വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അതിശക്തമായ മഴ സാധ്യത: കോട്ടയംജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലെർട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഞായറാഴ്ച (ജൂലൈ 20) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ ജൂലൈ 18, 19(വെള്ളി, ശനി) തിയതികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്.

കോട്ടയം

എരുമേലി മാസ്റ്റർ പ്ലാൻ പ്രാഥമിക പദ്ധതി രേഖ പ്രകാശനം ചെയ്തു

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അതേപോലെതന്നെ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തീർത്ഥാടക സഹായകേന്ദ്രമായ ഇടത്താവളത്തിന്റെ പണിയും അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കൂടാതെ എരുമേലിയിൽ ഡിടിപിസിയുടെ കീഴിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിൽ 1 കോടി രൂപ അനുവദിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഒന്നരക്കോടി രൂപ കൂടി പുനരുദ്ധാരണത്തിന് അനുവദിച്ചിട്ടുണ്ട്. 5 കോടി രൂപ അനുവദിച്ച് BM&BC നിലവാരത്തിൽ എരുമേലിക്ക് പുതിയ ബൈപ്പാസും (ഓരുങ്കൽ കടവ് – കരിമ്പിൻ തോട് റോഡ് ) നിർമ്മിച്ചു. എരുമേലി ടൗണിൽ സ്ഥിതിചെയ്യുന്ന സൗത്ത് വില്ലേജ് ഓഫീസിന് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചു. നിയമ തടസ്സങ്ങൾ പരിഹരിച്ച് ഉദ്ഘാടനത്തിന് സജ്ജമായി വരുന്നു. എരുമേലി ടി.ബി ക്കും 1.70 കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിച്ചു. ഇപ്രകാരമുള്ള വികസന പ്രവർത്തനങ്ങളോടപ്പം എരുമേലി മാസ്റ്റർ പ്ലാനിന് ഒന്നാം ഘട്ടമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഈ തുക ഉപയോഗിച്ച് താഴെപ്പറയുന്ന പ്രവർത്തികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ പുതിയ ശുചിമുറി സമുച്ചയം. തീർത്ഥാടകർക്ക് സ്നാനത്തിനുള്ള പ്രത്യേക ബാത്തിങ് ഏരിയ. ( ഒരേസമയം 260 ഓളം പേർക്ക് കുളിക്കാനുള്ള സൗകര്യം)ഓവർഹെഡ് വാട്ടർ ടാങ്ക്. കൊച്ചമ്പലവും വാവര് പള്ളിയും തമ്മിൽ ബന്ധിപ്പിച്ച് ഫ്ലൈ ഓവർ. കൊച്ചമ്പലത്തിന്റെ പിൻഭാഗത്തുനിന്നും പേരൂർത്തോട് വരെ പരമ്പരാഗത തീർത്ഥാടക പാതയുടെ നവീകരണം. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ 5 റിംഗ് റോഡുകളുടെ വികസനം.(താഴെപ്പറയുന്ന റോഡുകളാണ് റിങ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്): 1.എരുമേലി ബസ് സ്റ്റാൻഡ്- നേർച്ചപ്പാറ – ആനിക്കുഴി- ഉറുമ്പിൽ പാലം റോഡ് 2.ചെമ്പകത്തുങ്കൽ പാലം- ഓരുങ്കൽ കടവ് റോഡ് 3.എം.ടി എച്ച്എസ് – എൻ.എം എൽപിഎസ് -, കാരിത്തോട് റോഡ്4.പാട്ടാളിപ്പടി- കരിങ്കല്ലുംമൂഴി റോഡ് 5.എരുമേലി പോലീസ് സ്റ്റേഷൻ- ബിഎസ്എൻഎൽ പടി -ചരള റോഡ്) മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടിട്ടുള്ള പദ്ധതികളുടെ പ്രാഥമിക രൂപരേഖകൾ ഉൾപ്പെടുത്തിയ പദ്ധതി രേഖ എരുമേലി പഞ്ചായത്ത് ഹാളിൽ വച്ച് പ്രകാശനം ചെയ്തു.

കോട്ടയം

ശുചിത്വ റാങ്കിംഗ്: ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾക്ക് സിംഗിൾ സ്റ്റാർ പദവി

* ദേശീയതലത്തിൽ ശുചിത്വ റാങ്കിംഗ് തിളക്കത്തിൽ ജില്ലയിലെ നഗരസഭകൾ * അഞ്ച് നഗരസഭകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി കോട്ടയം: ദേശീയതലത്തിൽ നഗരസഭകൾക്കുള്ള ശുചിത്വ സർവേയായ സ്വച്ഛ് സർവേഷനിൽ ജില്ലയിൽനിന്ന് ആദ്യമായി സിംഗിൾ സ്റ്റാർ പദവി നേടി ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകൾ. തുറസായ മലമൂത്ര വിസർജ്ജന രഹിത പ്രദേശങ്ങളാക്കി നിലനിർത്തിയതിലൂടെ ജില്ലയിലെ അഞ്ചു നഗരസഭകൾ ഒ.ഡി.എഫ്. പ്ലസ് പദവിയും കരസ്ഥമാക്കി. ശുചിത്വ മിഷനും നഗരസഭകളും സംയുക്തമായി പ്രവർത്തിച്ചതിൽ ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സജീവമായ പ്രവർത്തനവും ചങ്ങനാശ്ശേരി നഗരസഭയിലും കുമരകത്തുമുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനവും റാങ്കിംഗ് മുൻ വർഷത്തേക്കാൾ മെച്ചപ്പെടാൻ കാരണമായി. ഉറവിടമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, എം.സി.എഫ്., മിനി എം.സി.എഫുകൾ, ബോട്ടിൽ ബൂത്തുകൾ, പൊതുശൗചാലയങ്ങൾ, ഹരിതടൗൺ, ഹരിതസ്ഥാപനങ്ങൾ, ഇ-മാലിന്യ ശേഖരണം എന്നിവയും റാങ്കിംഗ് ഉയർത്തി.ചങ്ങനാശ്ശേരി നഗരസഭയിൽ ജൈവമാലിന്യ സംസ്‌കരണത്തിനായി പ്രതിദിനം 30 ടൺ ശേഷിയുള്ള സി.എൻ.ജി. പ്ലാന്റ് സ്ഥാപിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള ഡബിൾ ചേമ്പർ ഇൻസിനറേറ്ററുകൾ, സെപ്റ്റേജ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള എഫ്.എസ്.ടി.പി. പദ്ധതി, ഹരിതകർമസേന വഴി നഗരസഭാതലത്തിൽ ഇ-മാലിന്യം ശേഖരണം മുതലായവയാണ് തുടർന്നുവരുന്ന പ്രവർത്തനങ്ങൾ.

