പ്രാതൽ കുറച്ച് വെറൈറ്റി ആക്കിയാലോ..? എളുപ്പത്തിൽ തയാറാക്കാം ചീസ് ബ്രഡ് ഓംലറ്റ്
സാധാരണ ഉണ്ടാക്കുന്ന പ്രാതലിൽ നിന്നും കുറച്ച് വ്യത്യസ്തവും രുചികരവുമായ ഒരു പ്രാതൽ പരീക്ഷിച്ചു നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ചീസ് ബ്രഡ് ഓംലറ്റ് തയാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ മുട്ട – 4 ചീസ്-4 പീസ് ബ്രഡ് – 4 കഷ്ണം ടൊമാറ്റോ കെച്ചപ്പ് – ആവശ്യത്തിന് സവാള – ഒരെണ്ണം പൊടിയായി അരിഞ്ഞത് കാപ്സിക്കം – ഒരെണ്ണം പൊടിയായി അരിഞ്ഞത് തക്കാളി – ഒരെണ്ണം പൊടിയായി അരിഞ്ഞത് കുരുമുളകുപൊടി – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ആദ്യമായി 4 മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് തക്കാളി, കാപ്സിക്കം, സവാള എന്നിവ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അല്പം ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി വച്ച് കൊടുക്കാം. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. അൽപനേരം മൂടിവയ്ക്കുക. അതിനുശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കാം. ഒരു ബ്രഡ് പീസ് എടുത്ത് അതിന്റെ ഒരു വശത്ത് ടൊമാറ്റോ കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് നേരം മൂടി വയ്ക്കുക. അതിനു ശേഷം ഒന്ന് മറിച്ചിട്ട് കൊടുക്കാം. അങ്ങനെ ചീസ് ബ്രഡ് ഓംലറ്റ് ചൂടോടെ വിളമ്പാം.