തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയിയിൽ റോഡരികിൽ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അപകടകരമായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സർവീസ് സഹകരണ ബാങ്കിന് എതിർവശമായാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. വലിയ വളവ് ആയതിനാൽ ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് ട്രാൻസ്ഫോർമർ മറ സൃഷ്ടിക്കുകയാണ്. റോഡിലേക്ക് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോർമർ മൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിക്കഴിഞ്ഞു. നിരവധി തവണ ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വഴി പരിചയം ഇല്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റോഡിനോട് ചേർന്ന് വളവിൽ നിൽക്കുന്ന ഈ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനായി സമീപത്ത് സ്ഥലവും ഉണ്ട്. ബസ്റ്റോപ്പും സീബ്രാലൈനും ഈ ട്രാൻസ്ഫോർമറിന്റെ അടുത്ത് തന്നെയാണ് ഉള്ളത്. റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനടയാത്രക്കാരെ ഈ ട്രാൻസ്ഫോർമർ മൂലം ഡ്രൈവർമാർക്ക് കാണാനും സാധിക്കില്ല. ഇതുമൂലം വലിയ അപകടത്തിനാണ് സാധ്യത ഉള്ളത്.
കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. വളവിൽ റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടുന്നതിനും കാരണമാവും. പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഡി. ജോർജ്, വൈസ് പ്രസിഡന്റ് പയസ് കവള്ളംമാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, യു.ഡി.എഫ് ചെയർമാൻ ജോയി പൊട്ടനാനിയിൽ എന്നിവർ ആവശ്യപ്പെട്ടു.