വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചു കയറുന്നു

സംസ്ഥാനത്ത് സ്വർണവില ദിവസേന കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. ഇന്ന് സ്വർണ്ണവില 760 രൂപ കൂടി 63,240 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 95 രൂപ വര്‍ധിച്ച് 7,905 രൂപയുമായി. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും

ജനറൽ

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ; കണ്ണുതള്ളി ഉപഭോക്താക്കൾ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,760 രൂപയാണ്.  കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം  65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6275 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്. 

ജനറൽ

പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കും. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. രാജസേനന്റെയും റാഫി-മെക്കാർട്ടിൻ സംവിധായകരുടേയും സഹായിയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 2001-ൽ പുറത്തിറങ്ങിയ വൺമാൻഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ മജ എന്ന തമിഴ് ചിത്രവും ഉൾപ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.

ജനറൽ

മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. കുടുംബം പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽനിന്നാണ് ബിരുദം നേടിയത്.   

ജനറൽ

ഒഴിവ് വോക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 27ന് കോട്ടയത്ത്

 കോട്ടയം ജില്ലാ എപ്ലോയബിലിറ്റി സെന്ററിൽ നൂറ്റിഅൻപതിലധികം ഒഴിവുകളിലേയ്ക്ക്  വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 27 ന് രാവിലെ 10ന് കോട്ടയം കളക്‌ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എപ്ലോയബിലിറ്റി സെന്ററിലാണ് ഇന്റർവ്യൂ. എപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 250 രൂപ ഫീസടച്ച് സ്‌പോട് രജിസ്‌ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2563451.

ജനറൽ

സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു

സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എം.എം.ആർ വാക്‌സിന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം. മീസില്‍സും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആര്‍ വാക്‌സീന്‍ ഇപ്പോള്‍ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുന്നുണ്ട്. മംപ്‌സ് പ്രതിരോധമരുന്നുകൂടി ഉള്‍പ്പെടുന്ന എംഎംആര്‍ വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്. സ്വകാര്യമേഖലയിൽ ശരാശരി 650 രൂപയാണ് വാക്സീന്റെ വില.  

ജനറൽ

*ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിറുത്തും

തിരുവനന്തപുരം: രണ്ടുവർഷം ദൈർഘ്യമുള ബി.എഡ് കോഴ്‌സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിൻ്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്‌സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലം കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കൈമാറി. നാലുവർഷ ബി.എഡിൻ്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്സ് ഇല്ലാതാവും. എൽ.പി, യു.പി സ്കൂൾ അദ്ധ്യാപകരാവാനുള്ള രണ്ടുവർഷത്തെ ടി.ടി.സി കോഴ്സ് അടുത്ത വർഷം നിറുത്തും. നീറ്റ് മാതൃകയിൽ നാഷണൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സർക്കാർ നിശ്ചയിക്കും. 2030 മുതൽ നാലുവർഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം. ബി.എ, ബി.എസ്‌സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകൾക്കൊപ്പമാവും നാലുവർഷ ബി.എഡും. ആദ്യവർഷം മുതൽ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവർഷവും വിജയിക്കുമ്പോൾ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവർഷം പൂർത്തിയാക്കി കോഴ്‌സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും. നിലവിൽ കോഴിക്കോട് എൻ.ഐ.ടി, കാസർകോട് കേന്ദ്രസർവകലാശാല എന്നിവിടങ്ങളിൽ നാലുവർഷ ബി.എഡുണ്ട് എൻ.ഐ.ടിയിൽ വാർഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളിൽ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനായിരിക്കും  (എൻ.സി.ടി.ഇ) കോഴ്‌സ് അനുവദിക്കുക. നിലവിൽ ബി.എഡ് കോഴ്‌സുള്ള ട്രെയിനിംഗ് കോളേജുകളിൽ നാലുവർഷ ബി.എഡ് അനുവദിക്കില്ല. *രണ്ട് മേജർ കോഴ്‌സുകൾ* നാലുവർഷ ബി.എഡിൽ രണ്ട് മേജർ കോഴ്സുകളുണ്ടാവും. ഒരെണ്ണം ടീച്ചർ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തിൽ പരിഷ്കരിക്കും. *പ്രൈമറി ടീച്ചർക്കും ബി.എഡ്* എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാൻ ഫൗണ്ടേഷൻ, മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകൾക്ക് പ്രിപ്പറേറ്ററി,ആറു മുതൽ എട്ടുവരെ മിഡിൽ, ഒമ്പതു മുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബി.എ,ബി.എസ്‌സി, ബികോം എന്നിവയിൽ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.

ജനറൽ

സെക്യൂരിറ്റി ജീവനക്കാരുടെ താൽക്കാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 19.11.2024ന് രാവിലെ 11 മണിക്ക് സെക്യൂരിറ്റി  ജീവനക്കാരുടെ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും പകലും രാത്രിയും ജോലിചെയ്യുവാൻ സന്നദ്ധനും ആയിരിക്കണം.   സൈനിക അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലിചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9188405172, 9495602717