ചെന്നൈ സൂപ്പർ കിംഗ്സിനെ അടുത്ത സീസണിലും ധോണി തന്നെ നയിക്കുമെന്ന് റിപ്പോർട്ട്
അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി തന്നെ നയിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 42കാരനായ ധോണി കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും പകരം നായകനായ രവീന്ദ്ര ജഡേജയുടെ കീഴിൽ ടീം മോശം പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് സീസൺ മധ്യത്തിൽ ജഡേജയെ നീക്കി വീണ്ടും ധോണിയെ ക്യാപ്റ്റനാക്കിയിരുന്നു. ഇത് ജഡേജയും ചെന്നൈയും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും റിപ്പോർട്ടുണ്ട്. ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു. ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ജഡേജ നീക്കി. ഈ ചർച്ചയിൽ, ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്നാണ് മാനേജ്മെൻ്റ് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ഒരു പോസ്റ്റിൽ ജഡേജ റിപ്ലേ ചെയ്തെങ്കിലും ഉടൻ ഇത് ഡിലീറ്റ് ചെയ്തു. ഐപിഎൽ കഴിഞ്ഞതിന് ശേഷം ചെന്നൈ നേതൃത്വവുമായി ജഡേജ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.