വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്; 16 മരണം

ബംഗ്ലാദേശിലെ(Bangladesh) തീരപ്രദേശങ്ങളിലുണ്ടായ സിത്രങ്ങ്(Sitrang) ചുഴലിക്കാറ്റില്‍ 16 മരണം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചു. തെക്കന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ ആളുകളും മരിച്ചത്. രണ്ടുപേര്‍ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുന്‍പ് തന്നെ ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ഇൻഡ്യ

ഇന്ത്യക്കാർ ഉടന്‍ യുക്രൈൻ വിടണമെന്ന് മുന്നറിയിപ്പ്

യുക്രൈനിൽ ഇനിയും ബാക്കിയുള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം.യുക്രൈനെതിരായ ആക്രമണം റഷ്യ വീണ്ടും കടുപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് തിരികെ എത്താനുള്ള മാർഗ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. നിലവിൽ യുക്രൈനിൽ ഉള്ള ഇന്ത്യക്കാർ എത്രയും വേഗം തിരികെ എത്തണമെന്ന് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.യുക്രൈനിന്റ പടിഞ്ഞാറൻ മേഖലയിൽ ഉള്ള അയൽ രാജ്യങ്ങൾ ആയ ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ എന്നിവയുടെ അതിർത്തി ചെക് പോയിന്റ്റുകൾ വഴി പുറത്ത് കടക്കാനാണ് നിർദ്ദേശം. പാസ്പോർട്ട് , റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ നിർബന്ധമായും കയ്യിൽ കരുതണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.ജനവാസ മേഖലയിൽ ഉൾപ്പെടെ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, യുക്രൈനിലുള്ള ഇന്ത്യക്കാർ പൂർണ്ണവിവരങ്ങൾ എംബസിയെ അറിയിക്കണമെന്നും, അനാവശ്യ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

ഇൻഡ്യ

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ഗുരുതരമാകാമെന്ന് മുന്നറിയിപ്പ്

  ന്യൂഡല്‍ഹി: ഉത്സവ സീസണിലൂടെ കടന്നുപോകുന്നതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ പത്തുമുതല്‍ 16 വരെയുള്ള കാലയളവില്‍ കോവിഡ് കേസുകളില്‍ 17 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡിന്റെ എക്‌സ്‌എക്‌സ്ബി വകഭേദമാണ് മഹാരാഷ്ട്രയില്‍ പടരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താനെ, പുനെ, റായ്ഗഡ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സ്‌എക്‌സ്ബി വകഭേദം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പൈക് പ്രോട്ടീനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. നിലവില്‍ 17 രാജ്യങ്ങളില്‍ എക്‌സ്‌എക്‌സ്ബി പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഎ.2.75, ബിജെ.വണ്‍ ഉപവകഭേദങ്ങളെ അപേക്ഷിച്ച്‌ വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസ കാലയളവില്‍ കോവിഡ് ബാധിച്ചവരില്‍ ഏകദേശം 90 ശതമാനത്തിനും രോഗം ബാധിക്കാന്‍ കാരണം ബിഎ.2.75 വകഭേദമാണ്. എക്‌സ്‌എക്‌സ്ബി വെറും ഏഴുശതമാനം മാത്രമാണ്. സിംഗപ്പൂരില്‍ ഓഗസ്റ്റിലാണ് എക്‌സ്‌എക്‌സ്ബി വകഭേദം കണ്ടെത്തിയത്. തുടര്‍ന്ന് വലിയ തോതില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനാണ് വകഭേദം കാരണമായത്. എക്‌സ്‌എക്‌സ്ബി വകഭേദത്തിന്റെ സ്‌പൈക് പ്രോട്ടീനില്‍ ഏഴുമാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇത് രോഗപ്രതിരോധശേഷിയെ മറികടന്നേക്കുമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്. കൂടാതെ കടുത്ത അണുബാധയ്ക്കും ഇത് കാരണമായേക്കാം. ആശുപത്രിവാസം ഉയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും പ്രായമായവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം ബാധിച്ചാല്‍ മാത്രമേ ഗുരുതരമാകാന്‍ സാധ്യതയുള്ളുവെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍

