വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഇനി ആര്‍ക്കൊക്കെ പണം ലഭിക്കും, ലഭിക്കില്ല? മോണിറ്റൈസേഷന്‍ പോളിസി തിരുത്തി യൂട്യൂബ്

ദശലക്ഷക്കണക്കിന് ഉപയോക്താക്കളും കണ്ടന്‍റ് ക്രിയേറ്റര്‍മാരും ഇൻഫ്ലുവൻസര്‍മാരും സമയം ചെലവഴിക്കുന്ന വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. കണ്ടന്‍റ് കാണുന്നതിന് മാത്രമല്ല, കണ്ടന്‍റ് പ്രചരിപ്പിക്കുന്നതിനും ധാരാളം ആളുകൾ യൂട്യൂബ് ഉപയോഗിക്കുന്നു. ചില കണ്ടന്‍റുകൾ ഒറിജിനൽ ആണ്. എന്നാൽ ചിലർ ഒരേ കണ്ടന്‍റ് ആവർത്തിക്കുന്നു. അതേസമയം ചിലർ എഐ കണ്ടന്‍റുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ എഐ സൃഷ്ടിച്ച കണ്ടന്‍റിനും ലോ-എഫേര്‍ട്ട് വീഡിയോകൾക്കുമായി ഒരു പുതിയ പേയ്‌മെന്‍റ് സംവിധാനം ആരംഭിച്ചിരിക്കുകയാണ് യൂട്യൂബ്. ഇതുവരെ യൂട്യൂബിന്‍റെ വരുമാനം ആഡ്‌സെൻസ് അക്കൗണ്ട് വഴി നേരിട്ട് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുന്നു യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സിനുള്ള പേയ്‌മെന്‍റ് സിസ്റ്റത്തിൽ മാറ്റം വരുത്തുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജൂലൈ 15 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇതുവരെ, യൂട്യൂബ് വരുമാനം കണ്ടന്‍റ് ക്രിയേറ്റേഴ്സിന് നേരിട്ട് ആഡ്‌സെൻസ് അക്കൗണ്ട് വഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഒരു പുതിയ രീതി സ്വീകരിക്കുന്നു. ഇതിനനുസരിച്ച്, യൂട്യൂബ് വരുമാനത്തിനായി ഒരു പ്രത്യേക ആഡ്‌സെൻസ് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടിവരും. യൂട്യൂബിന്‍റെ ഔദ്യോഗിക സപ്പോർട്ട് പേജിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച്, യൂട്യൂബ് പങ്കാളിത്ത പ്രോഗ്രാമിന്‍റെ (YPP) ഭാഗമായി ധനസമ്പാദനം നടത്തുന്നതിന് കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഒറിജിനലും ആധികാരികവുമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്യണം. ഈ പുതിയ നയം 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഒരു ചാനലിന് ഒരു വർഷത്തിൽ ഏകദേശം 1,000 സബ്‌സ്‌ക്രൈബർമാരും 4,000 സാധുവായ പൊതു നിരീക്ഷണ മണിക്കൂറും ഉണ്ടായിരിക്കണം. ഷോർട്സുകള്‍ക്ക് 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂകൾ ഉണ്ടായിരിക്കണം. കണ്ടന്‍റിൽ നിന്ന് ധനസമ്പാദനം നടത്തുന്നതിനായി യൂട്യൂബ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. നിങ്ങൾ ആരിൽ നിന്നെങ്കിലും ഉള്ളടക്കം എടുക്കുകയാണെങ്കിൽ, അതിൽ നിങ്ങളുടെ യഥാർഥ ഇൻപുട്ട് ഉണ്ടായിരിക്കണം എന്നതാണ് ഇതിൽ പ്രധാനം. ഒരു കണ്ടന്‍റും വീണ്ടും വീണ്ടും ആവർത്തിക്കരുത് എന്നതാണ് മറ്റൊന്ന്. എഐ ജനറേറ്റഡ് ഉള്ളടക്കങ്ങളെയും പുതിയ നയം പ്രോത്സാഹിപ്പിക്കുന്നില്ല. പല കണ്ടന്‍റ് ക്രിയേറ്റേഴ്സും എഐ ജനറേറ്റഡ് വീഡിയോകളെയും എഐ ശബ്ദങ്ങളെയും ആശ്രയിക്കുന്നു. ആ ഉള്ളടക്കത്തെയും ഈ പുതിയ നയം ബാധിക്കും. കോപ്പി-റൈറ്റിംഗ്, ലൈറ്റ് എഡിറ്റിംഗ് എന്നിവയിലൂടെ മാത്രം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കും പുതിയ നയം ദോഷകരമാകും. ഇതിനുപുറമെ കുറഞ്ഞ പരിശ്രമത്തോടെ നിർമ്മിച്ചതാണെങ്കിലോ ക്ലിക്ക്ബെയ്റ്റ് തംബ്‌നെയിലുകൾ കാഴ്ചകൾക്കായി മാത്രമായി ഉപയോഗിക്കുന്നെങ്കിലോ ആ ചാനലുകൾക്കും പണം ലഭിക്കാനുള്ള സാധ്യത കുറവായിരിക്കാം.അതേസമയം, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് യൂട്യൂബ് ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പിഴകൾ, സസ്‌പെൻഷനുകൾ, സ്ട്രൈക്കുകൾ എന്നിവയെക്കുറിച്ചും ഒരു നിയമവും നിലവിലില്ല. പുതിയ നയം ആധികാരിക ഉള്ളടക്കം ഉറപ്പിക്കുന്നതായുള്ളതാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

