വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസൻ. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം. 1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

ജനറൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.  പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം. രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസപ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.  

ജനറൽ

തദ്ദേശ തെരഞ്ഞെടുപ്പ്: പി എസ് സി പരീക്ഷാ തീയതികളില്‍ മാറ്റം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ തീയതികളില്‍ മാറ്റം. തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 9, 11 തീയതികളിലും. വോട്ടെണ്ണല്‍ ഡിസംബർ 13 നുമാണ് നടക്കുക. ഇതിനെ തുടർന്ന് ഡിസംബർ 8 മുതല്‍ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റിവച്ചതായി കേരള പി എസ് സി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായിട്ടാണ് നടക്കുക. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ 9 നും, ഡിസംബർ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

ജനറൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മമ്മൂട്ടി നടൻ, ഷംല ഹംസ നടി, മഞ്ഞുമ്മൽ ബോയ്സ് ചിത്രം

തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മഞ്ഞുമ്മൽ ബോയ്‌സ് ഒരുക്കിയ ചിദംബരം ആണ് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തും. സൗബിൻ സാഹിറും സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പങ്കിട്ടു. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവ നടി. മികച്ച ഗായകൻ: കെ.എസ് ഹരിശങ്കർ (എ.ആർ.എം). മികച്ച ഗായിക: സെബ ടോമി (അംഅ). മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം. മികച്ച ഗാനരചയിതാവ്: വേടൻ (മഞ്ഞുമ്മൽ ബോയ്‌സ്-വിയർപ്പു തുന്നിയിട്ട കുപ്പായം). പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ). സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം) മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, ജ്യോതിർമയി, ഫാത്തിമ ഷംല, സുരഭി ലക്ഷ്‌മി എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ജൂറി ചെയർമാനായ പ്രകാശ് രാജും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ജനറൽ

പിടിവിട്ട് സ്വര്‍ണവില; ഇന്നും കുത്തനെ വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11815 രൂപയായി. ഇന്നലെ രാവിലെ സ്വര്‍ണവില 2400 രൂപ വര്‍ധിച്ച് പവന് 94360 രൂപയിലേക്കെത്തിയിരുന്നു. ഉച്ചയായതോടെ 1200 രൂപ കുറഞ്ഞ് പവന് 93,360 രൂപയായി. വൈകുന്നേരമായപ്പോള്‍ വീണ്ടും വര്‍ധിച്ച് ഒരു പവന് 94,120 രൂപ എന്ന നിലയിലേക്കെത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 9697 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിന് 12,889 രൂപയാണ് വില.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്

ജനറൽ

ചരിത്രത്തിൽ ആദ്യമായി 90,000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില. പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് 4000 ഡോളർ മറികടന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലാണ്.

ജനറൽ

സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ്‌ സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവെച്ചു; വ്യാപക പരിശോധന

തിരുവനന്തപുരം: മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എന്നാല്‍ എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് സര്‍ക്കാരുകളും കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന വിലക്കി. മധ്യപ്രദേശ് സര്‍ക്കാര്‍ കോള്‍ഡ്രിഫ് മരുന്നുകളുടെ വില്‍പ്പനയ്‌ക്കൊപ്പം കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങൾക്കും വിലക്കേർപ്പെടുത്തി. മരുന്നില്‍ 48 ശതമാനം വിഷാംശമുള്ള വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. രാജസ്ഥാനില്‍ കോള്‍ഡ്രിഫ് നിരോധിക്കുന്നതിനൊപ്പം ഡ്രഗ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്തു. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നല്‍കിയ ചുമമരുന്ന് കഴിച്ച് ഒരു മാസത്തിനിടെ എട്ട് കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് തമിഴ്‌നാട് കമ്പനിക്കെതിരെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജനറൽ

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർ​ഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൂടാതെ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി