വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  

പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ മന്ദിര ഉത്‌ഘാടനം ശ്രീ സെബാസ്റ്റ്യൻ എം.ജെ എം എൽ എ നിർവഹിച്ചു.

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ മന്ദിര ഉത്‌ഘാടനം ശ്രീ സെബാസ്റ്റ്യൻ എം.ജെ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിലെ മുതിർന്ന അധ്യാപകരെയും, വിവിധ സ്കൂളുകളിൽ പഠിച്ച് SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.വിദ്യാഭ്യാസരംഗത്തു കുട്ടികളെ മുന്നോട്ട് നയിച്ച അധ്യാപകരെയും എംഎൽഎ പ്രശംസിച്ചു.

കോട്ടയം

ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന്”” ഐക്യദാർഢ്യവുമായി പാലാ നഗരസഭ.

ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല നടത്തിയ ഏറ്റവും ശ്രദ്ധേയമായ ചടുല നീക്കമാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് വേണ്ടി ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത് എന്നും യുവജനങ്ങളുടെ ജീവിതം തകർക്കുന്ന ലഹരിയുടെ വ്യാപനത്തിനെതിരെ കർശന നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നു എന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത് എന്നും പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിൻ്റയും, ആഭ്യന്തര വകുപ്പിൻ്റെയും ഈ നീക്കത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പാലാ നഗരസഭആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടാണ് പാലാ നഗരസഭയുടെ ഈ പദ്ധതിയോടുള്ള ഐക്യദാർഢ്യം ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കണ്ടം പ്രഖ്യാപിച്ചത്. ഏറ്റവും മാതൃകായോഗ്യമായ രീതിയിൽ പദ്ധതിയിലെ പൊതുജന പങ്കാളിത്തവും, റസിഡൻസ് അസോസിയേഷൻ സ്‌കൂൾ പിടിഎ ഉൾപ്പെടെയുള്ള സംഘടനകളുടെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തുവാൻ നഗരസഭ പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് ചെയർപേഴ്‌സൺ ഉപദേശം ചോദിച്ചു.. ആഭ്യന്തര മന്ത്രി പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ച് ചർച്ച ചെയ്‌തു.പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കുവാനും അവരെ സംരക്ഷിച്ച് ചേർത്ത് നിർത്താനുമുള്ള ഉള്ള സർക്കാരിൻ്റെ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, യുവതലമുറയുടെ പ്രതിനിധി എന്ന നിലയിൽ ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിലയിൽ ഭാഗമാകുവാൻ ലഭിക്കുന്ന അവസരം ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു എന്നും ദിയ ബിന്ദു വ്യക്തമാക്കി. പദ്ധതി നടത്തിപ്പിൽ പാലാ നഗരസഭയെ സഹായിക്കുവാൻ പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശം നല്‌കുമെന്ന മന്ത്രിയുടെ അറിയിപ്പിൽ ചെയർപേഴ്‌സൺ പാലായുടെ നന്ദി അറിയിച്ചു.

ജനറൽ

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി മമ്മൂട്ടി

നടൻ മമ്മൂട്ടിയ്ക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് ഓണററി ഡോക്ടറേറ്റ് കൈമാറിയത്. മമ്മൂട്ടിയ്ക്കൊപ്പം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് കൈമാറി. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡിലിറ്റ്) ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദവുമാണ് നൽകിയത്.

കോട്ടയം

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം സ്വദേശികളായ തോമസ് കുട്ടി (66) സിബി തോമസ് (61) മോഹൻ ജോസഫ് (71) ഗീത മോഹൻ (64) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 10.15 ഓടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം. വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സബരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

കേരളം

രാജ്യത്ത് പെട്രോൾ- ഡീസൽ വിലയിൽ വീണ്ടും വർധനവ്. രണ്ടാഴ്ചയ്ക്കിടെ വില വർധിപ്പിക്കുന്നത് ഇത് നാലാമത്തെ തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 113.5 രൂപയിലെത്തി. ഡീസൽ വില 102.44 രൂപയായി. കോഴിക്കോട് പെട്രോൾ വില 113.79 രൂപയും ഡീസൽ വില 102.71 രൂപയുമായി.

കോട്ടയം

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനകല്ല് ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം.പൊന്മല ഭാഗത്ത്‌ താമസിക്കുന്ന പെരുവന്താനം സെൻറ്റ് ആൻറാണീസ് കോളേജ് പ്രിൻസിപ്പൽ കല്ലംമ്പള്ളി ലാലിച്ചന്റെ വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയും ഒന്നര പവന്റെ സ്വർണ്ണാഭരണങളുമാണ് മോഷ്ടാക്കൾ കവർന്നത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിനു ചുറ്റും 6 സി.സി.ടി.വി ഓളം ഉണ്ട ഇവയെല്ലാം തുണി കൊണ്ട് മൂടിയ നിലയിൽ ആണ്.കഴിഞ്ഞ ദിവസം വരെ വീടിന്റെ ടെറസിൽ പണി ഉണ്ടായിരുന്നു. ശനിയാഴ്ച പണിക്കാർ ആരും ഇല്ലായിരുന്നു. വീടിന്റെ ഉടമസ്ഥൻ ബംഗളുരിൽ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോയിരിക്കുയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കോട്ടയം

പാലാ മുണ്ടുപാലത്ത് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

പാലാ : മുണ്ടുപാലത്ത് കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് സെൻറ് റോക്കീസ് ബസ്സുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മുണ്ടുപാലം സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ഇടിയിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നിട്ടുണ്ട്. കാറിലും ബസ്സിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കുകളുണ്ട്. ഏറെ നേരത്തേക്ക് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.