വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും., സംസ്കാരം ശനിയാഴ്ച

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. അതേസമയം, കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.

ഇൻഡ്യ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു.

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ

ഒഴിവ് വോക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 27ന് കോട്ടയത്ത്

 കോട്ടയം ജില്ലാ എപ്ലോയബിലിറ്റി സെന്ററിൽ നൂറ്റിഅൻപതിലധികം ഒഴിവുകളിലേയ്ക്ക്  വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 27 ന് രാവിലെ 10ന് കോട്ടയം കളക്‌ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എപ്ലോയബിലിറ്റി സെന്ററിലാണ് ഇന്റർവ്യൂ. എപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 250 രൂപ ഫീസടച്ച് സ്‌പോട് രജിസ്‌ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2563451.

പ്രാദേശികം

കെ .എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു സമരം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന മുദ്രയായ പൊതു ഗതാഗത സംവിധാനം ലാഭ നഷ്ടം നോക്കി പ്രവർത്തിക്കേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ജനങ്ങൾക്ക് എന്നും ഉപകാരപ്പെടേണ്ടതാണ്. കെ.എസ്.ആർ.ടി.സിയുടെ വിവിധ മേഖലകളിൽ വികസനം കൊണ്ടുവരുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോയെമാത്രം അവഗണിച്ച് മാറ്റി നിർത്തുന്നതിന്റെ ഉത്തരവാദിത്തം ഭരണത്തിലിക്കുന്ന എം.എൽ.എ ഉൾപ്പെടെയുള്ളവർക്കാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. സാജിദ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ.എച്ച് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർമാരായ എസ്.കെ. നൗഫൽ, സഹ്‌ല ഫിർദൗസ്, സാമൂഹ്യ പ്രവർത്തകൻ മന്തയിൽ സൈനുല്ലാബ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, സെക്രട്ടറി അൻസാരി, ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), സഫീർ കുരുവിനാൽ (എസ്.ഡി.പി.ഐ), റഷീദ് വടയാർ (യൂത്ത് കോൺഗ്രസ്), ഹാരിസ് സ്വലാഹി, ഒ.ഡി. കുര്യാക്കോസ്, അവിനാഷ് മൂസ, ഹാഷിം പുളിക്കീൽ തുടങ്ങിയവർ സംസാരിച്ചു.   

കേരളം

എംടിയുടെ വിയോഗം; സംസ്ഥാനത്ത് ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടി എന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി കുറിച്ചു.  

മരണം

ഈരാറ്റുപേട്ട സ്വദേശി സൗദിയിൽ നിര്യാതനായി*

ഈരാറ്റുപേട്ട: സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈർ സൗദിയിലെ അറാറിൽനിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് റഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബൈറിനെ വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു.  30 വർഷത്തോളമായി റഫയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സൗദിയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.   

കേരളം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്‌ കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത്ത ന്നെ എഴുത്തില്‍ സജീവമായിരുന്നു. കോളേജ് കാലത്ത് ജയകേരളം മാസികയിൽ എംടിയുടെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്‌ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്‌. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യ നോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ട്‌’ ആണ്‌ (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ ആണ്‌. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതിയാണ്‌ ചലച്ചിത്ര എം.ടി ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്‌. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്‌. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനി. കൃഷ്ണവാര്യരുടെ പിൻഗാമിയായി 1968ൽ മുഖ്യപത്രാധിപരായി. 1981നുശേഷം ചെറിയ ഇടവേള. പിന്നീട് 88ൽ മാതൃഭൂമി പിരിയോഡിക്കൽസിന്‍റെ എഡിറ്ററായി ശേഷം 99ലാണ് പിരിഞ്ഞത്. 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടിയുടെ ജനനം. അച്ഛൻ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍ സിതാര, അശ്വതി. മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു. മറ്റ്‌ അവാർഡുകൾ: കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്കാരം (’95, ’99), ജ്ഞാനപീഠ പുരസ്കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).  

പ്രാദേശികം

അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം. ഡോ :ഹഫീസ് റഹ്മാൻ

ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ  ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു.ഐ. ജി.റ്റി  ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം  പൂർവ്വ വിദ്യാർഥിയും ഇൻഡസ്ട്രിയൽ ഡിപാർട്ട്മെൻ്റ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ സഹിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളിൽ കഴിവ് തെളിയിച്ചവരെ വേദിയിൽ ആദരിച്ചു.ശനിയാഴ്ച രാവിലെ 9 മണിക്ക്  ഐ.ജി.റ്റി വർക്കിംഗ് ചെയർമാൻ എ.എം അബ്ദുൽ ജലീൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ ഫരീദ്  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ട്രസ്റ്റ് ഭാരവാഹികളായ കെ. കെ മുഹമ്മദ്‌ സാദിഖ്,പി. എം.ആനിഷ്,ഹസീബ് വി.എ, യാസിർ പുള്ളോലി, അഡ്മിനിസ്റ്റർ എച്ച്.അബദു റഹീം,പി.ടി.എ പ്രസിഡൻ്റ് അൻവർ അലിയാർ , ഡിവിഷൻ കൗൺസിലർ എസ്.കെ  നൗഫൽ, അക്കാഡമിക് കൺവീനർ അവിനാഷ് മൂസ ,എം.പി.ടി.എ പ്രസിഡൻ്റ്  റെസിന ജാഫർ, അക്കാഡമിക് കോഡിനേറ്റർ ജുഫിൻ ഹാഷിം, ഹെവൻസ് പ്രിൻസിപ്പൽ സജ്ന ഇസ്മായിൽ, പി. ആർ. ഒ മുഹമ്മദ് ഷെഫീഖ്എന്നിവർ പങ്കെടുത്തു.  ഐ. ജി.റ്റി സെക്രട്ടറി  കെ.എം  സക്കീർ ഹുസൈൻ  സ്വാഗതവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും രേഖപ്പെടുത്തി.