ഈരാറ്റുപേട്ട: തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനും,മുദരിസുമായിരുന്ന അബൂ സുമയ്യ പി ഇ മുഹമ്മദ് യൂസുഫ് മൗലവി ബാഖവി (70)നിര്യാതനായി.ഈരാറ്റുപേട്ട പടിപ്പുരക്കൽ മർഹൂം ഇബ്രാഹീം കുട്ടി മുസ്ലിയാരുടെയും
സ്വാതന്ത്ര്യ സമര സേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരപുത്രൻ ചക്കിപ്പറമ്പത്ത് കുടുംബാംഗം മർഹൂം അലിയാർ മൗലവിയുടെ മകൾ ഹലീമാ ബീവിയുടെയും മൂത്ത പുത്രൻ ആയി 1952 ൽ ജനിച്ചു.പ്രാഥമിക പഠനം പിതാവിൽ നിന്നും പിന്നീട് മുഹമ്മദ് ഈസാ മൗലവിയുടെയും ശിഷ്യനായി പഠനം നടത്തി.വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹത്ത് അറബിക് കോളേജിൽ നിന്നും ബാഖവി ബിരുദം നേടി.ആലപ്പുഴ ചന്തിരൂർ,തൊടുപുഴ വേങ്ങല്ലൂർ,കാഞ്ഞിരപ്പള്ളി,ആലുവ,പത്തനംതിട്ട ഈരാറ്റുപേട്ട തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ദർസ് നടത്തി.ആയിരക്കണക്കിന് ശിഷ്യൻ മാർ അദ്ദേഹത്തിനുണ്ട്.ഈരാറ്റുപേട്ട മമ്പഉൽ ഖൈറാത്ത് അറബിക് കോളേജിൽ പ്രിൻസിപ്പാൾ ആയി സേവനം ചെയ്യുന്നതിനിടയിലാണ് നിര്യാണം. വൈകുന്നേരം നാല് മണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ കബറടക്കി.