കോട്ടയം

മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോർജ് മുസ്ലീം സമുദായത്തിനെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയത്. ജോർജിനെയും സന്നദ്ധസംഘടനയായ എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനീഷ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാത്തതിനെ തുടർന്നാണ് അനീഷ് കാട്ടാക്കട കോടതിയെ സമീപിച്ചത്

കോട്ടയം

ഈരാറ്റുപേട്ടയിലെ ഗൂഗിൾ പേ കൈക്കൂലി: പ്രതി ജെയേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഈരാറ്റുപേട്ടയിലെ നഗരസഭ ജീവനക്കാരൻ ഗുഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ പ്രതി ജയേഷനെ 14 ദിവസത്തേക്ക് വിജിലൻസ് കോടതി കോട്ടയം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്നലെ നാലു മണിയോടെയാണ് കോട്ടയം വിജിലൻസ് ഒരുക്കിയ കെണിയിൽ ജയേഷിനെ പിടികൂടിയത്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ പെർമിറ്റ് ശരിയാക്കി നൽകുവാൻ 3000 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു

കോട്ടയം

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഏറ്റുമാനൂര്‍ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.വീട്ടില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇരുചക്രവാഹനത്തില്‍ മക്കളുമായി പോയി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയുമായിരുന്നു ജിസ്മോള്‍. ഏപ്രില്‍ 15-നാണ് മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ജിസ്മോളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.എന്നാല്‍, ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ജിസ്മോളെ ഭര്‍തൃവീട്ടുകാര്‍ ദ്രോഹിച്ചത്. ജിസ്മോളും മക്കളും മീനച്ചിലാറിന്റെ തീരത്തേക്ക് പോകുന്നതായി ആരും കണ്ടിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്.

കോട്ടയം

പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു

പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു. കോവൂർ സുഗദമ്മയുടെ വീടാണ് തിങ്കളാഴ്‌ച 12 മണിയോടെ കത്തിനശിച്ചത്. സുഗദമ്മയും മകൻ അനീഷുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരും വീട്ടിലില്ലായിരുന്ന സമയത്താണ് തീ പിടിച്ചത്. വീടിന്റെ കതകും ജനലും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. അടുക്കളയിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന ഇടമല വരെയെത്തിയെങ്കിലും വീടിന് സമീപത്തേയ്ക്ക് ഇവരുടെ വാഹനം ചെല്ലാൻ സാധിക്കാത്തതിനാൽ അപകടത്തിന്റെ വ്യാപ്ത‌ി കൂട്ടി. അര കിലോമീറ്റർ നടന്നാണ് അഗ്നിരക്ഷാ സേനംഗങ്ങൾ സംഭവസ്ഥലത്തെത്തിയത്. ഉച്ചയോടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.ഈരാറ്റുപേട്ട പോലീസും സംഭവം സ്ഥലത്ത് എത്തി.

കോട്ടയം

കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF

കോട്ടയം :കേരളത്തിലെ അരിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം FCI (food corporation of India) യിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ അസി:സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. അന്ന മുട്ടിക്കുന്ന ബിജെപിയെ കേരളം തുടച്ചുനീക്കുമെന്ന് AIYF പ്രഖ്യാപിച്ചു. കേരളത്തിന് അർഹമായ അരി വിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിങ്ങവനം എഫ് സി ഐ ഗോഡൗണിലേക്ക് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.1965 ൽ കേന്ദ്രസർക്കാർ നിയമപരമായി കേരള സ്റ്റാറ്റ്യൂട്ടറി റേഷനിങ് ഉത്തരവിലൂടെ നടപ്പിലാക്കിയ അവകാശമാണ് കേന്ദ്ര സർക്കാർ നിഷേധിക്കുന്നതെന്നും രാഷ്ട്രീയ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള കേന്ദ്രസർക്കാർ നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ പ്രസിഡൻറ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ, AIYF സംസ്ഥാന കൗൺസിൽ അംഗം അജിത്ത് വാഴൂർ, സിപിഐ കോട്ടയം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എബി കുന്നേ പറമ്പിൽ, AISF ജില്ലാ പ്രസിഡൻറ് ജിജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സിപിഐ ചിങ്ങവനം ലോക്കൽ സെക്രട്ടറി രാജീവ് എബ്രഹാം,സന്തോഷ് കൃഷ്ണൻ, ഹരി മോൻ, R രതീഷ്, സച്ചിൻ സദാശിവൻ, ശ്രീജിത്ത് ടി ആർ, ഫസൽ മാടത്താനി, മാത്യൂസ് ദേവസ്യ, ഷാജോ S, ദീപു മോൻ തുടങ്ങിയവർ നേതൃത്വം നൽകി.