വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കടലിനടിയിലെ മായിക ലോകം; 'അവതാര്‍ 2' മലയാളത്തിലും

ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം 'അവതാർ 2' ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  "നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ നിങ്ങൾ അനുഭവിച്ചറിയുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഡിസംബർ 16-ന് പന്‍ഡോറയിലേക്കുള്ള മടക്കം ആഘോഷിക്കാം", എന്നാണ് ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഈ വർഷം ഡിസംബർ 16-ന് 'അവതാർ- ദ വേ ഓഫ് വാട്ടർ' തിയറ്ററിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.

ജനറൽ

പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍

ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രമാണ് 'ഹയ'. വാസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. 'ഹയ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കുടുംബനാഥന്റെ വ്യത്യസ്‍ത റോളിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്ന 'ഹയ'യില്‍ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച  ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. ജിജു സണ്ണി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അരുൺ തോമസാണ് ചിത്രത്തിന്റെ എഡിറ്റിംഗ് സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്‍തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട് 'ഹയ'യിൽ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ. മസാല കോഫി ബാൻഡിലെ വരുണ്‍ സുനില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഹയയുടെ ചിത്രത്തിന്റെ പ്രൊഡക്ഷൻ കോഡിനേറ്റര്‍  സണ്ണി തഴുത്തലയാണ്. ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന. അസോസിയേറ്റ് ഡയറക്ടർ സുഗതൻ. ഗാനരചന:  മനു മഞ്‌ജിത്, പ്രൊഫ. പി എൻ ഉണ്ണികൃഷ്‍ണൻ പോറ്റി, ലക്ഷ്‍മി മേനോൻ, കലാസംവിധാനം സാബുറാം, മേക്കപ്പ് ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ന്‍‍മെന്‍റ് കോർണർ, പിആർഒ വാഴൂർ ജോസ്.

ജനറൽ

നല്ല ദഹനത്തിന് ഈ 3 ഭക്ഷണങ്ങള്‍ കഴിക്കൂ

ദഹനസംബന്ധമായ(digestion) പ്രശ്നങ്ങള്‍ നേരിടുന്നവരാണോ നിങ്ങള്‍? ഇതേ പ്രശ്നം ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതില്‍ നിന്നു നിങ്ങളെ തടയുന്നുണ്ടോ? എന്നാല്‍, ഇനി അതോര്‍ത്ത് വിഷമിക്കേണ്ട. മൂന്നു ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ക്കൊപ്പം കഴിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉളളൂ. നല്ല ദഹനത്തിനു നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1.തൈര് പ്രോബയോട്ടിക്ക് ബാക്ടീരിയയെ ഉത്പാദിപ്പിക്കുന്നതു വഴി തൈര് ദഹനത്തിനു സഹായിക്കുന്നു. ആഹാരത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും, ഇതുവഴി ഇഷ്ടമുളള ആഹാരത്തോടു ‘നോ’ പറയേണ്ട അവസ്ഥയും ഒഴിവാക്കാം. 2.പെരുഞ്ചീരകം ഉയര്‍ന്ന ഫൈബര്‍ കണ്ടന്റുള്ള പെരുഞ്ചീരകം ഒരു ആന്റിപസ്മോഡിക്ക് ഏജന്റു കൂടിയാണ്. വയറു വേദനയ്ക്കു ഉപയോഗിക്കുന്ന മരുന്നില്‍ ഉള്‍പ്പെടുന്നവയാണ് ആന്റിപസ്മോഡിക്കുകള്‍. ഇതിന്റെ സാന്നിധ്യം ദഹനത്തിനു കൂടുതല്‍ സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ പെരുഞ്ചീരകം ചേര്‍ക്കുന്നത് രുചിയോടൊപ്പം ആരോഗ്യവും സമ്മാനിക്കും. 3.പപ്പായ പപ്പായയിലുളള പപ്പെയിന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം ദഹനത്തിനു സഹായിക്കുന്നു. അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവയ്ക്കും പപ്പായ കഴിക്കുന്നത് പ്രതിവിധിയാണ്. ദഹനം എളുപ്പമാക്കുന്ന പപ്പായയും ഇനി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട.

