വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ല, പ്രാർത്ഥനയുള്ളവർ കഴിഞ്ഞിട്ട് പങ്കെടുത്താൽ മതിയെന്നും മന്ത്രി; വേദനാജനകമെന്ന് മാർത്തോമ്മ സഭയും

തിരുവനന്തപുരം:ഞായറാഴ്ചത്തെ ലഹരിവിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഗാന്ധിജയന്തിദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ചയായി പോയത് യാദൃച്ഛികമാണെന്നും എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാര്‍ഥന കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്താല്‍ മതി. ഏതെങ്കിലും ഒരു വിദ്യാര്‍ഥി ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ അത് കുറ്റമായി സര്‍ക്കാര്‍ കാണുന്നില്ല. മറ്റൊരു ദിവസം പരിപാടി നടത്താമെന്നാണ് കത്തോലിക്ക സഭ അറിയിച്ചത്. ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുന്നതല്ല ലഹരിവിരുദ്ധ ക്യാംപെയ്ന്‍. ഇന്ന ദിവസം തന്നെ ലഹരിവിരുദ്ധദിനം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയോ വൈരാഗ്യബുദ്ധിയോ ഇല്ല. ക്യംപെയ്‌നില്‍ പങ്കെടുക്കാത്തത് കൊണ്ട് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, നാളെ സ്‌കൂള്‍കള്‍ക്ക് അവധിയായിരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെസിബിസി അറിയിച്ചു. ഞായറാഴ്ചയിലെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ മറ്റൊരു ദിവസം നടത്താമെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കെസിബിസിക്ക് പിന്നാലെ മാർത്തോമാ സഭയും എതിർപ്പുമായി രംഗത്തുവന്നു. ഞായറാഴ്ച ക്രിസ്തീയ വിശ്വാസികൾക്ക് വിശുദ്ധ ദിനമാണ് നാളെ ലഹരിവിരുദ്ധ ക്യാംപെയ്ന്‍ നടത്തുന്നത് വേദനാജനകമാണെന്നും മാർത്തോമാ സഭ അറിയിച്ചു. എന്നാൽ സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന് പിന്തുണ നൽകുന്നതായും സഭ അറിയിച്ചു. ഇക്കാര്യത്തില്‍ ക്രൈസ്തവ നേതാക്കളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നും ലഹരിക്കെതിരായ ക്യാംപെയ്ന്‍ പൊതുവികരാമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശികം

മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥക്ക് തുടക്കമായി

ഈരാറ്റുപേട്ട. സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നു മഹാവിപത്തിനെതിരെ ബോധവൽക്കരണ പ്രചാരണ ജാഥ ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് പരിസരത്ത് വച്ച് തുടക്കം കുറിച്ചു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ പതാക കൈമാറി. ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി,ഇമാം സുബൈർ മൗലവി, ഇമാം ഇബ്രാഹിംകുട്ടി മൗലവി ഹാഷിർ നദ് വി പി.ഇ.മുഹമ്മദ് സക്കീർഎന്നിവർ സംസാരിച്ചു. പടം .ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൗസ് ആഫീസർ ബാബു സെബാസ്റ്റ്യൻ  മയക്കുമരുന്നു മഹാവിപത്തിനെതിരെ യുള്ള ബോധവൽക്കരണ പ്രചാരണ ജാഥയുടെ പതാക കൈമാറുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് ധർണ്ണ നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ ഇന്ന് രാവിലെ 11:00 am ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളും ഭരണകക്ഷി നേതാക്കന്മാരും വ്യാപകമായ രീതിയിൽ വായ്പ തട്ടിപ്പ് നടത്തിയതുകൊണ്ടാണ് ബാങ്കിന് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത് എന്നും ,കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതു പോലെ ഈരാറ്റുപേട്ടയിലും നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കുന്നതിനായി ആവശ്യമായ പണം സർക്കാർ നൽകണം എന്നും ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. മതിയായ സെക്യൂരിറ്റി ഇല്ലാതെ ലക്ഷകണക്കിന് രൂപ ഭരണ സമിതി അംഗങ്ങളും ,ഇടത് പക്ഷ നേതാക്കളും ഇവരുടെ ബന്ധുക്കളും വായ്പ്പ എടുത്തത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നും സ്വർണ്ണം പണയപ്പെടുത്തി വായ്പ്പ എടുത്തവർക്ക് സ്വർണ്ണം പോലും തിരികെ നൽകാൻ കഴിയാത്ത സ്ഥിതി ആണ് ഉള്ളതെന്നും ഡെയിലി കളക്ഷൻ അടച്ചവർക്കും ,ചിട്ടിപ്പണം അടച്ചവർക്കും പണം തിരികെ ലഭിക്കാതെ വരുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരത ആണെന്നും അഴിമതി നടത്തിയ ഭരണസമിതിക്കെതിരെയും ജീവനക്കാർക്ക് എതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ധർണ്ണ നടത്തിയത് . ധർണ്ണയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ‌അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് ,യു.ഡി.എഫ് നേതാക്കളായ സിറാജ് വി.എം ,എം .പി സലീം ,പി പി മജീദ് ,കെ എ മുഹമ്മദ് ഹാഷിം ,റസീം മുതുകാട്ടിൽ ,നാസർ വെള്ളൂ പറമ്പിൽ ,അൻസർ പുള്ളോലിൽ ,ഫസൽ റഷീദ് ,പി .എം അബ്ദുൾ ഖാദർ ,സുനിൽ കുമാർ ,ഷിയാസ് മുഹമ്മദ് ,അമീൻ പിട്ടയിൽ , ഒബി യഹിയ സലീം ,നിസാമുദ്ദീൻ എം.കെ ,കെ.ഇ.എ ഖാദർ ,നിയാസ് വെള്ളൂ പറമ്പിൽ ,എസ്.എം കെബീർ ,നൗഷാദ് വട്ടക്കയം ,അബ്ദുൽ കരീം അസീസ് പത്താഴപ്പടി ,നെ സീർ പാലയം പറമ്പിൽ ,തുടങ്ങിയവർ പ്രസംഗിച്ചു.

