പൂഞ്ഞാർ നിയോജകമണ്ഡലം : സമ്പൂർണ്ണ മാലിന്യനിർമാർജന പ്രഖ്യാപനം നടത്തി
പൂഞ്ഞാർ നിയോജകമണ്ഡലത്തെ സമ്പൂർണ്ണ മാലിന്യരഹിത നിയോജകമണ്ഡലമായി പ്രഖ്യാപിക്കൽ ചടങ്ങ് തിടനാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മാലിന്യ നിർമ്മാർജ്ജന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ അനീസ്. ജി ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുകയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു.പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്,ബിജോയ് ജോസ്, ജാൻസി സാബു, ഗീത നോബിൾ, ജോർജ് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായ സോഫി ജോസഫ്, മാജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂകുന്നേൽ, മിനി സാവിയോ , അജിത് കുമാർ ബി, അഡ്വ. സാജൻ കുന്നത്ത്, പി.കെ പ്രദീപ്, ജൂബി അഷറഫ്, ഷക്കീല നസീർ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. നിയോജകമണ്ഡലം ഒട്ടാകെ ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനും, അതിനായി മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങളുടെ ശേഖരണം ഉറപ്പാക്കുന്നതിനും, വീടുകൾ ഉൾപ്പെടെ എല്ലായിടത്തും ജൈവമാലിന്യങ്ങൾ ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനത്തിലൂടെ സംസ്കരിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനും, മുഴുവൻ പൊതു ഇടങ്ങളിലും ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിനും യോഗം തീരുമാനമെടുത്തു. ഹരിത ചട്ടങ്ങൾ പാലിച്ച് മാത്രം ചടങ്ങുകൾ നടത്തണമെന്ന് യോഗം നിർദ്ദേശിക്കുകയും അത് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനും അവ കർശനമായി നടപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. ശുചിത്വ പരിപാലനത്തോടൊപ്പം പാതയോര സൗന്ദര്യവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് നിശ്ചയിച്ചു. ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ എന്ന സന്ദേശം മുൻനിർത്തി നിയോജകമണ്ഡലം ആകെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും നിശ്ചയിച്ചു