ജനറൽ

ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മാത്യു ദേവസിയായി മമ്മൂട്ടി; 'കാതൽ' ചിത്രീകരണം പുരോഗമിക്കുന്നു

റോഷാക്ക് എന്ന സൂപ്പർഹിറ്റിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ ദി കോർ'. ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ക്ലബ് പങ്കുവെച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മാത്യു ദേവസി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലക്സ് ബോർഡിന്റ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തീക്കോയി ഗ്രാമ പഞ്ചയാത്ത് 3-ാം വാർഡ് ഇടത് സ്ഥാനാർത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ആദ്യ ചിത്രം 'നെയ്മർ' റിലീസിന് ഒരുങ്ങുകയാണ്. സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ച കാതൽ ദി കോറിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരും കഥാപാത്രങ്ങളാണ്.  

ജനറൽ

സൗബിന്റെ 'അയൽവാശി'; നിർമ്മാണം മുഹ്‌സിൻ പരാരിയും ആഷിഖ് ഉസ്മാനും

ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. 'അയല്‍വാശി' എന്ന് പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സൗബിന്‍ ഷാബിര്‍ നായകനായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‍ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'അയല്‍വാശി'. മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്. സിനിമയുടെ തിരക്കഥയും സംവിധായകന്റേത് തന്നെ.   

ജനറൽ

ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' ഫൈനൽ മിക്സ്; പുതിയ അപ്ഡേറ്റുമായി ഭദ്രൻ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'സ്ഫടിക'ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.  "ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ "wow factors !! ", എന്നാണ് ഫൈനൽ മിക്സ് പൂർത്തിയാക്കിയ വിവരം ഭദ്രൻ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി.  പാടി കുളിക്കും പരല്‍മീന്‍ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ."ഏഴിമല പൂഞ്ചോലയിലെ ലാലേട്ടന്‍ പാടിയ വരികള്‍ ഡോള്‍ബി അറ്റ്മോസില്‍ എത്തുന്ന സമയം തീയേറ്റര്‍ പൂരപ്പറമ്പാകും, തോമായെ ബിഗ് സ്‌ക്രീനിൽ കാണണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നു, വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുമോ, മലയാളി ഇത്രയേറെ ആഘോഷമാക്കിയ വേറെ ഒരു നായകൻ ഉണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സ്ഫടികത്തിന്‍റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

ജനറൽ

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.  മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. ഷാനിദുമൊത്തുള്ള ചിത്രങ്ങള്‍ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹവും ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ജനറൽ

തെസ്‍നി ഖാന്റെ സംവിധാനത്തില്‍ 'ഇസ്‍തിരി', ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

കോമഡി രംഗങ്ങളിലും ക്യാരക്ടര്‍ റോളിലുമൊക്കെ തിളങ്ങിയ നടിയാണ് തെസ്‍നി ഖാൻ. തെസ്‍നി ഖാൻ ആദ്യമായി സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രം 'ഇസ്‍തിരി' ശ്രദ്ധ നേടുന്നു. തെസ്‍നി ഖാൻ തന്നെയാണ് കഥയുമെഴുതിരിക്കുന്നത്. സൈന മൂവീസിലൂടെയാണ് തെസ്‍നി ഖാന്റെ ഹ്രസ്വ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ഇസ്‍തിരി'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവിരാജ് വി നായര്‍ ആണ്. സന്ധ്യ അയ്യര്‍, സ്‍നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വിനായക് പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസൈൻ ലൈനോജ് റെഡ്ഡിസൈൻ ആണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര് രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്‍ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ് എന്നിവരുമാണ്. ഡ്രീം ക്രിയേഷന്റെ ബാനറിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയും. അസോസിയേറ്റ് ഡയറക്ടര്‍ ജോമാൻ ജോഷി തിട്ടയിലാണ്. 'ഡെയ്‍സി' എന്ന ചിത്രത്തിലൂടെ 1988ലാണ് തെസ്‍നി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെസ്‍നി ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി. ഏഷ്യാനെറ്റിന്റെ സിനിമാല പോലുള്ള പ്രോഗ്രാമുകളിലും തെസ്‍നി ഖാൻ തിളങ്ങി. നിരവധി സീരിയലുകളിലും തെസ്‍നി ഖാൻ അഭിനയിച്ചിട്ടുണ്ട്.