വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം

മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മഞ്ഞ

കോട്ടയം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.    

കോട്ടയം

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം അനുവദിച്ചു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് വികസന പദ്ധതികൾ നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 43 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നയനാനന്ദകരമായ ഈ ദൃശ്യഭംഗിയും, പ്രകൃതി രമണീയമായ ഈ പ്രദേശവും സന്ദർശിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ നിത്യേന എത്തിച്ചേരാറുണ്ട്. എന്നാൽ നാളിതുവരെയായും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും, പ്രദേശവാസികളും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പിനെ കൊണ്ട് ഒരു പ്രോജക്ട് തയ്യാറാക്കിച്ച് ഗവൺമെന്റിൽ സമർപ്പിച്ച് അരുവിക്കച്ചാലിനെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടൂറിസം വകുപ്പിൽനിന്ന് പണം അനുവദിച്ചതെന്ന് എം.എൽ.എ അറിയിച്ചു.  പ്രവർത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടും, ജനപ്രതിനിധികളോടും, പ്രദേശത്തെ പൊതുപ്രവർത്തകരോടുമൊപ്പം സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. 

കോട്ടയം

സ്വന്തം മരണവാർത്ത കൊടുത്ത് തട്ടിപ്പ് നടത്തിയ പ്രതി കോട്ടയത്ത് പിടിയിൽ

പാലക്കാട്: മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്തു പത്രത്തിൽ പ്രസിദ്ധീകരിച്ച് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയസ്ഥാപനത്തിൽ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ മയാലിൽ വീട്ടിൽ സജീവ് എം.ആറിനെയാണ് കൊടൈക്കനാലിൽ നിന്ന് ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തത്. 2024-ലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറിൽ സംസ്‌കാരം നടത്തിയതായും പത്രവാർത്ത നൽകി. അതിന് ശേഷം ഒളിവിൽ പോയി.ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് ടി, സബ് ഇൻസ്പെക്ടർ അനുരാജ് എം എച്ച്, എസ്ഐ സത്യൻ എസ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ഇതേ തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണങ്ങൾ നടന്നുവരികയാണ് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി.

കോട്ടയം

പാലാ സ്വദേശിക്ക് എയർ ഇന്ത്യ 50,000 രൂപ നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം ; മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.    ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക്  രാവിലെ 5:30 നുള്ള  എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് രാത്രി 8:32 നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിന്റെ ഫലമായി മെഡിക്കൽ പരിശോധനകളിൽ പങ്കെടുക്കാൻ സാധിച്ചതുമില്ല, കപ്പലിൽ അനുവദിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നുമാണ് കമ്മിഷനു മുന്നിലെത്തിയ പരാതി. എയർ ഇന്ത്യയുടെ അശ്രദ്ധ മൂലം  പരാതിക്കാരൻ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും  കസ്റ്റമർ കെയർ മെയിൽ ഐഡി വഴി എയർലൈനുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ ഒരു മറുപടി ലഭ്യമാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പരാതിക്കാരനെ അറിയിച്ചിരുന്നു എന്നു തെളിയിക്കുന്ന ഒരു തെളിവും എയർ ഇന്ത്യയ്ക്ക് ഹാജരാക്കാൻ സാധിച്ചില്ല.  ആദ്യം ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതിനാലും ബദൽ വിമാനത്തിന്റെ യാത്ര വൈകിയതിനാലും തൊഴിലുടമ നിർദ്ദേശിച്ച മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാത്തതിനാലും പരാതിക്കാരന് നഷ്ടം സംഭവിച്ചതായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തി. ഇതിനാൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായ സേവനത്തിലെ അപര്യാപ്തതയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരനു നൽകാൻ അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് വ്യക്തിഗത പ്രോജക്ടുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ 36 പ്രോജക്ടുകൾക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മെയ് 19 മുതൽ 24 വരെ പൂരിപ്പിച്ച അപേക്ഷകൾ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിൽ സ്വീകരിക്കും. അപേക്ഷ ഫോറവും വ്യക്തിഗത ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള നോട്ടീസും ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെ പക്കൽ നിന്നും മെയ്‌ 19 മുതൽ ലഭിക്കുന്നതാണ്. വ്യക്തിഗത പ്രോജക്റ്റുകൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഗ്രാമസഭ യോഗങ്ങൾ 24 മുതൽ ജൂൺ 1 വരെ വിവിധ വാർഡുകളിൽ ചേരും. എസ് റ്റി ഊരുകൂട്ടം, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ എന്നീ യോഗങ്ങൾ 22ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്നതാണെന്നും പ്രസിഡണ്ട് കെ സി ജെയിംസ് അറിയിച്ചു.

