വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

രാജ്യവ്യാപകമായി തടസം നേരിട്ട് യുപിഐ സേവനങ്ങള്‍

ഇന്ത്യയിലുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ജനപ്രിയ യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാന്‍സാക്ഷനുകളാണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യല്‍ മീഡിയയിലും ഒട്ടേജ്-ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്. ഓണ്‍ലൈന്‍ സേവന പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പേര്‍ പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 66 ശതമാനം ഉപയോക്താക്കള്‍ ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി പറഞ്ഞപ്പോള്‍, 34 ശതമാനം പേര്‍ ഫണ്ട് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇൻഡ്യ

ആധാർ പകർപ്പ് ഇനി കൈയിൽ കൊണ്ടു നടക്കേണ്ടി വരില്ല; ആധാർ ആപ്പ് വരുന്നു

ന്യൂഡൽഹി: ആധാർ സംവിധാനം കൂടുതൽ സുരക്ഷിതവും സൗകര്യ പ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഫെയ്സ് ഐഡി ഓതന്റിക്കേഷനും നിർമിത ബുദ്ധിയും അടങ്ങുന്ന ഡിജിറ്റൽ ആധാർ പൗരൻമാർക്കു ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്. യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുമായി സഹകരിച്ച് നിർമിച്ച ഈ ആപ്ലിക്കേഷൻ ക്യു.ആർ കോഡ് വെരിഫിക്കേഷൻ, ഫേസ് ഐഡി ഓതന്റിഫിക്കേഷൻ എന്നീ സൗകര്യങ്ങളാണുള്ളത്. ഇതിലൂടെ ആധാർ പകർപ്പുകൾ കൈയിൽ കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധി മുട്ടൊഴിവാക്കാം. യു.പി.ഐ പണമിടപാടു പോലെ തന്നെ ആധാർ വെരിഫിക്കേഷനും ഇനി എളുപ്പമാകും എന്നാണ് മന്ത്രി പറയുന്നത്. ആധാർ ആപ്പ് വരുന്നതോടെ യാത്ര ചെയ്യുമ്പോഴും, ഹോട്ടൽ ചെക്-ഇന്നിനുമൊന്നും ഇനി പകർപ്പ് നൽകേണ്ടി വരില്ല. ഉടൻതന്നെ ദേശീയ തലത്തിൽ ആപ്പ് വ്യാപകമാക്കുമെന്ന് മന്ത്രി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.  

ഇൻഡ്യ

പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി. ഏപ്രിൽ 8 (ചൊവ്വ) മുതലാണ് പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഉപഭോക്താക്കൾക്ക് ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്ക് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ‌ക്രൂഡ് വില 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിന് ലിറ്ററിന് 107.48 രൂപയും ഡീസലിന് ലിറ്ററിനു 96.48 രൂപയുമാണു വില. "പെട്രോളിനും ഡീസലിനും എക്സൈസ് നിരക്ക് രണ്ട് രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു അറിയിപ്പ് നിങ്ങൾ കണ്ടിരിക്കാം. ഇത് ഉപഭോക്താവിലേക്ക് കൈമാറുന്നില്ലെന്ന് ഞാൻ മുൻകൂട്ടി വ്യക്തമാക്കാം."- കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.  

ഇൻഡ്യ

19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എല്‍പിജി വിലയിൽ മാറ്റമില്ല

ദില്ലി: വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നൽകും.  ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകൾ പതിവായി പുതുക്കാറുണ്ട്. വാണിജ്യ എൽപിജി നിരക്കുകളിൽ പതിവായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്  

ഇൻഡ്യ

എച്ച്എംപിവി കേസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശം പുറത്തിറക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കര്‍ണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പര്‍ക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങള്‍. 2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്‌സീനോ ലഭ്യമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നല്‍കുക.    

ഇൻഡ്യ

ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.  

ഇൻഡ്യ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും., സംസ്കാരം ശനിയാഴ്ച

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. അതേസമയം, കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.

ഇൻഡ്യ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു.

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.