വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ലോകം

ലോകം

ഫ്‌ളോറിഡയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കും

ഇയാന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ലോറിഡയെ ലക്ഷ്യമാക്കി നീങ്ങുന്നു. മണിക്കൂറില്‍ 125 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. കാറ്റിന്റെ പാതയിലുള്ള ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫ്‌ളോറിഡ ഗവണ്‍മെന്റ്. (Hurricane Ian sweeps ashore Florida) കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകം

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി; തീവ്ര വലത് സർക്കാർ അധികാരത്തിലേക്ക്

തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ ആയിരിക്കും അധികാരത്തിൽ വരികയെന്നു പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരമേറ്റെടുക്കുക. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ. 15 വയസു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ‌ഇടമുണ്ട്. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.        

ലോകം

World Car Free Day 2022: കാറുകൾ ഒന്നും നിരത്തിലിറങ്ങിയില്ലെങ്കിൽ ന​ഗരം എങ്ങനെയുണ്ടാകും? കാർ രഹിത ദിനത്തെക്കുറിച്ച് അറിയാം

സെപ്റ്റംബർ 22 ലോക കാർ രഹിത ദിനമായി ആചരിക്കുന്നു. ബഹുജന ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കാർ രഹിത ദിനം ആചരിക്കുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകൾക്ക് കാർ ഉപയോഗിക്കുന്നതിനേക്കാൾ സൈക്കിൾ ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിനും പരിസ്ഥിതിക്കും ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ലോക കാർ രഹിത ദിനത്തിൽ, ഈ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും നോക്കാം. ഫോസിൽ ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് സുസ്ഥിരമായ ഭാവി വിഭാവനം ചെയ്യുന്നതിലേക്കും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതിലേക്കും നമുക്കും സംഭാവനകൾ നൽകാം. ലോക കാർ രഹിത ദിനത്തിന്റെ ചരിത്രം: 1970കളിലെ എണ്ണ പ്രതിസന്ധിയുടെ കാലത്ത് തന്നെ കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1990 കളുടെ തുടക്കത്തിൽ യൂറോപ്യൻ നഗരങ്ങളിൽ നിരവധി കാർ ഫ്രീ ദിനങ്ങൾ സംഘടിപ്പിച്ചിരുന്നു. 1999-ൽ യൂറോപ്പിൽ ഒരു അന്താരാഷ്ട്ര കാർഫ്രീ ദിനം സംഘടിപ്പിച്ചു, ഇത് യൂറോപ്യൻ യൂണിയന്റെ ഇൻ ടൗൺ വിത്തൗട്ട് മൈ കാർ കാമ്പെയ്‌നിന്റെ പൈലറ്റ് പ്രോജക്റ്റായിരുന്നു. ഈ പ്രചാരണം യൂറോപ്യൻ മൊബിലിറ്റി വീക്ക് ആയി തുടരുന്നു. 2000-ൽ, ഇപ്പോൾ വേൾഡ് കാർഫ്രീ നെറ്റ്‌വർക്കായ കാർബസ്റ്റേഴ്‌സ് ആരംഭിച്ച വേൾഡ് കാർ ഫ്രീ ഡേ പ്രോഗ്രാമിലൂടെ, 2000-ൽ കാർ രഹിത ദിനങ്ങൾ ആഗോളതലത്തിൽ ശ്രദ്ധേയമായി. ലോക കാർ രഹിത ദിനത്തിന്റെ പ്രാധാന്യം: ലോക കാർഫ്രീ ദിനം കാറുകളില്ലാതെ നമ്മുടെ നഗരങ്ങൾ എങ്ങനെയിരിക്കും എന്ന് കാണിക്കാനുള്ള ഒരു ഉദ്യമമാണ്. നമ്മുടെ വ്യക്തിഗത ചലനാത്മകതയെയും നാം ജീവിക്കുന്ന നഗര പരിസ്ഥിതിയെയും പുനർവിചിന്തനം ചെയ്യാനും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്. കൂടാതെ, കാറുകളുടെ ശബ്ദവും സമ്മർദ്ദവും മലിനീകരണവും ഇല്ലാത്ത നഗരങ്ങളുടെയും പൊതുജീവിതത്തിന്റെയും ആഘോഷമാണ് ലോക കാർ രഹിത ദിനം. ബഹുജന ഗതാഗതത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഈ ദിനം പ്രാധാന്യം നൽകുന്നു.     

