വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

"മദീനയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം കണ്ടെത്തി!; ഖനന വ്യവസായത്തില്‍ കുതിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മദീന മേഖലയിലെ അബ അല്‍-റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.(saudi arabia found huge investment of gold and copper) മദീനയിലെ വാദി അല്‍-ഫറാ മേഖലയിലെ അല്‍-മാദിഖ് പ്രദേശത്ത് നാലിടങ്ങളില്‍ ചെമ്പ് അയിര് കണ്ടെത്തിയെന്നും സര്‍വേ ആന്റ് മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കല്‍ സര്‍വേ ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു, 533 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകള്‍. ഇതിലൂടെ നാലായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളും സൗദി പ്രതീക്ഷിക്കുന്നുണ്ട്. എണ്ണയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രിതത്വം മറികടക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും. പത്തുവര്‍ഷത്തിനിടെ സൗദിയുടെ ഖനന മേഖലകളില്‍ 170 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്വര്‍ണ, ചെമ്പ്, കണ്ടുപിടുത്തത്തിലൂടെ ലോകത്തിന് സൗദിയില്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.ഇതോടെ രാജ്യത്തിന്റെ ഖനന വ്യവസായത്തിന് ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. 5,300 ലധികം ധാതു ലൊക്കേഷനുകള്‍ സൗദി അറേബ്യയിലുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപ്പറേറ്റീവ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അസീസ് ബിന്‍ ലാബോണ്‍ പറഞ്ഞു. ഇതില്‍ വൈവിധ്യമാര്‍ന്ന ലോഹവും ലോഹമല്ലാത്തതുമായ പാറകള്‍, നിര്‍മ്മാണ സാമഗ്രികള്‍, അലങ്കാര പാറകള്‍, രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇൻഡ്യ

വാട്ട്‌സ്‌ആപ്പിന്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സ്‌ആപ്പ്‌, സൂം, സ്‌കൈപ്‌, ഗൂഗിള്‍ ഡ്യുയോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക്‌ രാജ്യത്ത്‌ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്‌ ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ടെലികോം/ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ്‌ തിരിച്ചു നല്‍കാനും വ്യവസ്‌ഥയുണ്ട്‌. കരട്‌ ബില്ലിന്മേല്‍ ഒക്‌ടോബര്‍ 20 വരെ അഭിപ്രായം അറിയിക്കാമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചു.

ലോകം

അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി തകര്‍ന്നു വീണു; ആളപായമില്ല, നിരവധി പേര്‍ക്ക് പരിക്ക്

അബുദാബി:അല്‍ ബത്തീന്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗീകമായി തകര്‍ന്നു വീണു.അപകടത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബി പൊലീസും അബുദാബി സെല്‍ഫ് ഡിഫന്‍സും ചേര്‍ന്ന് പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടസ്ഥലത്തുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട സ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍ നിന്നും പൊതുജനങ്ങളെ അബുദാബി പൊലീസ് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ അറിയാനാണ് പൊതുജനങ്ങള്‍ക്കുള്ള പൊലീസിന്റെ നിര്‍ദ്ദേശം.

പ്രവാസം

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍ അദാനിയുടെ സഹോദരന്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍(എന്‍ആര്‍ഐ) ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ആണ് സമ്പന്ന എന്‍ആര്‍ഐകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലെ സമ്പന്നരില്‍ ആറാം സ്ഥാനത്തുള്ളതും വിനോദ് ശാന്തിലാല്‍ അദാനിയാണ്. 1.69 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. 94 എന്‍ആര്‍ഐകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഹിന്ദുജ സഹോഹരങ്ങളാണ് രണ്ടാം സ്ഥാനത്ത്. 1.65 ലക്ഷം കോടിയാണ് അവരുടെ സമ്പത്ത്. പട്ടികയില്‍ 48 പേര്‍ യുഎസ്സിലുള്ളവരാണ്. യുഎസ്സില്‍ ജീവിക്കുന്ന എന്‍ആര്‍ഐകളില്‍ മുന്നില്‍ ജെ ചൗധരിയാണ്, 70,000 കോടി. വിനോദ് ശാന്തിലാല്‍ അദാനി ദുബയിലാണ് ജീവിക്കുന്നത്. സിങ്കപ്പൂര്‍, ദുബൈ, ജക്കാര്‍ത്ത എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് ബിസിനസ് ഉള്ളത്. 1976ല്‍ വസ്ത്രവ്യാപാരത്തിലൂടെയാണ് വിനോദ് അദാനി തുടങ്ങുന്നത്. പിന്നീടത് സിങ്കപ്പൂരിലേക്ക് വ്യാപിപ്പിച്ചു.  

വിദ്യാഭ്യാസം

ജോലി സാധ്യതകള്‍ പഠിച്ച ശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം: പി.എസ്.സി. ചെയര്‍മാന്‍

സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ജോലി സാധ്യതകള്‍ കൂടി പഠിച്ചു മാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ എന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച 'പി.എസ്.സി. ചെയര്‍മാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളുടെ പേരില്‍ സ്വാശ്രയ മേഖലയില്‍ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേരാണ് സംശയ നിവാരണത്തിനും നേരിട്ടുള്ള മറുപടി കേള്‍ക്കാനുമായി എത്തിയത്. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഡോ. പി. സോമനാഥന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. നകുലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ➖➖.➖➖➖➖➖➖➖➖ 

കേരളം

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം; നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ്  എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം, പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദേഹത്തിൻ്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെൻ്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻ രക്ഷാ സംവിധാനം  തുടർന്നും ആവശ്യമാണെന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ  സർട്ടിഫിക്കറ്റിൻമേൽ ഇളവ് തുടരാവുന്നതാണ്.

കേരളം

ശിശുമരണനിരക്ക്‌ കുറവ് കേരളത്തിൽ ; നവജാത ശിശുമരണനിരക്ക്‌ ആയിരത്തിന്‌ 
 നാല്‌ മാത്രം

ന്യൂഡൽഹി നവജാത ശിശുക്കളുടെയും അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെയും മരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ കുതിപ്പുമായി കേരളം. രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ പുറത്തിറക്കിയ 2020ലെ റിപ്പോർട്ടുപ്രകാരം നവജാതശിശുക്കളിലെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ നാല്‌ മാത്രമായി കുറഞ്ഞു. 2019ലെ റിപ്പോർട്ടിൽ ഇത്‌ ആയിരത്തിന്‌ ആറ്‌ ആയിരുന്നു. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ കേരളത്തിൽ ആയിരത്തിന്‌ എട്ടാണ്‌. 2019ൽ ഇത്‌  ആയിരത്തിന്‌ ഒമ്പത്‌ ആയിരുന്നു. രണ്ട് വിഭാ​ഗത്തിലും മരണനിരക്ക് നിയന്ത്രിക്കുന്നതില്‍ കേരളമാണ് രാജ്യത്ത് ഇപ്പോള്‍ മുന്നില്‍. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030നകം നവജാത ശിശുമരണനിരക്ക്‌ ആയിരത്തിന്‌ പന്ത്രണ്ടിൽ താഴെയായി കുറയ്‌ക്കണമെന്ന്‌ വിഭാവനം ചെയ്‌തിരുന്നു. കേരളത്തിനു പുറമെ ഡൽഹി (ഒമ്പത്‌), തമിഴ്‌നാട്‌ (ഒമ്പത്‌), മഹാരാഷ്‌ട്ര (11), ജമ്മു- കശ്‌മീർ (12), പഞ്ചാബ്‌ (12) എന്നിവയാണ്‌ ഈ ലക്ഷ്യം കൈവരിച്ചത്‌. അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്‌ ആയിരത്തിന്‌ 25 ആയി കുറയ്‌ക്കണമെന്നാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കേരളത്തിനു പിന്നാലെ തമിഴ്‌നാട്‌ (13), ഡൽഹി (14), ജമ്മു -കശ്‌മീർ (17), മഹാരാഷ്‌ട്ര (18), കർണാടകം (21), പഞ്ചാബ്‌ (22), ബംഗാൾ (22), തെലങ്കാന (23), ഗുജറാത്ത്‌ (24), ഹിമാചൽപ്രദേശ്‌ (24) എന്നിവ ഈ ലക്ഷ്യത്തിലെത്തി.  ഇവയുടെ അഖിലേന്ത്യ ശരാശരി 20ഉം 32ഉം ആണ്.

ഇൻഡ്യ

അരി, ഗോതമ്പ്, ഗോതമ്പ് പൊടി വില കഴിഞ്ഞ 
വർഷത്തേക്കാൾ 20 ശതമാനം കൂടുതല്‍ അരി വില കുതിക്കും : മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം

ന്യൂഡൽഹി രാജ്യത്ത്‌ അരിവില ഇനിയും കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി  ഭക്ഷ്യമന്ത്രാലയം. ഖാരിഫ് സീസണിൽ ഉൽപ്പാദനം കുറഞ്ഞതിനാൽ ചില്ലറ, മൊത്ത വിൽപ്പന വില ഉയരുമെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി. കേന്ദ്ര സർക്കാർ കയറ്റുമതി നയത്തിൽ വരുത്തിയമാറ്റവും വിലക്കുതിപ്പിന്‌ വഴിവെച്ചിട്ടുണ്ട്. ബസുമതി ഇതര അരിയുടെ കയറ്റുമതി വൻ തോതിൽ ഉയർന്നു. ഉൽപ്പാദനം ഇതിനനുസരിച്ച്‌ ഉയർന്നിട്ടില്ല. ഈ മാസം ആദ്യം കയറ്റുമതി നിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. മന്ത്രാലയത്തിന്റെ റിപ്പോട്ട് പ്രകാരം ഇത്തവണ 10.4കോടി ടണ്ണണ്‍ അരി ഉൽപ്പാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണിൽ ഇത്‌ 11.1 കോടി ടണ്ണായിരുന്നു. അരികയറ്റുമതി 11 ശതമാനം ഉയരുകയും ചെയ്തു. രാജ്യത്ത് ചെറുകിട വില സൂചിക പ്രകാരം  അരി, ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്‌. അരിവില ആഴ്ചയിൽ 0.24 ശതമാനവും മാസത്തിൽ 2.46 ശതമാനവുമാണ്‌ കൂടുന്നത്‌. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്‌ സെപ്‌തംബറിൽ 8.67 ശതമാനമാണ്‌ വിലക്കയറ്റം. അഞ്ച് വർഷത്തിനിടെ ശരാശരി 15.14 ശതമാനമാണ്‌ അരിവില ഉയർന്നത്‌.