വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ബഹു. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍മ്മിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീകല.ആര്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് കുര്യന്‍ തോമസ് നെല്ലുവേലി‍ല്‍ സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആശംസകള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത്കുമാര്‍.ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഓമന ഗോപാലന്‍, മിനി സാവിയോ, ജെറ്റോ ജോസ്, വാര്‍ഡ് മെമ്പര്‍ എല്‍സി തോമസ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രേംജി.ആര്‍, സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

പ്രാദേശികം

ചരിത്രി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കുന്നു

ഈരാറ്റുപേട്ട :  ചരിത്രി പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 12 മുതൽ മെയ് 2 വരെ ആഘോഷിക്കുന്നു. ഏപ്രിൽ 12 മുതൽ 21 വരെ ദിവസവും രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും 7നും വിശുദ്ധ കുർബാന, നൊവേന. ഏപ്രിൽ 22ന് രാവിലെ 5.30നും 6.45നും 8നും 9.30നും 10.30നും 11നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന, 5.45ന് കൊടിയേറ്റ്, 6ന് പുറത്തു നമസ്കാരം, 6.45ന് 101 പൊൻകുരിശുമേന്തി നഗരപ്രദക്ഷിണം. 7ന് വിശുദ്ധ കുർബാന, നൊവേന.  ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാന, 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. തുടർന്ന് 10നും 12നും 1.30നും 2.45നും വിശുദ്ധ കുർബാന, നൊവേന. 4.30നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം.   പ്രധാന തിരുനാൾ ദിനമായ 24 ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാന, 10ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ, 12.30ന് വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പകൽ  പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.   ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും  വിശുദ്ധ  കുർബാന, നൊവേന..  4.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 7ന് തിരുസ്വരൂപ പുനപ്രതിഷ്ഠ, 7.30ന് ഫ്യൂഷൻ പ്രോഗ്രാം. ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 27ന് രാവിലെ 5.30നും 6.45നും  10.30നും വൈകുന്നേരം 4നും വിശുദ്ധ കുർബാന, നൊവേന, 4.45ന് വല്യച്ചൻമലയിൽ  പുതുഞായർ തിരുനാൾ കൊടിയേറ്റ്, 5നു വിശുദ്ധ കുർബാന, 6.30ന് പ്രദക്ഷിണം. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 6.30ന് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന. 4ന് ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും.  മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.

പ്രാദേശികം

സിജി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഈ മാസം 12, 13, 14 തീയതികളിൽ ഭരണങ്ങാനം ഓശാനാ മൗണ്ടിൽ

ഈരാറ്റുപേട്ട.യു. പി  , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സിജി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഈ മാസം 12, 13, 14 തീയതികളിൽ ഭരണങ്ങാനം ഓശാനാ മൗണ്ടിൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും. ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുക, നേത്യത്വ വാസന പരിപോഷിപ്പിക്കുക, മയക്കുമരുന്ന് ബോധവൽക്കരണം , സൈബർ ബോധവൽക്കരണം, പേരൻ്റിംഗ് , മൂല്യബോധവൽക്കരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന  സിജി എല്ലാ ജില്ലകളിലും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.  ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് ഓശാനമൗണ്ടിൽ നടക്കുന്നത്. പ്രഫ എ.എം റഷീദ്, എം എഫ് അബ്ദുൽ ഖാദർ, എം എം നിഷ, പി.പി എം നൗഷാദ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിളിക്കുക:  94475 07641

കോട്ടയം

വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം

ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി.ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെ ആയിരുന്നു ഭക്ഷണം. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചുമയുള്ളതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ആവുന്നില്ല ഇതിനിടയിലാണ് മുഖത്തിന്റെവലതു പേശികൾക്ക് ബലക്കുറവുള്ളതായി കണ്ടെത്തിയത്. ചെവിയുടെ കേൾവി ശക്തിക്കും ഇത് കുറവ് വരുത്തും പരിശോധനയിൽ കണ്ണിന്റെ ഒരു ഗ്രന്ഥിയിൽ മുഴയും കണ്ടെത്തി മുഴ നീക്കം ചെയ്തില്ലെങ്കിൽ കാഴ്ചശക്തി കുറയും എന്നാണ് ഡോക്ടർമാർ പറഞ്ഞത്.ഈ മാസം 14ന് ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും അതിനേക്കാൾ ഉപരി സാമ്പത്തിക അവസ്ഥയും ഇതിന് തടസ്സമായി നിൽക്കുകയാണ് മേലുകാവ് പഞ്ചായത്തിലെ വാകക്കാട് പുറമ്പോക്കിലാണ് ഇവരുടെ താമസം. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയിൽ ആശുപത്രി ചെലവ് കൂടി താങ്ങാൻ ഇവർക്ക് ആവുന്നില്ല സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ജിയാന ജിജോ എന്ന രണ്ടു വയസ്സുകാരി സഹായിക്കാൻ സന്മനസ്സുള്ളവർ ഇവരുടെ മാതാവ് ഷെറിൻ ആന്റണിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ കുടുംബം. ഫോൺ നമ്പർ: 9188737825 അക്കൗണ്ട് പേര് : ഷെറിൻ ആന്റണി ഫെഡറൽ ബാങ്ക്, അരുവിത്തുറ ബ്രാഞ്ച് അക്കൗണ്ട് നമ്പർ : 99980109893680 ഐഎഫ്എസ്‌സി കോഡ് : FDRL0001144

