വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 34,000 പേർ ദുരന്തബാധിതർ

വെള്ളിയാഴ്ചയും നിർത്താതെ പെയ്യുന്ന മഴ അസമിൽ നാശം വിതയ്ക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴ 11 ജില്ലകളിലെ പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും 34,000-ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) ദൈനംദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച് ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും വിവിധ സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത നിലനിൽക്കുന്നു. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തിൽ നിലവിൽ കഴിയുന്നത്. വ്യാഴാഴ്ചയോടെ മൂന്ന് ജില്ലകളിലായി വെള്ളപ്പൊക്കം ബാധിച്ചവരുടെ എണ്ണം മാത്രം 29,000 കവിഞ്ഞു. ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂർ, താമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളാണ് കൂടുതൽ ദുരിതബാധിതർ. വെള്ളപ്പൊക്കത്തിൽ 23,516 പേർ ദുരിതമനുഭവിക്കുന്ന ലഖിംപൂരിലാണ് ഏറ്റവും കൂടുതൽപേർ ബാധിക്കപ്പെട്ടത്. ദിബ്രുഗഢിൽ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകൾ. ലഖിംപൂരിൽ എട്ട്, ഉദൽഗുരിയിൽ രണ്ട് എന്നിങ്ങനെ പതിനൊന്ന് ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, മൊത്തത്തിൽ 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടർ വിള പ്രദേശങ്ങൾ നശിപ്പിക്കുകയും ചെയ്തതായി എഎസ്ഡിഎംഎ അറിയിച്ചു. ലഖിംപൂരിലും ഉദൽഗുരിയിലും രണ്ട് വീതം നാല് അണക്കെട്ടുകൾ തകർന്നു. ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗഡ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോംഗ് വെസ്റ്റ്, ലഖിംപൂർ, മോറിഗാവ്, നാൽബാരി, സോനിത്പൂർ, താമുൽപൂർ, ഉദൽഗുരി ജില്ലകളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബക്‌സ, ബിശ്വനാഥ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂർ, നാൽബാരി, ഉദൽഗുരി ജില്ലകളിലെ വെള്ളപ്പൊക്കത്തിൽ കായലുകൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും തകർന്നിട്ടുണ്ട്.

ഇൻഡ്യ

ബിപോര്‍ജോയ് ആശങ്കയില്‍ രാജ്യം; ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

ബിപോര്‍ജോയ് ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് സൈനിക മേധാവികളുമായി സംസാരിക്കുകയും ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാന്‍ സായുധ സേനയുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ആകെ 33 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ആകെ 18 എന്‍ഡിആര്‍എഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്, കച്ച് ജില്ലയില്‍ നാല് എന്‍ഡിആര്‍എഫ് ടീമുകളും രാജ്കോട്ടിലും ദേവഭൂമി ദ്വാരകയിലും മൂന്ന് വീതവും ജാംനഗറില്‍ രണ്ട് വീതവും പോര്‍ബന്തര്‍, ജുനഗര്‍, ഗിര്‍ സോമനാഥ്, മോര്‍ബി, വല്‍സാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും വിന്യസിച്ചിട്ടുണ്ട്. റോഡ് ക്ലിയറൻസിനായി 50 ടീമുകൾ തയ്യാറാണ്.20,000-ത്തിലധികം മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ച് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കച്ച് കളക്ടർ അമിത് അറോറ പറഞ്ഞു. അതേസമയം, കച്ച്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്.അടുത്ത 24 മണിക്കൂറിനുള്ളില്‍ സൗരാഷ്ട്രയിലും കച്ചിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര ബിപോർജോയ് ചുഴലിക്കാറ്റ് നാശമുണ്ടാക്കാൻ സാധ്യതയുള്ള അതിതീവ്ര ചുഴലിക്കാറ്റാണെന്ന് വ്യക്തമാക്കുകയുണ്ടായി. പോർബന്തർ, ദ്വാരക ജില്ലകളിൽ അതിശക്തമായ കാറ്റും,മഴയും ഉണ്ടാവുമെന്നും കച്ചിൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡ്യ

