വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം: 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ഗാസയിൽ വീണ്ടും രൂക്ഷമായ ആക്രമണം നടത്തി. ഇന്നലെ മാത്രം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നുസൈറത്തിലെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന ഒരു സ്കൂളിനു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഇസ്രയേൽ സൈനികർക്കു നേരെ ഹമാസ് ആക്രമണം നടത്തിയെന്നും, ഇതിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേൽ തിരിച്ചടിച്ചത്. എന്നാൽ, ഈ ആരോപണം ഹമാസ് നിഷേധിച്ചു. ആക്രമണം ന്യായീകരിക്കാൻ ഇസ്രയേൽ പതിവായി ഇത്തരം കള്ളാരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ഹമാസിന്റെ പക്ഷം. വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 97 പേർ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചു എന്ന് ആരോപിച്ച്, ഹമാസിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഹമാസ് വെടിയുതിർത്തു എന്നാരോപിച്ചാണ് റഫ ഉൾപ്പെടെയുള്ള ഗാസയിലെ നിരവധി മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.

കോട്ടയം

പാല സബ് ഡിവിഷനിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നു.

മണ്ഡല മകരവിളക്ക് കാലത്തേക്ക് മുൻവർഷത്തെ പോലെ പാലാ സെക്ടറിലേക്ക്( പാലാ പോലീസ് സബ് ഡിവിഷൻ പരിധിക്കുള്ളിൽ ) നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും  SPO(Special Police Officer) മാരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 25-10-2025 ന് മുൻപായി പാലാ Dysp ഓഫീസിൽ നിശ്ചിത അപേക്ഷാഫോമിൽ അപേക്ഷ നൽകേണ്ടതാണ്.NCC, SPC, EX. MILITARY ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.SPO മാരായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ്.25 വേക്കൻസിയാണ് റിപ്പോർട്ട് ആയിട്ടുള്ളത്. മണ്ഡല മകരവിളക്ക് കാലയളവിലേക്ക് ആയിരിക്കും നിയമനം. പ്രധാനമായും ട്രാഫിക് ഡ്യൂട്ടികളാണ് SPO മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.

കോട്ടയം

ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് 23-10-2025, തീയതി (1.00 pm മുതൽ 7.00 pm) വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട്