ലോകം

അമേരിക്കയില്‍ ദുരിതം വിതച്ച് ഇയാന്‍; കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 42 ആയി

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിരണ്ടായി ഉയര്‍ന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പുവരുത്തി. കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് ഒഴിഞ്ഞുമാറുവാന്‍ അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. ഇതുവരെ കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞ എല്ലാ പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് അപകടകാരിയായ ഇയാന്‍ ഫ്‌ളോറിഡയില്‍ എത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ലോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകും ഇത്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന വെള്ളം ഒഴുകുവാന്‍ മാര്‍ഗങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളം

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ ഘട്ടത്തില്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തുവെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നായിരുന്നു എന്‍ഐഎ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ അഞ്ച് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ സംസ്ഥാനത്തും നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.      

ഇൻഡ്യ

കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനം ഇന്ന് ആരംഭിക്കും

നീണ്ട വർഷങ്ങളായി 5ജി സേവനങ്ങൾക്കുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് എഡിഷന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുക. ആദ്യ ഘട്ടത്തിൽ ദീപാവലിയോടെ പ്രധാന മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി സേവനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ ഇതിനോടകം ടെലികോം സേവന ദാതാക്കൾ ആരംഭിച്ചിട്ടുണ്ട്. 2024 ഓടെയാണ് രാജ്യത്തിന്റെ വിവിധ ഗ്രാമീണ മേഖലകളിൽ 5ജി എത്തിക്കുക. 5ജി ലേല നടപടികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കകം ഒക്ടോബറിൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെലും പ്രഖ്യാപിച്ചിരുന്നു. അതേസമയം, 4ജി സിം കാർഡ് കൈവശമുള്ളവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് ഇതിനോടകം എയർടെൽ അറിയിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ നാളെ തുടങ്ങും. കുട്ടികളിലെ ലഹരി വ്യാപനം തടയാനായി 1,80,000 അധ്യാപകർക്ക് എക്സൈസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെതിരെ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗവും ലഹരി കടത്തിലും ലഹരി ഉപയോഗത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നതിൽ 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണവും വർ‍ദ്ധിക്കുകയാണ്. പോലീസും എക്സൈസും മാത്രം വിചാരിച്ചാൽ പ്രതിരോധം സാധ്യമാകില്ലെന്ന തിരിച്ചവിലാണ് ജനകീയ ക്യാമ്പയിനിലേക്ക് സർക്കാർ കടന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാനതല സമിതി മുതൽ വാർഡ് തല സമിതി വരെ രൂപീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന ബോധവത്കരണം. 230 അധ്യാപകർക്ക് ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. ലഹരി ഉപയോഗിക്കുന്ന കുട്ടികളുലുണ്ടാകുന്ന സ്വഭാവ വ്യത്യാസം, ലഹരിമരുന്നുകളെ കുറിച്ചുള്ള അറിവുമെല്ലാം പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയിരുന്നു.  

ജനറൽ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ, ശരീരത്തിൽ ആവിശ്യമായ ഹീമോഗ്ലോബിൻ വേണമെന്നാണ് വിദഗ്ദർ പറയുന്നത്. ചില ഭക്ഷണങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ബീറ്റ്റൂട്ട് ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു. ക്യാരറ്റ്, ഓറഞ്ച്, നെല്ലിക്ക എന്നിവ ചേർത്തുളള ബീറ്റ്റൂട്ട് ജ്യൂസ് ഹീമോഗ്ലോബിൻ അളവ് കൂട്ടുന്നതിനുളള മികച്ച ഒന്നാണ്. മുട്ട ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ, വിറ്റാമിൻ ഡി, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി , ഇരുമ്പ് തുടങ്ങിയ ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ വിളർച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വർദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. മാതള നാരങ്ങ ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ, ധാരാളം കാർബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ചീര കുറഞ്ഞ കലോറിയും ഉയർന്ന അളവിൽ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ, ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും ഇതിലുണ്ട്. ഈന്തപ്പഴം ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിൻറെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയിൽ നിന്ന് വ്യത്യസ്‍തമാക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഇരുമ്പിന്റെ ധാരാളം ഉറവിടങ്ങൾ ഈന്തപ്പഴം നൽകുന്നു.