ജനറൽ

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഒരു പവൻ 160 രൂപയാണ് വർധിച്ചത്. ഇത് ഒരു പവൻ സ്വർണത്തിന് 72160 രൂപയാണ് വില.ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. 72000 രൂപയായിരുന്നു ഒരു പവൻ സ്വനത്തിന്റെ വില.ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്.

ജനറൽ

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം

കോട്ടയം: ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് എ  രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ  അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവുംകുടിവെളളവും വഴി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ,ഇവിഭാഗങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ശരീരവേദനയോടു കൂടിയ പനി,തലവേദന,ക്ഷീണം,ഓക്കാനം,ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകും. മലിനമായ ജല സ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയുംരോഗം ബാധിച്ചവരുമായിഅടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ ആരംഭിച്ചാല്‍ രോഗബാധ തടയാനാകും. ആഘോഷങ്ങള്‍, വിനോദയാത്ര, ഉത്സവങ്ങള്‍ എന്നീ വേളകളില്‍ ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ * വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം * ആഹാരം കഴിക്കുന്നതിനുമുന്‍പും മലവിസര്‍ജ്ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. * നഖങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കണം. * മലമൂത്രവിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യണം * കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കണം * തിളപ്പിച്ചാറ്റിയ വെളളം  മാത്രം കുടിക്കാന്‍ ഉപയോഗിക്കണം * ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കണം * പഴകിയ ആഹാരം കഴിക്കരുത് * പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം * കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. * സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പുവരുത്തണം * ശുദ്ധത ഉറപ്പില്ലാത്ത ഐസ്‌ക്രീം, സിപ്പ് അപ്പ്, മറ്റ് ശീതളപാനീയങ്ങള്‍ തുടങ്ങിയവ കഴിക്കരുത് രോഗപ്പകര്‍ച്ച തടയാന്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ * രോഗമുള്ളവര്‍ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത് * കുഞ്ഞുങ്ങളെയും പ്രായമായവരെയും പരിചരിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണം * രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത് * കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം * രോഗി പൊതുകുളങ്ങളോ നീന്തല്‍ കുളങ്ങളോ ഉപയോഗിക്കരുത് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജനറൽ

കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട. വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ എണ്ണി പിഴയിടാൻ MVD...

വാഹനങ്ങളുടെ രൂപം അനധികൃതമായി മാറ്റുന്നവർക്ക് 'ഉഗ്രൻ പണി'യുമായി മോട്ടോർവാഹന വകുപ്പ്. കമ്പനി  നിർമിച്ചു വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴയ്ക്കുപുറമെ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം. ബൈക്കുകളില്‍ ഹാൻഡ് ഗ്രിപ്, സീറ്റ് കവർ എന്നിവ മാത്രമേ കൂട്ടിച്ചേർക്കല്‍ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ല. അനുവദിച്ചതിലും വീതിയുള്ള ടയറിനും അനുമതിയില്ല. ഇത് സുരക്ഷിതത്വം കൂട്ടുമെന്നാണ് ധാരണയെങ്കിലും വളവുകളില്‍ ബൈക്ക് മറിയാൻ സാധ്യത കൂടുതലാണെന്ന് എംവിഡി പറയുന്നു. ബൈക്കുകളിലെ റിയർവ്യൂ ഗ്ലാസുകള്‍ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളില്‍ സ്റ്റിക്കർ പതിക്കുന്നതും സുരക്ഷയെ ബാധിക്കും. ബൈക്കുകളില്‍ പിൻസീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള ഗ്രാബ് റെയില്‍, സാരി ഗാർഡ് എന്നിവ നീക്കം ചെയ്യാനും അനുമതിയില്ല. വാഹനങ്ങളുടെ നിറം മാറ്റാം. അക്കാര്യം ആർടി ഓഫീസില്‍ അറിയിക്കുകയും പരിവാഹൻ സൈറ്റില്‍ ഫീസടയ്ക്കുകയും ആർസി ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം. 2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഡീലർമാരുടെ സർവീസ് സെന്റർ എന്നിവയ്ക്കെതിരേയും നടപടി വരും. സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം. ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിഞ്ഞാകും നടപടി സ്വീകരിക്കുക. നിബന്ധനകള്‍ ഇങ്ങനെ • അലോയ് വീലുകള്‍ പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയർന്ന മോഡലുകളുടെ ടയർ ഘടിപ്പിക്കുന്നതിന് തടസ്സമില്ല. • നമ്പർ പ്ലേറ്റ് വായിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം നമ്പർ പ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റാണ്. അതു മാറ്റാൻ പാടില്ല. • ക്രാഷ് ബാറുകള്‍ മുൻവശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. • കൂളിങ് പേപ്പർ വാഹനത്തിന്റെ മുൻപിൻ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍, കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കർ പാടില്ല. • സൈലൻസർ വാഹനങ്ങളില്‍ കമ്പനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലൻസർ മാത്രമേ പാടുള്ളൂ. • സ്റ്റിക്കർ മാധ്യമപ്രവർത്തകർ, ഡോക്ടർ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. സർക്കാരിന്റെ ബോർഡ് അനുവാദമില്ലാതെ വയ്ക്കാൻ പാടില്ല. • ഗ്ലാസുകളില്‍ കർട്ടൻ സർക്കാർ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കർട്ടൻ പാടില്ല. ഇസെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്ക് സെക്യൂരിറ്റിയുടെ ഭാഗമായി കർട്ടൻ ഉപയോഗിക്കാം. • ഹെഡ് ലൈറ്റുകള്‍ 50-60 വാട്സ് വെളിച്ചത്തില്‍ കൂടാൻ പാടില്ല. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്‌ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്. • സീറ്റ് മാറ്റം ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോർ സ്ഥാപിക്കാം. മാറ്റങ്ങള്‍ക്ക് പിഴ ഓരോ മാറ്റത്തിനും 5000 രൂപയാണ് ഉടമസ്ഥൻ പിഴ നല്‍കേണ്ടി വരുക. വാഹന ബോഡിയില്‍നിന്നു പുറത്തേക്കു തള്ളിനില്‍ക്കുന്ന തരത്തിലുള്ള എന്തു ഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇതു ബൈക്കുകള്‍ക്കും ബാധകമാണ്...  

ജനറൽ

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വില കൂടുന്നു.400 മുകളിലാണ് ഇപ്പോഴത്തെ വിലനിലവാരം ഈ രീതിയില്‍ തുടര്‍ന്നാല്‍ വില 500ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.നിലവില്‍ 420 രൂപ വരെയാണ് വെളിച്ചെണ്ണക്ക് കൊടുക്കേണ്ടി വരുന്നത് തേങ്ങയുടെ ദൗര്‍ലഭ്യമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് പറയുന്നത്.  

ജനറൽ

എല്ലാ തവണത്തേയും പോലെ ഇത്തവണയും കോട്ടയം കുമരകം മലരിക്കൽ തിരുവാർപ് പഞ്ചായത്തിൽ ആമ്പൽ പാടങ്ങൾ സന്ദർശകരെ വരവേൽക്കാൻ തയാറായി.

കോട്ടയം : ആമ്പൽ വസന്തത്തിലേക്കു കോട്ടയം,മലരിക്കൽ ചുവടുവച്ചു കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും. 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത്. ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത്. വള്ളത്തിൽ അരമണിക്കൂർ പോയാലാണ് ഇപ്പോൾ കൂടുതൽ ആമ്പൽ കാണാൻ സാധിക്കുന്നത്. മഴക്കാലത്തിനു ശേഷം  ജൂലൈ – ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ കൃഷി സീസൺ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച് നെല്ല് വിതയ്ക്കും. കുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജംക്‌ഷനിൽ എത്തി അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ മലരിക്കൽ എത്താം. അവിടെനിന്നു മുന്നോട്ടുപോയാൽ തിരുവായ്ക്കരി പാടത്തും എത്താം.യാത്രക്ക് മുൻപ് മഴക്കാല മുൻകരുതലുകൾ എടുക്കുവാൻ ശ്രദ്ധിക്കുക

ജനറൽ

ജിയോ പ്രവർത്തനം സ്തംഭിച്ചു, സേവനങ്ങളിൽ തടസ്സം നേരിടുന്നതായി ഉപഭോക്താക്കളുടെ പരാതി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി. ഡൗണ്‍ഡിറ്റക്റ്ററില്‍ സമര്‍പ്പിക്കപ്പെട്ട പരാതികള്‍ മാത്രമാണിത്. ജിയോ സേവനങ്ങളിലെ തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇതിലും ഏറെയായിരിക്കും. ജിയോയുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. കേരളത്തില്‍ ജിയോ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി എക്‌സില്‍ നിരവധി കാണാം. എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.

ജനറൽ

കോവിഡ് വ്യാപനം രൂക്ഷം, പുതിയ വകഭേദം എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദം എക്സ്എഫ്‍ജി (XFG)യും വ്യാപിക്കുകയാണ്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി. കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാടാണ്. 16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.