പക്ഷിപ്പനി: കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾക്ക് നിയന്ത്രണം
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളിൽ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്.കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ 2024 ഡിസംബർ 31 വരെ കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല. നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന ഫാമുകളിൽ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളെയോ കൊണ്ടുവരാൻ പാടില്ല. നിയന്ത്രണ മേഖലകളിൽ പ്രവർത്തിക്കുന്ന ഹാച്ചറികളിൽ വിരിയുന്നതിനായി വച്ച മുട്ടകൾ നശിപ്പിക്കണം.