ഇന്ത്യക്കാർ ഉടന്‍ യുക്രൈൻ വിടണമെന്ന് മുന്നറിയിപ്പ്
യുക്രൈനിൽ ഇനിയും ബാക്കിയുള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം.യുക്രൈനെതിരായ ആക്രമണം റഷ്യ വീണ്ടും കടുപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് തിരികെ എത്താനുള്ള മാർഗ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. നിലവിൽ യുക്രൈനിൽ ഉള്ള ഇന്ത്യക്കാർ എത്രയും വേഗം തിരികെ എത്തണമെന്ന് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.യുക്രൈനിന്റ പടിഞ്ഞാറൻ മേഖലയിൽ ഉള്ള അയൽ രാജ്യങ്ങൾ ആയ ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ എന്നിവയുടെ അതിർത്തി ചെക് പോയിന്റ്റുകൾ വഴി പുറത്ത് കടക്കാനാണ് നിർദ്ദേശം. പാസ്പോർട്ട് , റസിഡന്റ് പെർമിറ്റ്, സ്റ്റുഡന്റ് കാർഡ് എന്നിവ നിർബന്ധമായും കയ്യിൽ കരുതണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.ജനവാസ മേഖലയിൽ ഉൾപ്പെടെ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, യുക്രൈനിലുള്ള ഇന്ത്യക്കാർ പൂർണ്ണവിവരങ്ങൾ എംബസിയെ അറിയിക്കണമെന്നും, അനാവശ്യ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.