പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ രജിസ്ട്രേഷൻ ഓൺലൈൻ വഴിയാണെന്നും ഇതിനായുള്ള പോർട്ടൽ സജ്ജമായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയായിരുന്നു കേന്ദ്രം. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലിങ്ങളെ അതിൽ പരിഗണിക്കില്ല. വ്യാപക പ്രതിഷേധമാണ് നിയമത്തിനെതിരെ ഉയർന്നു വന്നത്. പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങൾ എതിർത്തിരുന്നു. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചിരുന്നു. ഇതോടെ തുടർനീക്കങ്ങളിൽ നിന്ന് പിന്നാക്കം പോയ കേന്ദ്രം തെരഞ്ഞെടുപ്പു മുന്നിൽകണ്ടാണ് വീണ്ടും പൗരത്വ ഭേദഗതി നിയമവുമായി എത്തിയത്. സംസ്ഥാനങ്ങൾ പ്രതിഷേധമുയർത്തിയതോടെ നടപടി ക്രമങ്ങൾ ഓൺലൈനാക്കി പൂർണമായും കേന്ദ്ര നിയന്ത്രണത്തിൽ നിയമം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. സിഎഎ നടപ്പാക്കുന്നതിനെതിരെ വിവിധ സംഘടനകൾ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സിഎഎ: പ്രക്ഷോഭം ഉണ്ടാകും,തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനുള്ള കേന്ദ്രത്തിൻ്റെ ശ്രമം; സാദിഖലി തങ്ങൾ