വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കനത്ത കാറ്റിൽ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം തകർന്നു

കോട്ടയം :കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. കോട്ടയം തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര അപ്പാടെ തകരുകയായിരുന്നു. ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി.  രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ  കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. തീർത്തും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വെള്ളാനി മേഖലയിലെ പ്രാഥമിക പഠന സൗകര്യമാണ് പ്രതിസന്ധിയിലായത്. 22 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അധ്യായന വർഷവും പ്രതിസന്ധിയിൽ ആയി.  ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ് . എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.

കോട്ടയം

സംസ്ഥാനത്ത് കാലവർഷം എത്തുന്നു: ശക്തമായ മഴയ്ക്ക് സാധ്യത, കോട്ടയം ജില്ലയിൽ നാളെ മുതൽ മൂന്നു ദിവസം ഓറഞ്ച് അലേർട്ട്.

കോട്ടയം :കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതൽ ഏഴു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 24, 25, 26 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 27 ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക -ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 27 ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട.പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.  മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി -പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി - ചീനി മരം റോഡ് - 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി - വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം - അമ്പലം ആറാട്ടുകടവ് റോഡ്- 9 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി -ആച്ചുകാവ് അമ്പലം റോഡ്-5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് - കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം എന്നീ പ്രകാരമാണ് 40 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

പ്ലസ്‌ടു ഫലം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു

കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചു.അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് ഏഴു മണിയ്ക്ക് ആണ് സംഭവം.പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ. റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും. ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട് എത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിതയുടെ മരണം സംഭവിച്ചിരുന്നു.ഇന്നലെ  വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.ഫലം അറിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അപകടത്തിൽ വിദ്യാർത്ഥിനി മരിക്കുന്നത്. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിതയുടെ സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.

കോട്ടയം

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു

കോട്ടയം: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്ര സിഡൻ്റ് പി.എ. ഇബ്രാഹിം നേതൃത്വം നൽകി.  കെ.എ. സജിന (സെക്ര), ടി.എം. നജ്‌മി (പി.ആർ), ജെ. എ. ഷഹന (മീഡിയ ആൻഡ് സോഷ്യൽ മീഡിയ), എ. ഫാസില ബീഗം (ഖുർആൻ സ്റ്റഡി സെൻ്റർ), പി.കെ. സോഫി (തംഹീദുൽ മർഅ), പി.എസ്. യാസ്മിൻ (ജി.ഐ.ഒ), എം.എം. ഫൗസിയ (ടീൻ ഇന്ത്യ), ടി.കെ. ഷാഹിന (മലർവാടി), എം.ടി. സാറ, പി.എം. മുംതാസ് (ജില്ല സമിതി അംഗം). എന്നിവരാണ് ഭാരവാഹികൾ. നജിയ ഇബ്രാഹിം (ഈരാറ്റുപേട്ട), നെസിയ സലീം (കാഞ്ഞിരപ്പള്ളി), റൈഹാനത്ത് നിസാർ (മുണ്ടക്കയം), ഷെഫീന സലാം (ചങ്ങനാശ്ശേരി), സാജിദ കെ.കെ (കോട്ടയം) എന്നിവരാണ് ഏരിയാ കൺവീനർമാർ.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി

തീക്കോയി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ശുചിത്വ മീറ്റിങ്ങുകൾ കൂടി അടിയന്തിര മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. പി എച്ച് സി, ഹോമിയോ, ആയുർവേദ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാനും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുവാനും തീരുമാനിച്ചു. പഞ്ചായത്തുകളിലെ പൊതു സ്ഥാപനങ്ങളും ടൗണുകളും മാലിന്യമുക്തമാക്കുവാനും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി വൃത്തിയാക്കുവാനും അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചു നീക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. രോഗങ്ങളും മറ്റു പകർച്ചവ്യാധികളും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മാജി തോമസ്, മെമ്പർമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസ്കുട്ടി, അമ്മിണി തോമസ്, സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, പി എസ് രതീഷ്, ദീപ സജി, നജീമ പരിക്കൊച്ച്, സെക്രട്ടറി സജീഷ് എസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ലിറ്റി തോമസ്, ഡോ. സുമി നൗഫൽ, ഡോ. സജീന കെ എ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കോട്ടയം

കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

കോട്ടയം :ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം. ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ , ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ വി എസ്, വാടനാപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിനു എസ്, എസ് സിപി ഒ മാരായ സന്തോഷ് പി സി, തോമസ് സ്റ്റാൻലി, ശ്യം എസ് നായർ, സിപി ഒ നിയാസ് എം എ, സതീഷ് കുമാർ പി എ എന്നിവർക്കാണ് പുരസ്‌കാരം.2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്‌ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം CCTV യുടെ DVR ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ ഫൈസൽ രാജ്,, അനീഷ് ആന്റണിഎന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ യുടെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ വി എസ് , വാടനാപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിനു എസ്, എസ് സി പി ഒ മാരായ സന്തോഷ് പി സി, തോമസ് സ്റ്റാൻലി, ശ്യം എസ് നായർ, സിപി ഒ നിയാസ് എം എ സതീഷ് കുമാർ പി എ എന്നിവരാണ് ഉണ്ടായിരുന്നത്.

കോട്ടയം

എല്‍.പി.ജി. സിലിണ്ടര്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം സ്വദേശിനി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. 2020 നവംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. ഗ്യാസ് സിലണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവേ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ പരാതിക്കാരി മകനായ സെബിന്‍ അബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും തീ ആളിപിടിക്കുകയായിരുന്നു. ഇരുവര്‍ക്കും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ സിബിന്‍ അബ്രഹാം മരണപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു 30 വയസുകാരനായ സെബിന്‍. കുസുമത്തിന് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.  ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍ കക്ഷിയായുമാണ് കേസ്. തലയോലപറമ്പിലുള്ള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം എതിര്‍ കക്ഷി. മരിയ ബോട്ടിലിംഗ് പ്ലാന്റിന്റെ ജനറല്‍ മാനേജര്‍, സുരക്ഷാ മാനേജര്‍, പ്ലാന്റ് ഓപ്പറേറ്റര്‍ കം സൂപ്പര്‍വൈസര്‍ എന്നിവരാണ് നാലും അഞ്ചും ആറും എതിര്‍കക്ഷികള്‍. മീനച്ചില്‍ താലൂക്കിലെ വിനായകര്‍ ഗ്യാസ് ഏജന്‍സിയും വിനായകര്‍ ഗ്യാസ് ഏജന്‍സിയുടെ മാനേജരുമാണ് ഏഴും എട്ടും എതിര്‍കക്ഷികള്‍. ഇവരുടെ അശ്രദ്ധമൂലമുണ്ടായ ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് എതിര്‍കക്ഷികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഫോറന്‍സിക് വിദ്ധര്‍ നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സെല്‍ഫ് ക്ലോസിംഗ് (എസ്.സി) വാല്‍വിലെ റിങ് നഷ്ടപ്പെട്ടതായും വലിയ തോതില്‍ വാല്‍വ് ചോര്‍ച്ച സംഭവിച്ചതായും രാമപുരം പോലീസ് കണ്ടെത്തി. എല്‍പിജി സിലിണ്ടര്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാലും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലുമാണ് അപകടമുണ്ടായതെന്ന എതിര്‍ കക്ഷികളുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. എതിര്‍ കക്ഷികള്‍ സിലിണ്ടര്‍ തകരാറുകളില്ലാത്തതാണെന്ന്  തെളിയിച്ചിട്ടില്ലെന്നും സേഫ്റ്റി വാല്‍വ് നീക്കം ചെയ്ത സമയത്ത് മാത്രമാണ് സംഭവിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി.   ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍ നടത്തുന്നതില്‍ എതിര്‍ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായതെന്നും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എതിര്‍കക്ഷികളുടെ ബാധ്യതയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിക്ക് 53 ശതമാനം സ്ഥിരമായ വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മുഖത്തും പൊള്ളലേറ്റു. 16 ശതമാനം പ്ലാസ്റ്റിക് സര്‍ജറി വൈകല്യം മുഖത്തെ രൂപഭേദത്തിന്റെ വ്യാപ്തി തെളിയിക്കുന്നതായും അത് മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണെന്നും അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികളുടെ അശ്രദ്ധയും ജാഗ്രതക്കുറവും കാരണം പരാതിക്കാരിക്കു മാരകമായി പൊള്ളലേറ്റതും കുടുംബത്തിന്റെ ഏകആശ്രയമായ മകന്‍ നഷ്ടപ്പെടതും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ വിധി.