ഇൻഡ്യ

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഡോളറിന് 83.12 ലെത്തി

മുംബൈ: യു.എസ് ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍. വ്യാഴാഴ്ച രാവിലെ ഡോളര്‍ ഒന്നിന് 83.08 എന്ന നിരക്കില്‍ വിനിമയം തുടങ്ങിയെങ്കിലും വൈകാതെ 83.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച വൈകിട്ട് 83.02 എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. ഇന്നലെ 0.66 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.ഇന്നു രാവിലെ വിനിമയം ആരംഭിച്ചതോടെ ആറ് പൈസ കൂടി നഷ്ടത്തില്‍ എത്തുകയായിരുന്നു.

ഇൻഡ്യ

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. എല്ലാ ഭാഷകളെയും തുല്യതയോടെ കാണണമെന്ന് കേന്ദ്രസർക്കാരിനോട് തമിഴ്‌നാട് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ സർക്കാർ പ്രമേയം പാസാക്കിയത്.  ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഇൻഡ്യ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ഫലം നാളെ അറിയാം

കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ആരെന്ന് നാളെ അറിയാം. ബുധനാഴ്ച രാവിലെ 10 മുതല്‍ എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണുന്നത്. ഉച്ചകഴിഞ്ഞ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ടെന്നും ചിലയിടത്ത് 100 ശതമാനമുണ്ടെന്നും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കേരളത്തില്‍ 95.76% ആണു പോളിംഗ്. കേരളത്തില്‍ നിന്നടക്കമുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്ഥാനങ്ങളിലെ വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയായിരിക്കും എണ്ണുക.  

ഇൻഡ്യ

പുതിയ ഒമിക്രോണ്‍ വകഭേദം ബിക്യു.1ന്റെ ആദ്യ കേസ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തു

പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാംപിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതും വാക്‌സിന്‍ വഴി ആര്‍ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തില്‍ ഭേദിക്കുന്നതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. നിലവില്‍ അമേരിക്കയില്‍ ഒമിക്രോണിന്റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപോര്‍ട്ട്. ഉല്‍സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോവാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, അമേരിക്കയില്‍ 10 കേസുകളില്‍ ഒന്ന് എന്ന വിധത്തില്‍ ബിക്യു.1 വ്യാപിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസറും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി ഈ പുതിയ ബിക്യു ആവിര്‍ഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ട് മുതല്‍ ജര്‍മനി വരെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗങ്ങള്‍ ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ യുഎസില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന അണുബാധകളില്‍ 5.7 ശതമാനം ബിക്യു.1, ബിക്യു.1.1 എന്നീ വകഭേദങ്ങളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിര്‍ണായകമായ വാദങ്ങള്‍ ഉന്നയിക്കുന്നതിന് കൊവിഡിന്റെ പുതിയ മ്യൂട്ടേഷനൊന്നും ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും ബിക്യു.1 മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ പ്രതിരോധശേഷിയെ മറികടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതിനാല്‍, ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇൻഡ്യ

ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും

രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തന ദിനമാക്കുക എന്ന ആവശ്യം യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള ജോലി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാനും നിർദേശിച്ചു. യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം അടിമുടി മാറും. നിർദേശം അനുസരിച്ച്, പുതുക്കിയ പ്രവർത്തന സമയം രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും, പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെയും ആയിരിക്കും. മറ്റ്‌ ഇടപാടുകൾ  3:30 മുതൽ 4:45 വരെയും പരിഷ്കരിക്കും. ബാങ്കുകളുടെ പ്രവർത്തന സമയം അര മണിക്കൂർ വർദ്ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങൾ അഞ്ച് ദിവസമാക്കി  ചുരുക്കണം എന്ന് ഞങ്ങൾ ഐ ബി എയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവിൽ 2 ശനിയാഴ്‌ചകൾ അവധി ദിനമാണ്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. . ഐബിഎയും സർക്കാരും ആർബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.  നിലവിൽ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധിയാണ്. ഒപ്പം എല്ലാ ഞായറും. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഇനി മുതൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വർഷം മുതൽ  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്.