വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; റിസോർട്ട് ജീവനക്കാരൻ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

കോട്ടയം: വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പള്ളിക്കാനത്തെ റിസോർട്ടിൽ ജോലി ചെയ്യുന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശി മൈക്കിൾ ദാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനിൽകുമാർ തലക്ഷണം മരിച്ചു. പരിക്കേറ്റ മൈക്കിൾ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി - മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് - തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ - മംഗലം, വെള്ളികുളം - കാരികാട്, കല്ലില്ലാക്കവല - അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം - മൂന്നാംമൈൽ, വേലത്തുശ്ശേരി - കല്ലം, വേലത്തുശ്ശേരി - മുപ്പതേക്കർ, കല്ലം - വേലത്തുശ്ശേരി, തീക്കോയി- വാഗമറ്റം- കല്ലേക്കുളം, പഞ്ചായത്ത്പടി -കല്ലേക്കുളം, തീക്കോയി - മ്ലാക്കുഴി, മ്ലാക്കുഴി കോളനി, പള്ളിവാതിൽ - ഡി സി എം ആർ,അറമത്ത്പടി - ആനിയിളപ്പ് , ഞണ്ട്കല്ല് - മക്കൊള്ളി, ഞണ്ടുകല്ല്- ശാന്തിഗിരി- ചേരിപ്പാട്, തീക്കോയി പള്ളിവാതിൽ - നാഗപ്പാറ, വരകുപാറ - ആലാ നിക്കൽ ജംഗ്ഷൻ, തീക്കോയി - അങ്കണവാടി, തീക്കോയി - പള്ളിവാതിൽ- കൊട്ടാരത്തിൻപാറ, വഴിക്കടവ് -നാട്നോക്കി- മലമേൽ, മാവടി -നെടുങ്ങഴി- ഒറ്റയീട്ടി, വെട്ടിപ്പറമ്പ് - അങ്കണവാടി, വെട്ടിപ്പറമ്പ് - കോന്തനാനി, തീക്കോയി- ചേരിമല, പള്ളിവാതിൽ - കോ ഓപ്പറേറ്റീവ്, ചേരിമല- കൂറ്റിലപ്പാറ എന്നീ 32 ഗ്രാമീണ റോഡുകളാണ് ടെൻഡർ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മാസത്തിൽ തന്നെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.സി ജയിംസ് അറിയിച്ചു.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. ഈ സയമത്താണ് അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, അത് പോലെ തന്നെ കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്കുപ്പിയും കണ്ടെത്തിയത്.  ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഗാന്ധിനഗർ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.  സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച് അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്ന് തന്നെ പൊലീസ് സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹം എന്ന് സ്ഥിരീകരിക്കാനാവു. മരണ കാരണം അടക്കമുള്ളവ ഫോറൻസിക് പരിശോധന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.  കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങിനെ ഒരാൾ എത്തി എന്നതാണ് പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്.

കോട്ടയം

ഏറ്റുമാനൂർ-പാലാ റോഡിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്. പരിക്കേറ്റ ആംബുലൻസ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും രോഗിയെയുമായി എത്തിയ 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേയ്ക്കി മാറ്റിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി.

കോട്ടയം

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം

കോട്ടയം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ ) രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു .തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഐസിന്റെ ഉപയോഗം. ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽകം ഡ്രിങ്കുകൾ നൽകുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് രോഗബാധ പടർന്ന് പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം എന്നിവ ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ജില്ലയിൽ ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച 195 ഹെപ്പറ്റൈറ്റിസ് എ കേസുകളും സംശയാസ്പദമായ 388   കേസുകളും  ഉൾപ്പെടെ ആകെ 583 കേസുകളും സ്ഥിരീകരിച്ച 5 മരണങ്ങളും സംശയാസ്പദമായ ഒരു മരണവും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ,ഇ രോഗബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം പകരാം. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. രോഗലക്ഷണങ്ങൾ കണ്ടാലുടനേ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണം. പ്രതിരോധ മാർഗങ്ങൾ   തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുകതിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലർത്തി ഉപയോഗിക്കരുത്പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതുക ആഹാരം പാകം ചെയ്യുന്നതിനും  കഴിക്കുന്നതിനും മുമ്പും ശൗചാലയം  ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക  കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക  കൃത്യമായ ഇടവേളകളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ച് കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക @ മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ളോറിനേറ്റ് ചെയ്യുക വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതള പാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക  ആഹാരസാധനങ്ങളും കുടിവെള്ളവും  അടച്ച് സൂക്ഷിക്കുക രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും മറ്റും ഭക്ഷണവും വെള്ളവും പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.  ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതള പാനീയങ്ങളിൽ ഉപയോഗിക്കുക. രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെക്കരുത്

കോട്ടയം

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖില്‍ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്.

