വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കരുണ പാലിയേറ്റീവ് പുതിയ കെട്ടിടത്തിന്റേയും ഫിസിയോ തെറാപ്പി യൂനിറ്റിന്റേയും ഉദ്ഘാടനം 12 ന്

ഈരാറ്റുപേട്ട: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നാടിന്റെ ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്തു വരുന്ന കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ സംരംഭമായ ഫിസിയോതെറാപ്പി യൂണിറ്റിന്റെയും, നിർമ്മാണം പൂർത്തീകരിച്ച പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും.   വൈകുന്നേരം 4 മണിക്ക് വെട്ടിപ്പറമ്പ് സെഞ്ച്വറി സ്റ്റാപ്പിൽസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, മത സാമൂഹിക നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് പുറമേ പാലിയേറ്റീവ് കുടുംബ സംഗമവും, കലാ വിരുന്നും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അബ്ദുൽ ഖാദർ (അജ്മി), സാലി നടുവിലേടത്ത്, മജീദ് വട്ടക്കയം, എ.എം.എ. ഖാദർ, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായിരിക്കും. ചെയർമാൻ: ഹാഷിർ നദ്‌വി, ജനറൽ കൺവീനർ: അവിനാഷ് മൂസ, ട്രഷറർ: സി.എച്ച്. നാസർ, വൈസ് ചെയർമാൻമാർ: ടി.എം.കെ. ഷെരീഫ് (നിഷ യൂണിഫോം), പി.പി.എം. നൗഷാദ്, ജോയിന്റ് കൺവീനർമാർ: അജ്മൽ പാറനാനി, സഹൽ സലീം എന്നിവർ മറ്റു ഭാരവാഹികളാണ്.

കോട്ടയം

പൂഞ്ഞാർ എംഎൽഎയുടെ ഓണസമ്മാനം : 100 കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകുന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നേതൃത്വം നൽകുന്ന  എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ  നേതൃത്വത്തിൽ, കെ.എം. മാണിയുടെ ഓർമ്മക്കായി,  നിർധന കിടപ്പുരോഗികൾക്കുള്ള ചികിത്സാ ധനസഹായ പദ്ധതിയായ കാരുണ്യ സ്പർശം പൂഞ്ഞാറിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 100 കിടപ്പ് രോഗികൾക്ക് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,  അവരവരുടെ വീടുകളിൽ  നേരിട്ടെത്തി ഓണക്കിറ്റ് നൽകുന്നു. കിറ്റ് വിതരണം 25.08.2025 , 2.PM ന് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയ്ക്കുള്ളിലുള്ള പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിലെ ഗുണഭോക്താവിന് നൽകിക്കൊണ്ട്  സ്വാതന്ത്ര്യസമര സേനാനിയായ ശ്രീ. രവീന്ദ്രൻ വൈദ്യർ നിർവഹിക്കും കിറ്റ് വിതരണ സമയ വിവര പട്ടിക :  25-08-2025 :  02.00 PM മുതൽ കോരുത്തോട് 26-08-2025 :10.00 AM മുതൽ പൂഞ്ഞാർ 12.30 PM മുതൽ പൂഞ്ഞാർ തെക്കേക്കര 04.00 PM മുതൽ കൂട്ടിക്കൽ 28-08-25 : 02.00 PM മുതൽ മുണ്ടക്കയം 29-08-25 : 01.00 PM മുതൽ തീക്കോയി  30-08-25 :02.30 PM മുതൽ ഈരാറ്റുപേട്ട 01-09-25 :09.30 AM മുതൽ പാറത്തോട് 02.30 PM മുതൽ തിടനാട് 04-09-25 : 02.30 pm മുതൽ എരുമേലി

കോട്ടയം

ഇല്ലിക്കൽ കല്ല്: സുരക്ഷ ഉറപ്പാക്കണം -പി.ഡി.പി നിവേദനം നൽകി

ഈരാറ്റുപേട്ട: ദിനംപ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തി ചേരുന്ന മൂന്നിലവ് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറയിൽ വലിയ വിള്ളൽ കണ്ടെത്തിയെന്ന വാർത്ത ഭീതിജനകമാണ്. ഇതിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി അടിയന്തിരമായി മൈനിങ്ങ് ആന്റ് ജിയോളജി വിഭാഗവും ദുരന്തനിവാരണ വിഭാഗവും പഠനം നടത്തണം. സംഭവത്തിന്റെ പ്രാധ്യന്യം കണക്കിലെടുന്ത് അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കലക്ടർക്ക് പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിവേദനം നൽകി.

കോട്ടയം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ മൂന്നു ദിവസങ്ങളിലായാണ് പരിശോധന.3430 കൺട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളും (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തുന്നതിന്) ആണ് ആകെയുള്ളത്. ഇതിൽ 343 യന്ത്രങ്ങളിലാണ് മോക് പോൾ നടത്തുന്നത്.ഒൻപത് യന്ത്രങ്ങളിൽ 2000 വോട്ടുവീതവും ബാക്കിയുള്ളവയിൽ 60 വോട്ടുകൾ വീതവും ചെയ്ത് യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെകൂടി സാന്നിധ്യത്തിലാണ് പരിശോധന. വെള്ളി, ശനി ദിവസങ്ങളിലും തുടരും.വെള്ളിയാഴ്ച രാവിലെ 11ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധന വിലയിരുത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ചാർജ് ഓഫീസർ നിജു കുര്യൻ എന്നിവർ നേതൃത്വം നൽകി.

കോട്ടയം

അത്തപ്പൂക്കള-പുഞ്ചിരി മത്സരം പാലായിൽ ആഗസ്റ്റ് 30 ന്

പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അത്ത പൂക്കളമത്സരവും പുഞ്ചിരി മത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അത്തപ്പൂക്കളമത്സരം വിജയികൾക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുർവേദ റിസോർട്ട്, തിരുവനന്തപുരം നല്കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടൽ ഗ്രാന്റ് കോർട്ട്യാർഡ് പാലാ നല്കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സിൽക്സ് പാലാ നല്കുന്ന 10001/- രൂപയും പുഞ്ചി രിമത്സരവിജയികൾക്ക് എസ്.ഡബ്ല്യൂ.എ. നല്കുന്ന ഡയമണ്ട് റിംഗ്സ്, വൈപ്പന ജൂവല്ലറി പാലാ നല്കുന്ന ഗോൾഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്കുന്ന ഗോൾഡ് ലോക്കറ്റ് എന്നിവ വിതരണം ചെയ്യും. 30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്ക മത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും. തുടർന്ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാ ക്കൾക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗൺഹാളിൽ നടക്കും. പ്രമുഖ രായ വ്യക്തികൾ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. വിജയികൾക്ക് സിനിമാതാരം അഞ്ജലി നായർ സമ്മാനവിതരണം നിർവ്വഹിക്കും. പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അഡ്വ. സന്തോഷ് മണർകാട്, വി എം അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ, ജോർജ് വലിയപറമ്പിൽ എന്നിവർ സംബന്ധിച്ചു.

കോട്ടയം

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്; പ്രദേശവാസികൾ ആശങ്കയിൽ

കോട്ടയം: കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ഇല്ലിക്കൽ കല്ലിലേയ്ക്ക് ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാൽ, ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ ദൃശ്യമായെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രദേശവാസികൾ ഉൾപ്പെടെ ആശങ്കയിലായിരിക്കുകയാണ്. മൂന്നിലാവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സംയുക്തമായി ഇവിടെ അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരിശോധനയുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. ചെറിയ ഭൂചലനങ്ങളോ പ്രകൃതിക്ഷോഭങ്ങളോ പോലും മേലടുക്കം, പഴുക്കാക്കാനം, മങ്കൊമ്പ് മേഖലകളിൽ വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇല്ലിക്കൽ കല്ലിന് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ വർഷങ്ങളായി തുടരുന്ന സ്ഫോടനങ്ങളാകാം വിള്ളലിന് കാരണമാകുന്നതെന്ന അഭിപ്രായവും പ്രദേശവാസികളിൽ നിന്ന് ഉയരുന്നുണ്ട്. അതേസമയം, വിള്ളലുകളുടെ കാര്യം സ്ഥിരീകരിച്ച മൂന്നിലാവ് പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക് ഇവ നേരത്തെയും ഉണ്ടായിരുന്നതാണെന്നും പ്രദേശത്ത് ഒരു ഗ്രാനൈറ്റ് ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ പോകുന്ന സമയത്താണ് ഈ പ്രശ്നം വീണ്ടും ഉയർന്നുവരുന്നതെന്നും ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരമെങ്കിലും ഇപ്പോഴും ജനവാസമില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും, പഞ്ചായത്ത് ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലം വികസന മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ

കൂട്ടിക്കൽ : പൂഞ്ഞാർ നിയോജകമണ്ഡലം വികസനത്തിൽ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലിൽ പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിച്ച 11 വീടുകളുടെ താക്കോൽദാന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭവനരഹിതരുടെ പുനരധിവാസം സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.  ദുരിതബാധിതമേഖലകളിലടക്കം പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയുടെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ വലിയ വികസന മുന്നേറ്റം കൈവരിച്ചതിനോടൊപ്പം, ജനങ്ങളുടെ കണ്ണീരൊപ്പുന്ന ക്ഷേമപ്രവർത്തനങ്ങളിലും മഹനീയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭവനനിർമ്മാണത്തിനായി 60 സെന്റ് സ്ഥലം സൗജന്യമായി നൽകിയ സി.വൈ.എ റൗഫിനെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പി.എം നജീബിനേയും, കോൺട്രാക്ടർ ജോൺസൺ ഫിലിപ്പിനെയും, എൻജിനീയർ ബിനോയി ജോസിനെയും ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ ആദരിച്ചു.പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ  കാരുണ്യ ഭവന പദ്ധതിയിൽ ലക്ഷ്യമിടുന്ന 10  വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. മുൻ എംഎൽഎ കെ.ജെ തോമസ് ഗുണഭോക്താക്കൾക്ക് ഉടമസ്ഥാവകാശ രേഖകൾ കൈമാറി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.റ്റീന ആന്റണി മുഖ്യപ്രഭാഷണവും, പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ ആമുഖപ്രഭാഷണവും, പ്രോജക്ട് കോഡിനേറ്റർ റെജി ജേക്കബ് പദ്ധതി വിശദീകരണവും നടത്തി.  

കോട്ടയം

ആനപ്രേമികളുടെ പ്രിയപ്പെട്ട ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ ഗജരാജൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു

കോട്ടയത്തിന്റെ മറ്റൊരു ആനതാരത്തിന് കൂടി വിട. ഗജവീരൻ കിരൺ നാരായണൻകുട്ടി ചെരിഞ്ഞു. ഒൻപതര അടിക്ക് മുകളിൽ അടുത്ത ഉയരമുള്ള ആനയാണ്. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു വിവരം.  എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റ് കൂടിയായിരുന്നു എം മധുവിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനായിരുന്നു കിരൺ നാരായണൻ കുട്ടി. ബീഹാറാണ് സ്വദേശം, കേരളത്തിൽ തെക്കും വടക്കും ജില്ലകളിലായി 100ഓളം പരിപാടികൾ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, നേർച്ചകൾക്കടക്കം എഴുന്നള്ളിപ്പിച്ചിരുന്ന ആനയാണിത്. നടൻ ജയസൂര്യ നായകനായെത്തിയ തൃശ്ശൂർപ്പൂരം എന്ന ചിത്രത്തിലും നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്. നാരായണൻകുട്ടിയുടെ വിയോഗം ആനപ്രേമികളെയും സങ്കടത്തിലാഴ്തത്തിയിരിക്കുകയാണ്. കഴിഞ്ഞ 19നാണ് ആനപ്രേമികളെ സങ്കടത്തിലാഴ്തത്തി ഗജരാജൻ ഈരാറ്റുപേട്ട അയ്യപ്പനും ചെരിഞ്ഞത്.പാലാ പുലിയന്നൂർ ആനയൂട്ടാണ് ആന പങ്കെടുത്ത ഏറ്റവും അവസാനത്തെ പരിപാടി.