തീരാനോവായി ഡോക്ടര്‍ വന്ദന; അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലാണ് മന്ത്രിയെത്തിയത്. വന്ദനയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. നിരവധി പേരാണ് വന്ദനയെ അവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയില്‍ ഗതാഗത സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.ഇന്നലെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.