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് മുൻ ക്ലർക്ക് അഖില്‍ സി വർഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലൻസ്. നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നു. നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖില്‍ കൈകാര്യം ചെയ്തിരുന്ന ഫയലുകള്‍ മേലുദ്യോഗസ്ഥർ പരിശോധിച്ച ശേഷവും അതില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍. രണ്ടര കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. തട്ടിയെടുത്ത പണം കൊണ്ട് അഖില്‍ ആഡംബര ജീവിതം നയിച്ചു. വില കൂടിയ വാഹനങ്ങളും ഭൂമിയും വാങ്ങി. ഓണ്‍ലൈൻ വഴിയാണ് അഖില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നതെന്നും വിജിലൻസ് പറഞ്ഞു. അഖിലിന്‍റെ വാഹനങ്ങള്‍ വിജിലൻസ് കസ്റ്റഡിയില്‍ എടുക്കും. ഓണ്‍ലൈൻ വഴി അഖില്‍ വാങ്ങിയ സാധനങ്ങളുടെ പർച്ചേസ് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. ഇത്രയധികം പണമിടപാട് എങ്ങനെ നടത്തി എന്നതില്‍ അഖിലിന്‍റെ മൊഴിയില്‍ വ്യക്തത ഇല്ല. ഒളിവില്‍ കഴിയുമ്ബോള്‍ അഖില്‍ യുപിഐ ഇടപാട് നടത്തിയിരുന്നില്ല. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഒരു വർഷത്തിന് ശേഷമാണ് അഖിലിനെ കണ്ടെത്താൻ തന്നെ പൊലീസിന് കഴിഞ്ഞത്.പിടികൂടിയത് കൊല്ലത്തെ ലോഡ്ജില്‍ നിന്നും...വ്യാജ രേഖകള്‍ ഉണ്ടാക്കി പെൻഷൻ തട്ടിയെടുത്തു എന്നാണ് കൊല്ലം സ്വദേശിയായ അഖിലിനെതിരായ കേസ്. അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് അഖില്‍ ഏറ്റവും ഒടുവിലായി ജോലി ചെയ്തിരുന്നത്.നഗരസഭ ധനകാര്യ വിഭാഗം തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ അഖില്‍ സി വർഗീസ് ഒളിവില്‍ പോയി. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോള്‍ വലിയ അപാകത ശ്രദ്ധയില്‍ പെടുകയായിരുന്നു. കോട്ടയം നഗരസഭയില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച മുനിസിപ്പല്‍ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തില്‍ പണം അയച്ചതായി കണ്ടെത്തി. അഖിലിന്‍റെ അമ്മയാണ് അതെന്ന് വ്യക്തമായി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴി‍ഞ്ഞില്ല. ഒടുവില്‍ വിജിലൻസും അന്വേഷണം തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

കോട്ടയം

*തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചായിരിക്കും നടത്തുക- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ*

കോട്ടയം :വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു.  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മപരിപാടിക്ക് രൂപം നൽകി. പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശമുണ്ടെങ്കിൽ, അവ നൽകുന്നതിന് ഒക്ടോബർ 10 വരെ അവസരമുണ്ടാകും. തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, ക്ളീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പ് വരുത്തും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.    തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങൾ, ഓഫീസുകൾ, തിരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.   സ്ഥാനാർത്ഥികൾ, രാഷ്ട്രീയപാർട്ടികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ നൽകും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.  തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10 ന് മുമ്പ് cru.sec@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.  തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോട്ടയം

തീക്കോയി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം നടത്തി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തുവാൻ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.നിലവിൽ 30 ശതമാനം ഡിസ്ട്രിബ്യൂഷൻലൈനിന്റെ ജോലികൾ പൂർത്തിയായിട്ടുണ്ട്. 31 കി.മീ. ദൂരത്തിൽ പൈപ്പ് ലൈനുകൾ ഗ്രാമീണ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ പ്രധാന പമ്പിങ് ലൈൻ 32 കിലോമീറ്ററിൽ 2.5 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ചു. വിവിധ വാർഡുകളിലായി 19 ടാങ്കുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 10 എണ്ണം കോൺക്രീറ്റും 9 എണ്ണം സ്റ്റീൽ ടാങ്കുമാണ്. പ്രധാന ടാങ്ക് കല്ലേക്കുളത്ത് ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയിട്ടുള്ള സ്ഥലത്ത് അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയിൽ അടുത്തമാസം ആദ്യം നിർമ്മാണം ആരംഭിക്കും. നാല് ടാങ്കുകളുടെ നിർമ്മാണത്തിന് പ്ലാൻ അപ്രൂവൽ KWA നൽകിയിട്ടുണ്ട്. ജൽജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ചിട്ടുള്ള റോഡുകൾ ഉടൻതന്നെ പുനരുദ്ധാരണ പണികൾ ആരംഭിക്കും.പ്രധാന റോഡായ ആനിയളപ്പ് _വെട്ടിപ്പറമ്പ് -പൂഞ്ഞാർ റോഡ് പത്ത് ദിവസത്തിനുള്ളിൽ ടാറിംഗ് ജോലികൾ ആരംഭിക്കും. ഗ്രാമീണ റോഡുകളിൽ കോൺക്രീറ്റ് പൊളിച്ചതും ഉടൻ തന്നെ റീ കോൺക്രീറ്റ് ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാട്ടർ അതോറിറ്റി A.X. E സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി.എസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരികൊച്ച്, സെക്രട്ടറി സിന്ധു മോൾ കെ.കെ, അസിസ്റ്റന്റ് സെക്രട്ടറി സജി പി.ടി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു