വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു

മുണ്ടക്കയം: മുണ്ടക്കയം-വാഗമൺ റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. നിലവിൽ വല്യേന്ത വരെ എത്തിനിൽക്കുന്ന റോഡ് തുടർന്ന് 7 കിലോമീറ്റർ പൂർത്തീകരിച്ചാണ് മുണ്ടക്കയം- വാഗമൺ റോഡ് നിർമ്മിക്കുന്നത്. ഇതിനായി 2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ 12 കോടി രൂപയും 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 5 കോടി രൂപയും വകയിരുത്തിയിരുന്നു. ഇപ്രകാരം ലഭ്യമായ 17 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത്. റോഡ് നിർമ്മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഇളംകാട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി മുണ്ടക്കയത്തു നിന്നും 22 കിലോമീറ്റർ മാത്രം സഞ്ചരിച്ച് വിനോദ സഞ്ചാരികൾക്ക് വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും. കൂടാതെ വാഗമൺ മലനിരകളുടെ ഇനിയും സഞ്ചാരികൾ കാര്യമായി കടന്നു ചെന്നിട്ടില്ലാത്ത പുതിയ പ്രദേശങ്ങളിലൂടെ ഈറോഡ് കടന്നുപോകുന്നു എന്നുള്ളത് വാഗമണ്ണിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും റോഡ് നടന്നുപോകുന്ന ഒറ്റമരം, കോലാഹലമേട്, തങ്ങൾപാറ തുടങ്ങിയ പ്രദേശങ്ങളുടെ എല്ലാം സമഗ്രമായ വികസനത്തിനും ഉപകരിക്കും. ഈ പ്രദേശങ്ങളിൽ നൂറുകണക്കിന് ഏക്കർ റവന്യൂ ഭൂമി ഉള്ളതിനാൽ ടൂറിസം അധിഷ്ഠിതവും, മറ്റിതരവുമായ നിരവധിയായ പുതിയ സംരംഭങ്ങളും പ്രസ്ഥാനങ്ങളും സർക്കാർ ഉടമസ്ഥതയിൽ തന്നെ ആരംഭിക്കുന്നതിനും കഴിയും. ഇപ്പോൾ തന്നെ ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ ഇളങ്കാട് കേന്ദ്രീകരിച്ചും, കോലാഹലമേട് കേന്ദ്രീകരിച്ചും പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്. കൂടാതെ ഭാവിയിൽ എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുമ്പോൾ ദേശീയ- അന്താരാഷ്ട്ര തലങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്ക് 36 കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഇതുവഴി വാഗമണ്ണിൽ എത്തിച്ചേരാൻ കഴിയും എന്നുള്ളതും ഭാവിയിൽ വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ വർദ്ധിപ്പിക്കുന്നതാണ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ പൊതുവായ വികസനത്തിനും, പ്രത്യേകമായി മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, പാറത്തോട് ഗ്രാമപഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിക്കും ഈ പാത ഉപകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

കേരളം

കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെണ്‍കുട്ടിയുടേതും; ഹിജാബ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം:കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രൂക്ഷ വിമർശനവുമായി രംഗത്ത്. "ഓപ്പറേഷൻ സക്‌സസ്, പക്ഷെ രോഗി മരിച്ചു" എന്ന അവസ്ഥയാണിതെന്നും, വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങിയത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി "വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി.അതുകൊണ്ട് കാര്യമില്ലല്ലോ, വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ?" എന്നും അദ്ദേഹം ചോദിച്ചു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്കൂളിൽ ഉണ്ടായ പ്രശ്‌നം. നിയമം മാത്രം നോക്കിയാൽ പോര, എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് വേണം. ഛത്തീസ്‌ഗഢിലെ കാര്യം നമ്മൾ പറയുമ്പോൾ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണ്. ഇത് 'ഗിവ് ആൻഡ് ടേക്ക്' പോളിസിയിൽ പോകേണ്ട കാര്യമാണ്, അല്ലാതെ നിയമം നോക്കിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാൻ കഴിയില്ല. ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെൺകുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടർന്ന് ക്ലാസിൽ പ്രവേശനം നിഷേധിക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. മാനസികമായി ബുദ്ധിമുട്ടുള്ള കുട്ടി, സ്വന്തം ആവശ്യപ്രകാരമാണ് ടി.സി. വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ അനുകൂല റിപ്പോർട്ടിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനും ശേഷവും സ്കൂൾ അധികൃതർ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഈ ദുരവസ്ഥ.

കോട്ടയം

കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

കോട്ടയം:കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ സൗത്ത് മാന്താടി കവലയ്ക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സോമനെ (74) കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വെളുപ്പിന് ഒന്നരയോടെയാണ് സംഭവം. കിടപ്പുരോഗിയായ ഭാര്യയെയും ഇളയ മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മേസ്തിരിപ്പണിക്കാരനായ സോമൻ ശ്രമിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭിന്നശേഷിക്കാരനായ ഇളയമകനെ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനിടെ, നിലവിളി കേട്ട് മൂത്തമകൻ ഓടിയെത്തി കൊലപാതകശ്രമം തടയുകയായിരുന്നു. കൊലപാതകത്തിനു ശേഷം നിർവികാരനായി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്ന സോമൻ. കൊലപാതകം നടന്ന വിവരം മൂത്തമകൻ സമീപവാസിയായ പഞ്ചായത്തംഗം പി. ടി. സനിൽകുമാറിനെ അറിയിച്ചു. തുടർന്ന് കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളം

കനത്ത മഴ;,മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്.സെക്കന്‍ഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങിൽ അതിശക്തമായ മഴ പെയ്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.രാവിലെ 137 അടിക്ക് മുകളിൽ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്. രാവിലെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് അറിയിക്കുകയായിരുന്നു. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് നോക്കി ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകള്‍ തുറക്കും. ഇതിനിടെ, ഇടുക്കി കല്ലാര്‍ അണക്കെട്ടും തുറന്നു അതേസമയം ഇടുക്കിയിൽ അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയിൽ ശക്തമായ മഴ തുടരുകയാണ്.

