വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

യുഎഇയിലെ പൊതുമേഖലയ്ക്കും നബിദിന അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. അബുദാബി: നബി ദിനം പ്രമാണിച്ച് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒക്ടോബര്‍  എട്ടിന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അവധിക്ക് ശേഷം ഒക്ടോബര്‍ പത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നേരത്തെ തന്നെ ഒക്ടോബര്‍ എട്ടിന് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റിയതിനാല്‍, നിലവില്‍ ഞായറാഴ്ച ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഒക്ടോബര്‍ എട്ടാം തീയ്യതിയിലെ അവധിയുടെ പ്രയോജനമുണ്ടാകൂ. നബിദിനത്തിന് ശേഷം ഡിസംബറില്‍ വരാനിരിക്കുന്ന സ്‍മരണ ദിനം, യുഎഇ ദേശീയ ദിനം എന്നിവയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വര്‍ഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധികള്‍. ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിലാണ് ഈ അവധികള്‍ ലഭിക്കുക. ഡിസംബര്‍ നാലാം തീയ്യതി ഞായറാഴ്ചയായതിനാല്‍ അത് കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസം തുടര്‍ച്ചയായി ആ സമയത്ത് അവധി ലഭിക്കും.  

ജനറൽ

അറിയാം സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

സ്ട്രോബെറി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണത്തോടൊപ്പം അവ കഴിക്കുമ്പോൾ.  മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ്​. ഇതിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്... ഒന്ന്... സ്ട്രോബെറിയിൽ വർണ്ണാഭമായ പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് സംരക്ഷണ ഫലമുണ്ട്. ഇതിലെ ആന്തോസയാനിഡിനുകൾക്ക് കോശജ്വലന അവസ്ഥകളും ഹൃദ്രോഗവും തടയുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.  രണ്ട്... സ്ട്രോബെറി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണത്തോടൊപ്പം അവ കഴിക്കുമ്പോൾ.  മൂന്ന്... സ്ട്രോബെറിയിൽ പോളിഫെനോൾസ് എന്ന സംരക്ഷിത സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ എലാജിക് ആസിഡ്, എലാജിറ്റാനിൻസ് എന്നിവ ടൈപ്പ് 2 പ്രമേഹത്തിന്റെ ചില പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ചും അവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.  നാല്... ചില ക്യാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എലാജിക് ആസിഡും എലാജിറ്റാനിൻസും ഉൾപ്പെടെയുള്ള പോളിഫെനോളുകളുടെ സംയോജനമാണ് സംരക്ഷണ ഫലമെന്ന് കരുതപ്പെടുന്നു, സ്ട്രോബെറി ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.  അഞ്ച്... സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ തോതിൽ പുറത്തുവിടാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിനും കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

പ്രവാസം

യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സര്‍വീസ്; പരിമിതകാല ഓഫറുമായി എയര്‍ ഇന്ത്യ

ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ദുബൈ: ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 35 കിലോ ലഗേജാണ് അനുവദിക്കുക. അതേസമയം വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു.  നിരക്കുകൾ വെട്ടികുറച്ചാലും എയർ ഇന്ത്യയിൽ  മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് ഇരട്ടി ഇളവ് ലഭിക്കും. നിലവിൽ, സായുധ സേനാംഗങ്ങൾ, ഗാലൻട്രി അവാർഡ് ലഭിച്ചവർ, അർജുന അവാർഡ് ജേതാക്കൾ, രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവർ, അന്ധരായ ആളുകൾ, കാൻസർ രോഗികൾ, ലോക്കോമോട്ടർ വൈകല്യമുള്ളവർ എന്നിവർക്ക് എയർ ഇന്ത്യ ഇളവുകൾ നൽകുന്നുണ്ട്.  മൊത്തത്തിലുള്ള വിപണി സാഹചര്യം കണക്കിലെടുത്താണ് ഇളവുകൾ വെട്ടിക്കുറച്ചത് എന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എയർലൈനിന്റെ ടിക്കറ്റിംഗ് ഓഫീസുകളിൽ നിന്നോ കോൾ സെന്ററിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ടിക്കെറ്റുകൾ ബുക്ക് ചെയ്യുമ്പോൾ അടിസ്ഥാന  നിരക്കിൽ മാത്രമാണ് ഇളവ് നൽകുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എയർലൈനിന്റെ വെബ്‌സൈറ്റിൽ ഇളവുകൾ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. 

കേരളം

Kerala Rain : വീണ്ടും മഴ വരുന്നു; നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ 01-10-2022 മുതൽ 04-10-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 01-10-2022 മുതൽ 04-10-2022 വരെ:  കോമോറിന് പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. 01-10-2022: ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, ആന്ധ്രാ പ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. 02-10-2022: ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, തെക്ക് കിഴക്കൻ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. 03-10-2022 മുതൽ 04-10-2022 വരെ : ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും  ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

കേരളം

അൽപ്പം കുറച്ചു; പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്

പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.   

