ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്
ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ചാള്‍സ് രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. കഴിഞ്ഞ മാസമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.