പ്രാദേശികം

വീട്ടുമുറ്റത്തുനിന്ന് ബൈക്ക് കാണാതായി

ഈരാറ്റുപേട്ട: എം.ഇ.എസ് ജംഗ്‌ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന റിയാസിന്റെ KL 04 G 447 സ്‍പ്ലെണ്ടർ  ബൈക്ക് വീട്ട് മുറ്റത്ത്‌ നിന്നും കാണാതായി. കണ്ടു കിട്ടുന്നവര്‍ താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക.  +91 94477 82242 തീയതി: 09/04/2025

കോട്ടയം

കുടുംബശ്രീയുടെ പ്രീമിയം രുചിക്കു തുടക്കം; കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എസൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണു കെ.എം. മാണി തണൽ വിശ്രമകേന്ദ്രം വഴി യാഥാർഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണൽ വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നാടിന് സമർപ്പിച്ചു. ആദ്യഘട്ട നിർമാണമാണ് പൂർത്തിയായിട്ടുള്ളത്. എം.സി. റോഡരികിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപമാണ് വിശ്രമകേന്ദ്രം. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണു നിർമാണത്തിനായി വകയിരുത്തിയത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്‌തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട് രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്‌ജ് സജ്ജമാക്കും. താഴത്തെ നിലയിലാണ് പ്രീമിയം കഫേ. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിച്ചത്.  

കേരളം

കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയകേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായണൻ നഗർ) നടക്കുമെന്ന് പ്രസിഡൻ്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന് കൊടിമര - പതാക ജാഥകൾ നടക്കും. പത്തനംതിട്ട അടൂരിൽ നിന്നും പതാക ജാഥക്ക് വൈസ് പ്രസിഡൻ്റ് സനൽ അടൂരും നെയ്യാറ്റിൻകരയിൽ നിന്നാരംഭിക്കുന്ന കൊടിമര ജാഥക്ക് വൈസ് പ്രസിഡന്റ് മണിവസന്തം ശ്രീകുമാറും നേതൃത്വം നൽകും. വൈകിട്ട് അഞ്ചിന് ഇരു ജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഗമിച്ച ശേഷം സംയുക്തമായി സമ്മേളന നഗരിയിലേക്ക് നീങ്ങും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ തോട്ടക്കാട് ശശി പതാക ഉയർത്തും. 11 ന് രാവിലെ 10.30 ന് മാദ്ധ്യമ സെമിനാർ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജീവൻ ടി.വി എം.ഡി സാജൻ വേളൂർ ഉൾപ്പെടെയുള്ളപ്രമുഖർ പങ്കെടുക്കും.ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. വി.കെ. പ്രശാന്ത് എം.എൽ.എ, ഐ.ബി. സതീഷ് എം.എൽ.എ, സിനിമ താരം കൊല്ലം തുളസി എന്നിവർ സംബന്ധിക്കും. വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ ഉദ്ഘാടനം ചെയ്യും. 12 ന് ഉച്ചക്ക് രണ്ട് വരെ പ്രതിനിധി സമ്മേളനം തുടരും. 2.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കടകംപ്പള്ളി സുരേന്ദ്രൻ എം.എൻ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ, കെ.ജെ.യു സ്ഥാപക പ്രസിഡൻ്റ് റോയി മാത്യു, സ്ഥാപക ജനറൽ സെക്രട്ടറി ജഗദീഷ് ബാബു, മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി.വി. മിത്രൻ, ബാബു തോമസ്, മുൻ ഭാരവാഹികളായിരുന്ന സുരേഷ് പട്ടാമ്പി, എൽ.ആർ. ഷാജി, ഷാജി ഇടപ്പള്ളി എന്നിവർ സംബന്ധിക്കും. ആദ്യകാല നേതാക്കളെയും മുതിർന്ന മാദ്ധ്യമ പ്രവർത്തകരെയും സമ്മേളനം ആദരിക്കും. പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും. ദേശീയ എക്സി. അംഗം ബാബു തോമസ്, സ്വാഗത സംഘം ജനറൽ കൺവീനർ മണിവസന്തം ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് സനൽ അടൂർ, ജില്ലാ സെക്രട്ടറി എസ്.ആർ. വിനു, ട്രഷറർ മുഹമ്മദ് റാഫി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കോട്ടയം

തിടനാട് പള്ളിക്ക് സമീപം ബൈക്കിൽ കെഎസ്ആർടിസി ബസ് തട്ടി ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. തിടനാട് മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി 63 )ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്നു ബേബി സഞ്ചരിച്ചിരുന്ന ബൈക്കും തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ ബേബിയെ തള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ എബിൻ (ന്യൂസിലൻഡ്) സുബിൻ (ഓസ്ട്രേലിയ)