്ഞ്ചല്‍വാലി റോഡ് -27 ലക്ഷം രൂപ, മാടപ്പാട് സ്റ്റേഡിയം - ആറ്റുകടവ് റോഡ് - 25 ലക്ഷം രൂപ , മുക്കൂട്ടുതറ – കെ‌.ഓ‌.റ്റി റോഡ് - 20 ലക്ഷം രൂപ, കടവനാല്‍ക്കടവ് - ഹെല്‍ത്ത് സെന്‍റര്‍ പടി റോഡ്- 30 ലക്ഷം രൂപ, ആലിന്‍ചുവട് - ഇടയാറ്റുകാവ് റോഡ് -25 ലക്ഷം രൂപ, തിടനാട് - കുന്നുംപുറം റോഡ് -20 ലക്ഷം രൂപ, മൈലാടി - അംബേദ്ക്കര്‍ കോളനി - ചാണകക്കുളം റോഡ്- 25 ലക്ഷം രൂപ, മടുക്ക – ഇടിവെട്ടുംപാറ റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയൽ ‍-കടമാന്‍തോട് - പശ്ചിമ - കൂപ്പ് റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയല്‍ അമ്പലം - കുളമാക്കല്‍ റോഡ് -15 ലക്ഷം രൂപ , സ്കൂൾ ജംഗ്ഷൻ - ചെന്നാപ്പാറ മുകൾ റോഡ്- 15 ലക്ഷം രൂപ, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് - ചണ്ണപ്ലാവ് റോഡ് പി.ഡബ്ല്യൂ.ഡി റോഡ് -35 ലക്ഷം രൂപ, പി.ആർ.ഡി.എസ് - ചിരട്ടപ്പറമ്പ് റോഡ്- 20 ലക്ഷം രൂപ , കോരുത്തോട് എസ്എൻഡിപി ജങ്ഷന്‍ - 116 കവല റോഡ്- 15 ലക്ഷം രൂപ, ഇടപ്പറമ്പ് കവല – മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്- 15 ലക്ഷം രൂപ, ഏന്തയാർ ‍- മുണ്ടപ്പള്ളി റോഡ് - 36 ലക്ഷം രൂപ എന്നീ പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.  

കോട്ടയം

മേലുകാവിൽ പുലിയിറങ്ങി. ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഈരാറ്റുപേട്ട :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ പുലിയെ കണ്ടത്. തുടർന്ന് വാർഡ് മെമ്പർ റ്റി.ജെ ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ,മറ്റ് വാർഡ് മെമ്പർമാർ എന്നിവരെ വിവരമറിയിച്ചു.ജനപ്രതിനിധികൾ വിവരമറിഞ്ഞ ഉടൻ സ്ഥലം സന്ദർശിച്ചു തെരച്ചിൽ നടത്തി എങ്കിലും പുലിയെ കണ്ടെത്താനായില്ല.പുലിയെ കണ്ടതായുള്ള വാർത്ത അറിഞ്ഞതോടുകൂടി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കോട്ടയം

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ തിരഞ്ഞെടുത്തു

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് -ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യൂ.ഡി. എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡൻ്റ് ആയത്. പ്രസിഡന്റ് സ്ഥാനത്തു ആദ്യ മൂന്ന് വർഷം അനുപമ വിശ്വാനാഥ്, നാലാം വർഷം എൽസമ്മ തോമസ്, അഞ്ചാം വർഷം ആനന്ദ് ജോസഫ് ഇങ്ങനെയാണ് യുഡിഫ് ധാരണ. പ്രസിഡന്റ്  സ്ഥാനത്തേക്ക് മത്സരിക്കാൻ പോലുമുള്ള സംവിധാനം ഇടതു ബിജെപി സംവിധാനത്തിന് ഇല്ലാതായത് ഇവരുടെ രാഷ്ട്രീയ ദയനീയവസ്ഥ തുറന്നു കാണിച്ചുവെന്ന് കോൺഗ്രസ് (ഐ)മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.അഞ്ചു വർഷവും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിനാണ് വൈസ് പ്രസിഡന്റ് പദവി.