വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ലോകം

ലോകം

ട്വിറ്ററിലാകെ സംസാരവിഷയമായി എലിസബത്ത് രാജ്ഞി; ട്രെൻഡായി 'ക്യൂ ഫോർ ദ ക്വീൻ'

എലിസബത്ത് രാജ്ഞിയുടെ മരണം അറിഞ്ഞ അന്നു മുതൽ ട്വിറ്റർ സാക്ഷിയാകുന്നത് വൻ ട്രാഫിക്കിനാണ്. സെപ്തംബർ എട്ടിനാണ് ഏറ്റവും കൂടുതൽ പേരുടെ സംസാരങ്ങൾക്ക് ട്വിറ്റർ സാക്ഷ്യം വഹിച്ചതെന്നാണ് കമ്പനിയുടെ റിപ്പോർട്ട്. രാജ്ഞിയുടെ വിയോഗത്തെക്കുറിച്ച് ഒരേ ദിവസം 11.1 ദശലക്ഷത്തിലധികം ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടതായി ട്വിറ്റർ അറിയിച്ചു. രാജകുടുംബത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ്  ഒരേ ദിവസം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നാലാമത്തെ അക്കൗണ്ട്. ഇതുവരെ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത പോസ്റ്റ് രാജ്ഞിയുടെ കുടുംബത്തിന്റെ പ്രഖ്യാപനമാണെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു. സെപ്തംബർ എട്ടിന് അതായത് രാജ്ഞിയുടെ മരണം അറിഞ്ഞ ദിവസം  നിരവധി ഉപയോക്താക്കൾക്ക് ട്വിറ്റർ പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാസം എട്ടു മുതലുള്ള കണക്കുകൾ നോക്കിയാൽ രാജ്ഞിയെ കുറിച്ച് 30.2 ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടായിട്ടുണ്ടെന്ന് ട്വിറ്റർ കൂട്ടിച്ചേർത്തു. ക്യൂകളെ കുറിച്ച് ഒരു ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടെന്നും സംഭാഷണത്തിനുള്ളിൽ 'ക്യൂ ഫോർ ദ ക്വീൻ' എന്ന ഹാഷ്‌ടാഗ് പട്ടികയിൽ ഒന്നാമതെത്തിയെന്നും കമ്പനി എടുത്തുപറഞ്ഞു.  പ്ലാറ്റ്‌ഫോമിൽ ഇതുവരെ റീട്വീറ്റ് ചെയ്‌ത ഏറ്റവുമധികം ട്വീറ്റ് എലിസബത്ത് രാജ്ഞിയുടെ മരണത്തെക്കുറിച്ചുള്ള രാജകുടുംബത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നും ട്വിറ്റർ പറയുന്നു.  എലിസബത്ത് രാജ്ഞിയുടെ മൃതദേഹം എഡിൻബർഗിൽ നിന്ന് ലണ്ടനിലേക്ക് കൊണ്ടുപോകുന്ന വിമാനമാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി മാറിയതെന്നും റിപ്പോർട്ട് പറയുന്നു. കിരീടധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്.ഇന്ത്യൻ സമയം ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.  96 വയസായിരുന്നു. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ  അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ  രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.  അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളുമായിരുന്നു രാജ്ഞി എന്ന പ്രത്യേകതയുണ്ട്. 1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടൻറെ രാജ്ഞിയായി മാറുന്നത്.

ലോകം

വില നിയന്ത്രിക്കുന്ന രാജ്യങ്ങൾക്ക് ഗ്യാസും എണ്ണയും നൽകില്ലെന്ന മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: വില പരിധി ഏർപ്പെടുത്തുന്ന രാജ്യങ്ങളിലേക്ക് എണ്ണ, വാതക വിതരണം റഷ്യ നിർത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചില പാശ്ചാത്യ രാജ്യങ്ങൾ പരിഗണിക്കുന്നതുപോലെ വില പരിധി നിശ്ചയിക്കുന്നത് തികച്ചും മണ്ടത്തരമായ തീരുമാനമായിരിക്കുമെന്നും പുടിൻ പറഞ്ഞു. പസഫിക് തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ ഞങ്ങൾ ഒന്നും നൽകില്ല. ഗ്യാസില്ല, എണ്ണയില്ല, കൽക്കരി ഇല്ല, ഇന്ധന എണ്ണയില്ല, ഒന്നുമില്ല. ഞങ്ങളിൽ എന്തെങ്കിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർക്ക്, അവരുടെ ഇഷ്ടം നിർദ്ദേശിക്കാൻ ഇന്ന് കഴിയില്ല,’ വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യ തങ്ങളുടെ കരാർ ബാധ്യതകളെ മാനിക്കുമെന്നും മറ്റ് രാജ്യങ്ങളും ഇത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ കൂട്ടിച്ചേർത്തു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്കുള്ള ധനസഹായത്തിന്റെ പ്രധാന സ്രോതസ്സ് വെട്ടിക്കുറയ്ക്കുന്നതിനായി, റഷ്യൻ എണ്ണ ഇറക്കുമതിയിൽ വില പരിധി നടപ്പാക്കുന്നതിലേക്ക് അടിയന്തിരമായി നീങ്ങുമെന്ന് ജി7 വ്യാവസായിക ശക്തികൾ അറിയിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം

ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി മുകേഷ് അംബാനി

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല, അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി 80 മില്യൺ ഡോളറിനാണ് ( ഏകദേശം 640 കോടി രൂപ) വാങ്ങിയത്. 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ഡോർ പൂൾ തുടങ്ങിയവ ഈ വില്ലയിലുണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് 5.7 കോടി പൗണ്ടിന് (597 കോടി രൂപ) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയമായ സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിൽ സ്ഥിതി ചെയ്യുന്ന സ്റ്റോക് പാർക്കിന് 900 വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്.

ലോകം

തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന; യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്

ബീജിംഗ്: തായ്‌വാന്‍ അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന. തായ്‌വാന്‍ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന യുദ്ധസന്നാഹമൊരുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തായ്‌വാനെ വളഞ്ഞ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയത്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം. യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്. പിന്നാലെ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് യുദ്ധത്തിന് തയ്യാറെടുക്കുന്ന നടപടി കാര്യമായി ഉണ്ടായിരുന്നില്ല. അതിര്‍ത്തിയില്‍ മിസൈല്‍ പരീക്ഷണത്തിലൂടെയും സൈനികാഭ്യാസങ്ങളിലൂടെയും പ്രകോപനം നടത്താന്‍ ശ്രമിച്ചെങ്കിലും തായ്‌വാന്‍ സംയമനം പാലിക്കുകയായിരുന്നു. നാല്‍സിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മുന്‍പ് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് അവര്‍ രാജ്യത്തെത്തുകയായിരുന്നു. തായ്‌വാന്‍ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു നാന്‍സിയുടെ സന്ദര്‍ശനം.