🚑 23-10-2025 തീയതി 1.00 പി. എം മുതൽ 7.00 പി.എം വരെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം ടൗൺ വഴി പോകേണ്ട ആംബുലൻസ്, മറ്റ് ഹോസ്‌പിറ്റൽ എമർജൻസി വാഹനങ്ങൾക്കായി നിർണ്ണയിച്ചിരിക്കുന്ന റൂട്ട് ⛔ എം.സി റോഡിലൂടെ തിരുവല്ല ഭാഗത്ത് നിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് തെങ്ങണ പുതുപ്പള്ളി, മണർകാട്, പൂവത്തുംമൂട്, സംക്രാന്തി വഴി MCH ൽ എത്തേണ്ടതാണ്. ⛔ ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നും വരുന്ന ആംബുലൻസുകളും മറ്റ് ആശുപത്രി സംബന്ധമായ എമർജൻസി വാഹനങ്ങളും ഇടയാഴം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കല്ലറ വഴി MCH എത്തേണ്ടതാണ്. ⛔ കെ. കെ റോഡിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണർകാട് എത്തി പൂവത്തുംമൂട് പാലം വഴി MCH ൽ എത്തേണ്ടതാണ്. ⛔ പാലാ, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളിൽ നിന്നും വരുന്ന ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എത്തി അതിരമ്പുഴ യൂണിവേഴ്‌സിറ്റി വഴി MCH ൽ എത്തേണ്ടതാണ്.  23-10-2025 ൽ 01.00 പി.എം മുതൽ 07.00 പി. എം വരെയും, 24-10-2025 ൽ 06.00 എ.എം മുതൽ 11.00 എ. എം വരെയും കോട്ടയം ടൗൺ വഴി പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. ⛔ മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നുംവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്ഷനിൽ നിന്നും തിരിഞ്ഞ് ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്. ⛔ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശ്ശേരി ടൗണിൽനിന്നും കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്- ഏറ്റുമാനൂർ ബൈപ്പാസ് വഴി പോകേണ്ടതാണ്. ⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകൾ വട്ടമൂട് പാലം കയറി തിരുവഞ്ചൂർ വഴി പോകേണ്ടതാണ്. തിരുവഞ്ചൂർ മുതൽ വട്ടമൂട് വരെയുള്ള ഭാഗം One Way ആയിരിക്കും. ⛔. ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ മാവിളങ്ങ് ജംക്ഷനിൽ നിന്നും തിരിഞ്ഞ് പാക്കിൽ, പൂവൻതുരുത്ത്, കടുവാക്കുളം, നാൽക്കവല വഴി പുതുപ്പള്ളിയെത്തി പോകേണ്ടതാണ്. ⛔ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന KSRTC ബസുകൾ പുളിമൂട് ജംക്ഷനിൽനിന്നും തിരിഞ്ഞ് KSRTC സ്‌റ്റാൻ്റിലേക്ക് പോകാവുന്നതാണ്. ⛔ പൊൻകുന്നം, കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകൾ ഐഡ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡെ കളക്ടറേറ്റ് ജംഗ്ഷൻ കഞ്ഞിക്കുഴി, മണർകാട് വഴി പോകേണ്ടതാണ്. ⛔ എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട KSRTC ബസുകൾ ഐഡ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ വഴി ശീമാട്ടി റൗണ്ട് ചുറ്റി സെൻട്രൽ ജംക്ഷനിലെത്തി അവിടെനിന്നും KK റോഡെ കളക്റ്ററേറ്റ് ജംക്ഷൻ, കുഞ്ഞിക്കുഴി മണർകാട്, ഏറ്റുമാനൂർ വഴി പോകേണ്ടതാണ്. ⛔ ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽനിന്നും കോട്ടയംടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ ബണ്ട് റോഡിൽനിന്നും തിരിഞ്ഞ് ഇടയാഴം, കല്ലറ, നീണ്ടുർ വഴി പോകേണ്ടതാണ്. ⛔ ചേർത്തല ഭാഗത്തുനിന്നും കുമരകത്തേക്ക് വരുന്ന ബസുകൾ മണിയാപറമ്പ് റോഡ് ജംഗ്ഷനിൽ സർവീസ് നിർത്തി തിരികെ പോകേണ്ടതാണ്. ⛔ വൈക്കം-കുമരകം റോഡിലൂടെ വരുന്ന കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടയാഴം ജംഗ്ഷനിൽനിന്നും തിരിഞ്ഞ് കല്ലറ നീണ്ടൂർ വഴി പോകേണ്ടതാണ്. ⛔ കല്ലറ നീണ്ടൂർ ഭാഗങ്ങളിൽനിന്നും പനമ്പാലം വഴികോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങൾ കുടമാളൂർ കുരിശുപള്ളി ജംഗ്ഷനിൽനിന്നും തിരിഞ്ഞ് പുളിഞ്ചുവട്, കുമാരനല്ലൂർ മേൽപ്പാലം വഴി പോകേണ്ടതാണ്. ⛔ ചിങ്ങവനം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് വരുന്ന പ്രൈവറ്റ് ബസുകൾ കോടിമത സ്‌റ്റാന്റിൽ സർവീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്. ⛔ ദിവാൻ കവലയിൽ നിന്നും കുഞ്ഞിക്കുഴി ഭാഗത്തേക്ക് വാഹനങ്ങൾ പോകുവാൻ പാടില്ല. ⛔ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നുംഎറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മെഡിക്കൽ കോളേജ് കുരിശുപള്ളി ജംക്ഷനിൽനിന്നും അമ്മഞ്ചേരി, യൂണിവേഴ്‌സിറ്റി, അതിരമ്പുഴ വഴി അതിരമ്പുഴ ഉപ്പുപുര ജംക്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം ജംഗ്ഷനിലെത്തി പോകേണ്ടതാണ്. 🟥 ഒക്ടോബർ 23, 12.00 പി. എം മുതൽ 07.00 പി.എം വരെയും ഒക്ടോബർ 24, 12.30 എ. എം മുതൽ 12.00 പി.എം വരെയും റോഡ് അരികുകളിലും ജംഗ്ഷനുകളിലും പാർക്കിംങ്ങും തട്ടുകട ഉൾപ്പടെയുള്ള വഴിയോര വാണിഭങ്ങളും, ഓട്ടോ, ടാക്‌സി സ്‌റ്റാൻഡുകളും, കർശനമായി നിരോധിച്ചിരിക്കുന്നു. 🟥  23-10-2025 തീയതി പാലായിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം. ⛔ പാലാ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും  പൊൻകുന്നം പാലം കയറി പൊൻകുന്നം റോഡിൽ പൈക ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് കൊഴുവനാൽ -മറ്റക്കര അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്. ⛔ തൊടുപുഴ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ നിന്നോ കൊല്ലപ്പള്ളിയിൽ നിന്നോ വലത്തോട്ട് തിരിഞ്ഞ് രാമപുരം, വഴി എം. സി റോഡിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്. ⛔ പാലാ ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലാ- സിവിൽസ്‌റ്റേഷൻ - ആർ. വി ജംഗ്ഷൻ തിരിഞ്ഞ് മരങ്ങാട്ടുപള്ളി-കോഴ, കുറവിലങ്ങാട് വഴി എം.സി റോഡിലെത്തി പോകേണ്ടതാണ്. ⛔ ഈരാറ്റുപേട്ട ഭാഗത്തു നിന്നും കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിടനാട് കാഞ്ഞിരപ്പള്ളി വഴി കെ കെ റോഡിലെത്തിയോ ഭരണങ്ങാനം പള്ളി ഭാഗത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടമറ്റം, പൈക - വഴി പൊൻകുന്നം ഭാഗത്തേക്കും പൈക ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് കൊഴുവനാൽ മറ്റക്കര- അയർക്കുന്നത്തെത്തി കോട്ടയം ഭാഗത്തേക്കും പോകേണ്ടതാണ്.    