കേരളം

ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ല, പ്രാർത്ഥനയുള്ളവർ കഴിഞ്ഞിട്ട് പങ്കെടുത്താൽ മതിയെന്നും മന്ത്രി; വേദനാജനകമെന്ന് മാർത്തോമ്മ സഭയും

തിരുവനന്തപുരം:ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഗാന്ധിജയന്തിദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ചയായി പോയത് യാദൃച്ഛികമാണെന്നും എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാര്‍ഥന കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്താല്‍ മതി. ഏതെങ്കിലും ഒരു വിദ്യാര്‍ഥി ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ അത് കുറ്റമായി സര്‍ക്കാര്‍ കാണുന്നില്ല. മറ്റൊരു ദിവസം പരിപാടി നടത്താമെന്നാണ് കത്തോലിക്ക സഭ അറിയിച്ചത്. ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ലഹരിവിരുദ്ധ ക്യാംപെയ്ന്‍. ഇന്ന ദിവസം തന്നെ ലഹരിവിരുദ്ധദിനം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയോ വൈരാഗ്യബുദ്ധിയോ ഇല്ല. ക്യംപെയ്‌നില്‍ പങ്കെടുക്കാത്തത് കൊണ്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, നാളെ സ്‌കൂള്‍കള്‍ക്ക് അവധിയായിരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെസിബിസി അറിയിച്ചു. ഞായറാഴ്ചയിലെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ മറ്റൊരു ദിവസം നടത്താമെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കെസിബിസിക്ക് പിന്നാലെ മാർത്തോമാ സഭയും എതിർപ്പുമായി രംഗത്തുവന്നു. ഞായറാഴ്ച ക്രിസ്തീയ വിശ്വാസികൾക്ക് വിശുദ്ധ ദിനമാണ് നാളെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ നടത്തുന്നത് വേദനാജനകമാണെന്നും മാർത്തോമാ സഭ അറിയിച്ചു. എന്നാൽ സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന് പിന്തുണ നൽകുന്നതായും സഭ അറിയിച്ചു. ഇക്കാര്യത്തില്‍ ക്രൈസ്തവ നേതാക്കളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നും ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതുവികരാമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശികം

മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥക്ക് തുടക്കമായി

ഈരാറ്റുപേട്ട. സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് പരിസരത്ത് വച്ച് തുടക്കം കുറിച്ചു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ പതാക കൈമാറി. ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി,ഇമാം സുബൈർ മൗലവി, ഇമാം ഇബ്രാഹിംകുട്ടി മൗലവി ഹാഷിർ നദ് വി പി.ഇ.മുഹമ്മദ് സക്കീർഎന്നിവർ സംസാരിച്ചു. പടം .ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ  മയക്കുമരുന്നു മഹാവിപത്തിനെതിരെ യുള്ള ബോധവൽക്കരണ പ്രചാരണ ജാഥയുടെ പതാക കൈമാറുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ധർണ്ണ നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ഇന്ന് രാവിലെ 11:00 am ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളും ഭരണകക്ഷി നേതാക്കന്മാരും വ്യാപകമായ രീതിയിൽ വായ്പ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് ബാങ്കിന് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത് എന്നും ,കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതു പോലെ ഈരാറ്റുപേട്ടയിലും നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കുന്നതിനായി ആവശ്യമായ പണം സർക്കാർ നൽകണം എന്നും ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. മതിയായ സെക്യൂരിറ്റി ഇല്ലാതെ ലക്ഷകണക്കിന് രൂപ ഭരണ സമിതി അംഗങ്ങളും ,ഇടത് പക്ഷ നേതാക്കളും ഇവരുടെ ബന്ധുക്കളും വായ്പ്പ എടുത്തത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നും സ്വർണ്ണം പണയപ്പെടുത്തി വായ്പ്പ എടുത്തവർക്ക് സ്വർണ്ണം പോലും തിരികെ നൽകാൻ കഴിയാത്ത സ്ഥിതി ആണ് ഉള്ളതെന്നും ഡെയിലി കളക്ഷൻ അടച്ചവർക്കും ,ചിട്ടിപ്പണം അടച്ചവർക്കും പണം തിരികെ ലഭിക്കാതെ വരുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരത ആണെന്നും അഴിമതി നടത്തിയ ഭരണസമിതിക്കെതിരെയും ജീവനക്കാർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ധർണ്ണ നടത്തിയത് . ധർണ്ണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ‌അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,യു.ഡി.എഫ് നേതാക്കളായ സിറാജ് വി.എം ,എം .പി സലീം ,പി പി മജീദ് ,കെ എ മുഹമ്മദ് ഹാഷിം ,റസീം മുതുകാട്ടിൽ ,നാസർ വെള്ളൂ പറമ്പിൽ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,പി .എം അബ്ദുൾ ഖാദർ ,സുനിൽ കുമാർ ,ഷിയാസ് മുഹമ്മദ് ,അമീൻ പിട്ടയിൽ , ഒബി യഹിയ സലീം ,നിസാമുദ്ദീൻ എം.കെ ,കെ.ഇ.എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,എസ്.എം കെബീർ ,നൗഷാദ് വട്ടക്കയം ,അബ്ദുൽ കരീം അസീസ് പത്താഴപ്പടി ,നെ സീർ പാലയം പറമ്പിൽ ,തുടങ്ങിയവർ പ്രസംഗിച്ചു.