പ്രാദേശികം

അരുവിത്തുറ കോളേജിൽ നിന്നും ഭക്ഷ്യസുരക്ഷാ പരിശീലനം നേടി അധ്യാപക വിദ്യാർത്ഥികൾ

അരുവിത്തുറ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ  ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് പരിശീലനം നേടി സിപിഎഎസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥികൾ. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "മെച്ചപ്പെട്ട ഭക്ഷണത്തിലൂടെ മെച്ചപ്പെട്ട ഭാവിക്കായി കൈകോർക്കാം " എന്ന  ലോക ഭക്ഷ്യ ദിനത്തിന്റെ സന്ദേശം മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായബിൻസ് കെ തോമസ്, എംഎസ്സ സി ഫുഡ് ടെക്നോളജി വിദ്യാർത്ഥി കെവിൻ തോമസ് മാത്യു, ബിഎസ്സി ഫുഡ് സയൻസ് വിദ്യാർത്ഥികളായ അഗസ്റ്റിൻ വടക്കേൽ എലിസബത്ത് ഷൈജു എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് വിതരണം ചെയ്തു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് മർദ്ദനം

ഈരാറ്റുപേട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് മർദ്ദനം.ഇന്ന് ഉച്ചക്ക് 12:45 ഓട് കൂടി കെഎസ്ഇബി ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്യുന്ന ഹബീബിന്, കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനിടെ ക്രൂരമായ മർദ്ദനമേറ്റു. ഈരാറ്റുപേട്ട കോസ്‌വേ പാലത്തിനടുത്തുള്ള വീട്ടിൽ വൈദ്യുതി കുടിശിക വരുത്തിയ ഉപഭോക്താവിനോട് കുടിശ്ശിക അടയ്ക്കുന്നതും ആയി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യ വാക്കുകൾ പറയുകയും വയറ്റിൽ ചവിട്ടുകയും തലയിലും മൂക്കിലും ശക്തമായി ഇടിക്കുകയും താഴെ വീഴ്ത്തുകയും ചെയ്തു എന്നാണ് ആരോപണം. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ലൈൻ മാനേ സഹപ്രവർത്തകർ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

പ്രാദേശികം

ലോക ഭക്ഷ്യദിനം ; വിദ്യാർഥിനികളുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. എസ് പി സി, സാഫ്, ഗൈഡിങ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാരമ്പര്യ വിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, ജ്യൂസുകളും സാലഡുകളും തുടങ്ങിയ വിഭാഗങ്ങളിൽ വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർഥിനികളെ ബോധവൽക്കരിക്കുന്നതിന് പോഷക സമ്പുഷ്ടമായ സമീകൃതാഹാരത്തിൻ്റെ പ്രതീകമായ ഫുഡ് പ്ലേറ്റ് സ്റ്റാളിൽ സജ്ജമാക്കി.  കൂടാതെ ചീരപരിചയം എന്ന പേരിൽ സാഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക കൗണ്ടറിൽ വിവിധയിനം നാടൻ ചീരകളുടെ പ്രദർശനവും നടന്നു.  എസ് പി സിയുടെ നേതൃത്വത്തിൽ ഒരുവയറൂട്ടാം പദ്ധതിയുടെ ഭാഗമായി കരുണ അഭയകേന്ദ്രത്തിലേക്ക് പൊതിച്ചോറുകൾ എസ് പി സി കേഡറ്റുകൾ ശേഖരിച്ച് കൈമാറി. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി.ജി.അലക്സാണ്ടർ ഫുഡ് ഫെസ്റ്റ് സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് എംപി ലീന, അധ്യാപകരായ മുഹമ്മദ് ലൈസൽ, പി എസ് റമീസ്, മാഹിൻ സി എച്ച്, ജ്യോതി പി നായർ, ഖദീജ ഫൈസൽ, ഷൈനാസ്, പി ജി ജയൻ, മുക്താർ നജീബ്, കെ എസ് ഷെരീഫ്, എന്നിവർ നേതൃത്വം നൽകി.    

പ്രാദേശികം

കരുണയിലേക്ക് പൊതിച്ചോറുകളുമായി എസ് പി സി കേഡറ്റുകൾ

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി ഒരുനേരത്തെ ഉച്ചഭക്ഷണം നൽകുന്ന' ഒരുവയറൂട്ടാം ' പദ്ധതിയ്ക്ക് തുടക്കമായി. ലോക ഭക്ഷ്യദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ എസ് പി സി കേഡറ്റുകൾ സമാഹരിച്ച പൊതിച്ചോറുകൾ ഹെഡ്മിസ്ട്രസ് എം പി ലീന കരുണ അഭയകേന്ദ്രം പ്രതിനിധി യൂസഫ് പുതുപ്പറമ്പിലിന് കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, അധ്യാപകനായ മുഹമ്മദ് ലൈസൽ, എസ് പി സി ജൂനിയർ, സീനിയർ കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു. കരുണ അഭയ കേന്ദ്രത്തിലേക്കായി 73 പൊതിച്ചോറുകൾ കേഡറ്റുകൾ സമാഹരിച്ചു. തുടർന്ന് എല്ലാ വ്യാഴാഴ്ച്ചകളിലും പൊതിച്ചോറുകൾ ശേഖരിച്ച് നൽകും