മരണം

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം വെങ്ങല്ലൂര്‍ സ്വദേശികളായ 2 പേര്‍ മരിച്ചു മരിച്ചത് ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍

തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർ‌ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

പ്രാദേശികം

കേരളോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല കേരളോത്സവം 2025 ഒക്ടോബര്‍ 18.19 (ശനി.ഞായര്‍) ദിവസങ്ങളിലായി സംഘടിപ്പിച്ചുതലപ്പലം പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ബഹുമാനപ്പെട്ട പാലാ എം.എല്‍.എ ശ്രീ.മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു..വൈസ് പ്രസിഡന്റ് ശ്രീ.കുര്യന്‍ നെല്ലുവേലില്‍ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനന്ദ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അജിത് കുമാര്‍.ബി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.മേഴ്സി മാത്യു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി.ഓമനഗോപാലന്‍,ശ്രീമതി.ശ്രീകലാ.ആര്‍ശ്രീ.ജോസഫ് ജോര്‍ജ്,ശ്രീമതി.മിനി സാവിയോ,ശ്രീ.ജെറ്റോ ജോസ്,എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.സാജന്‍.എം,കൃതജ്ഞത അറിയിച്ചു.ജി.ഇ.ഒ ശ്രീ.ജയകൃഷ്ണന്‍ പി.കെ,കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു.സമാപന സമ്മേളനം 2025 ഒക്ടോബര്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 3 പി.എം.ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബഹുമാനപ്പെട്ട പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും

കോട്ടയം

വാഗമൺ ഈരാറ്റുപേട്ട റോഡിൽ കാരികാട് ടോപ്പിന് സമീപം പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

വാഗമൺ ഈരാറ്റുപേട്ട റോഡിൽ പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാരികാട് ടോപ്പിന് സമീപം എട്ടാം മൈലിൽ മൂന്നരയോടെയാണ് അപകടമുണ്ടായത്. 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് ആൾതാമസം ഇല്ലാത്ത വീടിന് മുകളിലേക്കാണ് പതിച്ചത്. ജീപ്പിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കോട്ടയം

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയത്ത് പശ്ചിമബംഗാള്‍ കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് വന്നെന്നും, ഒരാളെ കൂടി വേണമെന്ന് പറഞ്ഞ് ഭാര്യയേയും കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊലപാതക ദിവസം സംഭവമുണ്ടായ സ്ഥലത്ത് സോണിയും അല്‍പനയും എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞ 14ാം തിയതി മുതല്‍ അല്‍പനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പ്രദേശത്ത് ജോലി ചെയ്ത് വരികയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പല ജോലികളും ചെയ്ത് വരികയായിരുന്നു.

കോട്ടയം

കാമുകനോട് പിണങ്ങി യുവതി കായലിൽ ചാടി;

കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍. ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലില്‍ ചാടിയ യുവാവ് മുങ്ങിത്താഴ്ന്നതോടെയാണ് ആ ഭാഗത്തുകൂടി പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷയ്‌ക്കെത്തിയത് പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്. ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. രാജേഷും മറ്റുള്ളവരും ബോട്ട് കൈകാട്ടി വിളിച്ചു. ഉടന്‍ തന്നെ ബോട്ട് അവിടേയ്ക്ക് എത്തി. ഈ സമയം മുനീര്‍ തളര്‍ന്നിരുന്നു ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി യുവതിയെ പിടിച്ചുകയറ്റി. തുടര്‍ന്ന് മുനീറിനായി കയര്‍ ഇട്ടുനല്‍കി. തൊട്ടുപിന്നാലെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈരാറ്റുപോട്ട സ്വദേശിയാണ് യുവാവ് . കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പള്ളിത്തോട്ടം ഗാന്ധി നഗര്‍ സ്വദേശിയാണ് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച മുനീര്‍. വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കുന്നതിനായി മുനീര്‍ മുന്‍പ് പരിശീലനം നേടിയിട്ടുണ്ട്. മുന്‍പ് തമിഴ്‌നാട്ടില്‍ കടലില്‍ വീണ ആളെ മുനീര്‍ രക്ഷിച്ചിട്ടുണ്ട്.