ലോകം

"മദീനയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം കണ്ടെത്തി!; ഖനന വ്യവസായത്തില്‍ കുതിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മദീന മേഖലയിലെ അബ അല്‍-റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.(saudi arabia found huge investment of gold and copper) മദീനയിലെ വാദി അല്‍-ഫറാ മേഖലയിലെ അല്‍-മാദിഖ് പ്രദേശത്ത് നാലിടങ്ങളില്‍ ചെമ്പ് അയിര് കണ്ടെത്തിയെന്നും സര്‍വേ ആന്റ് മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കല്‍ സര്‍വേ ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു, 533 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകള്‍. ഇതിലൂടെ നാലായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളും സൗദി പ്രതീക്ഷിക്കുന്നുണ്ട്. എണ്ണയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രിതത്വം മറികടക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും. പത്തുവര്‍ഷത്തിനിടെ സൗദിയുടെ ഖനന മേഖലകളില്‍ 170 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്വര്‍ണ, ചെമ്പ്, കണ്ടുപിടുത്തത്തിലൂടെ ലോകത്തിന് സൗദിയില്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.ഇതോടെ രാജ്യത്തിന്റെ ഖനന വ്യവസായത്തിന് ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. 5,300 ലധികം ധാതു ലൊക്കേഷനുകള്‍ സൗദി അറേബ്യയിലുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപ്പറേറ്റീവ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അസീസ് ബിന്‍ ലാബോണ്‍ പറഞ്ഞു. ഇതില്‍ വൈവിധ്യമാര്‍ന്ന ലോഹവും ലോഹമല്ലാത്തതുമായ പാറകള്‍, നിര്‍മ്മാണ സാമഗ്രികള്‍, അലങ്കാര പാറകള്‍, രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ലോകം

അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി തകര്‍ന്നു വീണു; ആളപായമില്ല, നിരവധി പേര്‍ക്ക് പരിക്ക്

അബുദാബി:അല്‍ ബത്തീന്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗീകമായി തകര്‍ന്നു വീണു.അപകടത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബി പൊലീസും അബുദാബി സെല്‍ഫ് ഡിഫന്‍സും ചേര്‍ന്ന് പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടസ്ഥലത്തുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട സ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍ നിന്നും പൊതുജനങ്ങളെ അബുദാബി പൊലീസ് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ അറിയാനാണ് പൊതുജനങ്ങള്‍ക്കുള്ള പൊലീസിന്റെ നിര്‍ദ്ദേശം.

ലോകം

ഖോസ്ത 2 : മനുഷ്യരാശിക്ക് വെല്ലുവിളി തീർത്ത് മറ്റൊരു വൈറസ് കൂടി

വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. നിലവിലെ വാക്‌സിനുകൾ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്. കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. വവ്വാലുകൾ, റക്കൂൺ, വെരുക് എന്നിവയിൽ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേർന്നാൽ അത് വലിയ വിപത്തിന് വഴിമാറാം. നിലവിൽ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാർബികോവ് വൈറസ് ഇനത്തിൽപ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് 

ലോകം

ഖോസ്ത 2; ഇത് മനുഷ്യരാശിക്ക് ഭീഷണിയായ മറ്റൊരു വൈറസ്

ഖോസ്ത 2 വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞർ. വവ്വാലിൽ നിന്ന് കണ്ടെത്തിയ വൈറസിനെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമാകില്ലെന്നാണ് പഠനം. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത് . വൈറസിനെ കണ്ടെത്തിയ സമയങ്ങളിൽ ഇത് മനുഷ്യ രാശിക്ക് വെല്ലുവിളി ഉയർത്തില്ല എന്ന പഠനത്തിലായിരുന്നു ശാസ്ത്രലോകം. എന്നാൽ അടുത്തിടെ നടന്ന പഠനങ്ങളിലാണ് ഇവ മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയത്.കൊറോണ വാക്സീൻ എടുത്ത ആളുകൾക്കോ ,ഒമിക്രോൺ രോഗമുക്തി നേടിയവർക്കോ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കില്ല. അവയെപ്പോലെ മനുഷ്യ ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്താനും ഈ വൈറസിന് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വവ്വാലുകൾക്ക് പുറമേ, ഈനാംപേച്ചികൾ, മരപ്പട്ടി, റാക്കൂൺ നായ്‌ക്കൾ എന്നിവയിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതായി പഠനം പറയുന്നു.നിലവിൽ അപകടം കുറവാണെങ്കിലും സാഴ്‌സ് കോവ്2, ഖോസ്റ്റ -2 എന്നിവ യോജിച്ചാൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു. ഖോസ്ത 2 ന്റെ കണ്ടെത്തൽ വൈറസുകൾക്കെതിരെ പ്രതിരോധിക്കാൻ വേണ്ട കുത്തിവയ്പ്പുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു കാട്ടുന്നു എന്നും അധികൃതർ പറയുന്നു. ഏഷ്യൻ വവ്വാലുകളിൽ നിന്നും മുമ്പും പല തരം വൈറസുകളെ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ ചിലതിന് മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. ഖോസ്ത 2 ന്റെ കാര്യത്തിലും ശാസ്ത്ര ലോകം അങ്ങനെയാണ് കരുതിയിരുന്നത്. എന്നാൽ നിലവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ ശാസ്ത്ര ലോകത്തിൽ തന്നെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ലോകം