കോട്ടയം

സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗതിയിൽ

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.    രണ്ടു ഘട്ടങ്ങളിലായിട്ടാണു നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 2019-2020 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂർത്തീകരിച്ചത്. മുകളിലത്തെ നിലയുടെ പൂർത്തീകരണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്.  കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽനിന്ന് 50 മീറ്റർ ദൂരത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 1198.5 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന കെട്ടിടത്തിൽ  വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് തൃപ്തികരമായി പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കുന്നത്. പെയിന്റിംഗ് ജോലികളും ഇന്റീരിയർ ജോലികളുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, തദ്ദേശ സ്വയംഭരണവകുപ്പ് ഓഫീസ് എന്നിവയാണ് ഉണ്ടാവുക. കടപ്ലാമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ ഒരു കുടക്കീഴിലാകും.

കോട്ടയം

*ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ്‌ 17 ന് ശനിയാഴ്ച കോട്ടയത്ത്‌

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) " ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം " എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ്‌ 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്. ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും, ചർച്ചയും ഉണ്ടാവും. രാവിലെ 9 ന് ബഹുമാന്യനായ കോട്ടയം എം എൽ എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും. തുടര്‍ന്ന് ഐ.എ.പി.എ യുടെ സ്റ്റേറ്റ് പ്രസിഡന്റ് അക്യു മാസ്റ്റർ ഷുഹൈബ് റിയാലു മുഖ്യപ്രഭാഷണം നടത്തും. ഐ. എ. പി. എ. സംസ്ഥാന ജനറൽ സെക്രട്ടറി അക്യുമാസ്റ്റർ. സി. കെ. സുനീർ, സംസ്ഥാന ട്രെഷറർ അക്യുമാസ്റ്റർ ഖമറുദ്ദീൻ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്യുമാസ്റ്റർ.സയ്യിദ് അക്രം, ഐ. എ. പി. എ സംസ്ഥാന ജോയിന്റ് സെക്രട്ടറി അക്യുമാസ്റ്റർ അൽത്താഫ് മുഹമ്മദ്‌, പ്രോഗ്രാം കൺവീനർ അക്യു മാസ്റ്റർ സുധീർ സുബൈർ തുടങ്ങിയവർ സംസാരിക്കും.. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പൊതുസമ്മേളനം കോട്ടയം മുനിസിപ്പൽ ചെയപേഴ്സൺ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യും.. വൈകിട്ട് 4.30 ന് എഡ്യൂ മീറ്റ് അവസാനിക്കും.. പത്ര സമ്മേളനത്തില്‍ പങ്കെടുത്തവർ..അക്യു മാസ്റ്റർ.ഷുഹൈബ് റിയാലു. (സ്റ്റേറ്റ് പ്രസിഡന്റ്, ഐ.എ.പി.എ.), അക്യു മാസ്റ്റർ സുധീർ സുബൈർ ( സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഐ. എ. പി. എ, പ്രോഗ്രാം കൺവീനർ ),Acu. Pr. അനസ് ഗഫൂർ (എറണാകുളം, ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ),Acu. Pr. രശ്മി ജയേഷ് (എറണാകുളം, ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി),Acu. Pr. ഫാസിൽ ഫരീദ് (കോട്ടയം, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി), Acu. Pr. ജാരിഷ്. കെ. ജെ (കോട്ടയം, ആലപ്പുഴ ജില്ലാ പി. ആർ. ഓ ), Acu. Pr. മുഹമ്മദ്‌ സാലി (കോട്ടയം, ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി), സഹീർ മുഹമ്മദ്‌ (കോട്ടയം, ആലപ്പുഴ ജില്ലാ ട്രെഷറർ)Acu. Pr. അഞ്ചു ജോസഫ് ( തൃശൂർ ജില്ലാ അംഗം)