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മുംബൈ, ഗുജറാത്ത് തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നും അറിയിപ്പുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.ഇതുവരെ 7500 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഭാവ്‌നഗര്‍, രാജ്‌കോട്ട്, അഹമ്മദാബാദ്, ഗാന്ധിധാം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുദിവസം കടലില്‍ പോകരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ഇതുവരെ 67 ട്രെയിനുകള്‍ റദ്ദാക്കി. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

ഇൻഡ്യ

രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം: മരണം 280 കടന്നു, 900 ലേറെ പേർക്ക് പരിക്ക്, മരണസംഖ്യ ഉയർന്നേക്കും

ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു ഭുവനേശ്വർ : രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 280  ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. രണ്ട് സ്റ്റേഷനുകള്‍ കഴിഞ്ഞ് ബാലസോറിലെത്തിയ ട്രെയിനിന്റെ പിന്നീടുള്ള കുതിപ്പ് ദുരന്തത്തിലേക്കായിരുന്നു. വേഗത്തില്‍ കുതിച്ച ട്രെയിന്‍ ബഹനാഗ സ്റ്റേഷന് സമീപം പാളം തെറ്റി. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന വിവരങ്ങള്‍ വന്ന് തുടങ്ങി.പിന്നാലൊണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. വ്യോമസേനയും എന്‍ഡിആര്‍ എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം സ്ഥലത്തെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.

ഇൻഡ്യ

ഗാസയിൽ ഇസ്രയേലി​ന്റെ വ്യോമാക്രമണം; പത്തുപേർ കൊല്ലപ്പെട്ടു

ഗാസ: ​ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തതിൽ പത്തുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്ക്. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലർച്ചെ രണ്ടു മണിക്കായിരുന്നു ആക്രമണം. ജനങ്ങൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ആക്രണമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം.കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിൽ രണ്ട് പലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തൂൽകറമിനടുത്തുള്ള നൂർ ശംസ് അഭയാർത്ഥി ക്യാംപിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

ഇൻഡ്യ

ഇനി ‘ആൾ ഇന്ത്യ റേഡിയോ’ അല്ല ‘ആകാശവാണി’

പ്രസാർ ഭാരതിക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണം ഇനിമുതൽ ‘ആകാശവാണി’. ‘ആൾ ഇന്ത്യ റേഡിയോ’ എന്ന വിശേഷണം പൂർണമായും ഒഴിവാക്കാനും ആകാശവാണി എന്ന് മാത്രം ഉപയോഗിക്കാനും നിർദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ആകാശവാണി ഡയറക്ടര്‍ ജനറലിന്‍റെ ഔദ്യോഗിക അറിയിപ്പുണ്ടായത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പ്രസാര്‍ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ഇനി ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാന്‍ നിര്‍ദേശിച്ചത്. ബ്രിട്ടീഷ് കാലം മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഇനിയുള്ള എല്ലാ ബ്രോഡ്കാസ്റ്റുകളും പരിപാടികളും ആകാശവാണി എന്ന ബ്രാന്‍ഡിലായിരിക്കും അവതരിപ്പിക്കുക. എല്ലാ റേഡിയോ പരിപാടികളിലും ഔദ്യോഗിക ആശയവിനിമയത്തിലും ആൾ ഇന്ത്യ റേഡിയോക്ക് പകരം ആകാശവാണി എന്ന പേര് തന്നെ ഉപയോഗിക്കണമെന്നാണ് നിലവിലെ ഉത്തരവിൽ പറയുന്നത്. ഇംഗ്ലീഷിലുള്ള പരിപാടികളിലും ആകാശവാണി എന്ന് മാത്രമേ ഉപയോഗിക്കാവൂ.

ഇൻഡ്യ

കൊവിഡ് വര്‍ദ്ധനവ്, ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്. ഓണ്‍ലൈനായാണ് യോഗം ചേരുക സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 13 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി.

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിപ്പ്: 7830 പേർക്ക് കൂടി രോഗം, ഏഴ് മാസത്തെ ഉയർന്ന കണക്ക്

രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. ദില്ലിയിൽ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസിൽ ഡോക്ടർമാർ അടക്കം ജീവനക്കാർക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ആശുപത്രി അധികൃതർ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. മാസ്ക് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ  ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആശുപത്രിക്കകത്ത്  സന്ദർശകരെയും  ആൾക്കൂട്ടങ്ങളും ഒഴിവാക്കാൻ മാർഗ്ഗദർശത്തിൽ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. 919 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.