വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല.  

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിന് വേണ്ടി എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു. 10 ചട്ടികൾ വീതം 273 കർഷകർക്കാണ് ചട്ടികൾ നൽകുന്നത്. ചെടിച്ചട്ടികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിബി രഘുനാഥൻ, നജീമ പരിക്കൊച്ച്,  കൃഷി ഓഫീസർ നീതു തോമസ്, കൃഷി അസിസ്റ്റന്റ് ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ഇത്തവണ ക്രിസ്മസിന് പത്ത് ദിവസം അവധിയില്ല; സംസ്ഥാനത്തെ സ്‌കൂളുകള്‍ നേരത്തേ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് പത്ത് ദിവസം ഒഴിവ് ലഭിക്കില്ല.കേരളത്തിലെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബര്‍ 11 മുതല്‍ 19 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂര്‍ത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കേരളത്തിലെ അവധി ദിവസങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാര്‍ത്ഥികള്‍ക്ക്. ക്രിസ്മസിനും ഒമ്ബത് ദിവസം മാത്രമാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. 20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബര്‍ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളില്‍ അത് ബാധകമായിരിക്കും. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒമ്ബത് ദിവസം മാത്രമാണ് അവധി ലഭിച്ചത്. അതിന് മുന്നേയുള്ള വര്‍ഷങ്ങളില്‍ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്. രാവിലെ 10:00 മുതല്‍ 12:15 വരെയും, ഉച്ചയ്ക്ക് 1:30 മുതല്‍ 3:45 വരെയുമാകും പരീക്ഷ. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ 2:00 മുതല്‍ 4:15 വരെ ആയിരിക്കും. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യത്തിലായിരിക്കും പരീക്ഷ നടക്കുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.  

കോട്ടയം

ശബരിമലയിൽ നിന്നും രോഗിയുമായി എത്തിയ കേരളാഫയർ&റസ്ക്യൂ ടീമിൻ്റെ വാഹനം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ ഗേറ്റിന് മുന്നിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളി ; ശബരിമലയിൽ നിന്നും രോഗിയുമായി എത്തിയ കേരളാഫയർ&റസ്ക്യൂ ടീമിൻ്റെ വാഹനം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ ഗേറ്റിന് മുന്നിൽ കുടുങ്ങി. ഫയർഫോഴ്സും പോലീസ്ഫോഴ്സും സിവിൽ ഡിഫൻസ് ടീമും ആശുപത്രിജീവനക്കാരും പൊതുജനങ്ങളും കൂടി വാഹനം റോഡിൽ നിന്ന് നീക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നു.രോഗിക്ക് ഉചിതമായ ചികിത്സ ലഭിച്ചു.

കോട്ടയം

പാലാ പൂവരണിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ പൂവരണി ചരള യിൽലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന എലിക്കുളം സ്വദേശി ജയലക്ഷ്‌മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി (1) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആയിരുന്നു അപകടം

കോട്ടയം

കുന്നോന്നി ആലുംതറയില്‍ ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു

ഈരാറ്റുപേട്ട.പൂഞ്ഞാര്‍ തെക്കേക്കര ആലുംതറ കൂട്ടിക്കല്‍ റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂട്ടിക്കല്‍ സ്വദേശി കൊന്താലം പറമ്പിൽ ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.  കൂട്ടിക്കലില്‍ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടില്‍ കൊട്ടുകാപ്പള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നത്.  ഓട്ടോയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തില്‍ മരിച്ച ഹനീഫയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ഭാര്യ: അനീഷ മക്കൾ: അൽഫിയ (വിദ്യാർത്ഥി ) അൽഫിന (കൂട്ടിയ്ക്കൽ സെന്റ് ജോർജ് 7-ാം ക്ലാസ് വിദ്യാർത്ഥി

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലിയുടെ സഹായഹസ്തം; ഈ നന്മ അറിയാതെ പോകരുത്

ഈരാറ്റുപേട്ട: ശനിയാഴ്ച വൈകുന്നേരത്തെ ഏതാനും മണിക്കൂറുകൾ കൊണ്ട് നടത്തിയ ഈ നന്മ നാം അറിയാതെ പോകരുത്. അറുന്നൂറിൽ താഴെ മാത്രം അംഗങ്ങളുള്ള ഒരു ഈരാറ്റുപേട്ട പൗരാവലി എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജോടെയാണ് തുടക്കം.  പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശിനിയായ ഒരു സഹോദരിയുടെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായ മകളുടെ പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ അധികൃതർ പരീക്ഷാ ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും 49,000 രൂപ ഉടൻ അടക്കണമെന്നുമായിരുന്നു മെസേജ്. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതി ഈരാറ്റുപേട്ടയിലെ സാമൂഹ്യ പ്രവർത്തകനായ തന്റെ ഒരു മുൻ സഹപാഠിയോട് പങ്കുവെച്ച വിവരങ്ങൾ, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.  പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായിരുന്നു. എന്തു ചെയ്യാൻ കഴിയുമെന്ന ചർച്ചക്കു ശേഷം ഉടൻ തന്നെ ഗ്രൂപ്പിലെ അംഗങ്ങളിൽനിന്ന് കഴിയുന്നത്ര ഫണ്ട് സമാഹരിച്ച് നൽകാമെന്ന തീരുമാനത്തിലെത്തുകയും ഓരോരുത്തരായി തങ്ങളുടെ വിഹിതം കൈമാറുകയും ചെയ്തു. നൂറും ഇരുന്നൂറും 500 ഉം 1000 ഉം 2000 ഉം ഒക്കെയായി പണമെത്തിക്കൊണ്ടിരുന്നു. എത്തുന്ന പണത്തിന്റെ കണക്കുകളും ഗ്രൂപ്പിൽ അവതരിപ്പിച്ചുകൊണ്ടിരുന്നു. വിവരം അറിഞ്ഞവർ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർത്തുകൊണ്ട് അവരും ധനസമാഹരണത്തിൽ പങ്കാളികളാവുകയായിരുന്നു. രാത്രി പത്തരം കഴിഞ്ഞതോടെ ആവശ്യമായ തുക അക്കൗണ്ടിലെത്തിയതോടെ ധനസമാഹരണം നിർത്തിവെക്കുകയും കിട്ടിയ തുക വിദ്യാർഥിനിയുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.  വലിയൊരു പ്രതിസന്ധിയിൽനിന്ന് കരകയറാൻ എത്രയും വേഗം വഴിയൊരുക്കിയ ഈരാറ്റുപേട്ട പൗരാവലി ഗ്രൂപ്പിനും സഹായിച്ചവർക്കും ഒരുപാട് നന്ദിയുണ്ടെന്ന് കുട്ടിയുടെ മാതാവ് അറിയിച്ചു.

ജനറൽ

സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു

സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എം.എം.ആർ വാക്‌സിന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം. മീസില്‍സും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആര്‍ വാക്‌സീന്‍ ഇപ്പോള്‍ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുന്നുണ്ട്. മംപ്‌സ് പ്രതിരോധമരുന്നുകൂടി ഉള്‍പ്പെടുന്ന എംഎംആര്‍ വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്. സ്വകാര്യമേഖലയിൽ ശരാശരി 650 രൂപയാണ് വാക്സീന്റെ വില.