ഗർഭച്ഛിദ്രത്തിനുള്ള അനുമതി നിഷേധിച്ചു: തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി സഞ്ചരിച്ചത് 2250 കിലോമീറ്റർ

ലൂസിയാന: ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതി. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസിനാണ് ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഏറെ കഷ്ടതകൾ അനുഭവിച്ച് 2250 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നത്. ഗർഭത്തിന്റെ രണ്ടാം മാസം പിന്നിടുമ്പോഴാണ് അക്രാനിയ എന്ന രോഗാവസ്ഥ ഭ്രൂണത്തിനുള്ളതായി കണ്ടെത്തിയത്. ഗർഭപാത്രത്തിനുള്ളിൽ വച്ച് ഭ്രൂണത്തിന് തലയോട്ടി കൃത്യമായി രൂപപ്പെടാതിരിക്കുകയും അതുവഴി തലച്ചോറിന് നാശം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്രാനിയ. ഈ അവസ്ഥയിലുള്ള കുഞ്ഞ് ഗർഭകാലം പൂർത്തിയാക്കി ജനിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കും എന്നാണ് ഫീറ്റൽ മെഡിസിൻ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്. അതേസമയം, ഗർഭച്ഛിദ്ര നിരോധന നിയമം മൂലം ലൂസിയാനയിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവിൽ ഗർഭച്ഛിദ്രത്തിന് നിയമാനുമതിയുള്ള മാൻഹട്ടനിലേക്ക് തലയോട്ടിയില്ലാത്ത കുഞ്ഞിനെയും ഗർഭത്തിൽ ചുമന്നുകൊണ്ട് 2250 കിലോമീറ്റർ സഞ്ചരിക്കേണ്ടതായും വന്നു. നിയമത്തിന് എതിരായി ഗർഭച്ഛിദ്രം നടത്തിയാൽ തങ്ങൾക്കെതിരെ ക്രിമിനൽകുറ്റം വരുമെന്ന ഭയം മൂലമാണ്, ലൂസിയാനയിലെ ഡോക്ടർമാർ ഗർഭച്ഛിദ്രം നടത്താൻ മടിച്ചത്. തനിക്ക് ജീവനോടെ സ്വന്തമാക്കാൻ ആവില്ല എന്ന് അറിയുന്ന കുഞ്ഞിനെയും ഗർഭത്തിൽ വഹിച്ചുകൊണ്ട് കഴിയേണ്ടി വന്ന ആറാഴ്ചക്കാലം, ജീവിതത്തിൽ ഏറ്റവും അധികം മാനസിക ആഘാതങ്ങൾ അനുഭവിച്ച ദിനങ്ങളായിരുന്നുവെന്നാണ് ഗർഭച്ഛിദ്രത്തിനു ശേഷം നാൻസി വ്യക്തമാക്കിയത്. ശാരീരികവും മാനസികവുമായി താൻ അനുഭവിച്ച വിഷമതകൾ വിവരിക്കാനാവുന്നതിലും അപ്പുറമാണെന്നും ഗർഭച്ഛിദ്രം നടത്തുന്നതാണ് ഉചിതമെന്ന് അറിയാമായിരുന്നിട്ടും വൈകാരികമായി താൻ തകർന്നു പോയതായും നാൻസി കൂട്ടിച്ചേർത്തു.