കൂട്ടിക്കൽ: കഞ്ചാവ് ലഹരിയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് യുവാവിന്റെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടി
കൂട്ടിക്കൽ പഴയ പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിമിനെയാണ് പോലീസ് പിടികൂടിയത് രാവിലെ മുതൽ യുവാവ് വീട്ടിൽ കടുത്ത ബഹളം വെച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. ഭയന്നുപോയ ഇയാളുടെ മാതാവും ഇളയ സഹോദരിയും വീട്ടിൽനിന്ന് ഇറങ്ങി ഓടിയതോടെയാണ് യുവാവ് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നുവിട്ടത്. വലിയൊരു ദുരന്തമുഖത്താണ് പ്രദേശം മണിക്കൂറുകളോളം ശ്വാസമടക്കിപ്പിടിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഉദ്യോഗസ്ഥർക്ക് യുവാവിനെ കീഴ്പ്പെടുത്താനായത്.
എന്നാൽ പ്രതിയുടെ പരാക്രമം ഇവിടംകൊണ്ടും അവസാനിച്ചില്ല. ഇയാളെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെലിക്കുഴിക്ക് സമീപം പറത്താനം കവലയിൽ വെച്ച് പോലീസ് വാഹനത്തിൽനിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഓടുന്ന വാഹനത്തിൽനിന്ന് ചാടിയതിനെ തുടർന്ന് യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. മേൽനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു









